Lifestyle

10 രൂപയ്ക്ക് കിട്ടുന്നത് ഐസ്‌ക്രീമോ അതോ ഫ്രോസൻ ഡെസേർട്ടോ? ചെറിയ അക്ഷരത്തിൽ ഒളിപ്പിച്ച് ആ രഹസ്യം

'ഐസ്‌ക്രീം' എന്നും 'ഫ്രോസന്‍ ഡെസേര്‍ട്ട്' എന്നും പറയുന്നത് രണ്ടു വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ്. കാഴ്ചയിലും രുചിയിലും ഒരേപോലെ തോന്നിപ്പിക്കുമെങ്കിലും ഇവ തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്

Madism Desk

കത്തുന്ന വേനല്‍ച്ചൂടില്‍, വഴിവക്കിലെ തട്ടുകടയുടെയോ ബേക്കറിയുടെയോ മുന്നില്‍ ചെന്ന് പത്തു രൂപയുടെ നോട്ട് നീട്ടി ഒരു ഐസ്‌ക്രീം' വാങ്ങി കഴിക്കാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല. കുട്ടിക്കാലം തൊട്ടേ നമ്മുടെ ചുണ്ടിലും മനസ്സിലും മധുരം നിറച്ച ആ പത്തു രൂപയുടെ കുളിര്‍മ. പക്ഷേ, എന്നെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ, ഇന്ന് ഒരു ലിറ്റര്‍ പാലിന് 35 രൂപയിലധികം വിലയുള്ള ഈ നാട്ടില്‍, പാലും പരീക്ഷണങ്ങളുമെല്ലാം കഴിഞ്ഞ്, പാക്കിങ്ങും ട്രാന്‍സ്‌പോര്‍ട്ടേഷനും കടന്ന് ഒരു കഷ്ണം 'ഐസ്‌ക്രീം' നിങ്ങളുടെ കൈകളില്‍ വെറും പത്തു രൂപയ്ക്ക് എങ്ങനെയാണ് എത്തുന്നതെന്ന്?

സത്യം പറഞ്ഞാല്‍, ആ പത്തു രൂപയ്ക്ക് നിങ്ങളുടെ കൈകളില്‍ കിട്ടുന്നത് യഥാര്‍ത്ഥത്തില്‍ ഐസ്‌ക്രീം അല്ല! അമ്പരക്കേണ്ട, ഇതിനു പിന്നില്‍ ഒരു വലിയ ബിസിനസ് രഹസ്യമുണ്ട്.

പാക്കറ്റിനു പിന്നിലെ ഒളിച്ചുകളി

നിങ്ങള്‍ വാങ്ങിയ ആ പത്തു രൂപയുടെ ഐസ്‌ക്രീം കപ്പ് ഒന്നു തിരിച്ചുവെച്ചു നോക്കൂ. അതില്‍ എവിടെയെങ്കിലും 'ഐസ്‌ക്രീം' എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടോ? ഉണ്ടാകില്ല. പകരം വളരെ ചെറിയ അക്ഷരത്തില്‍ ഒരു ബോക്‌സിനുള്ളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടാകും: 'ഫ്രോസന്‍ ഡെസേര്‍ട്ട്'.ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് 'ഐസ്‌ക്രീം' എന്നും 'ഫ്രോസന്‍ ഡെസേര്‍ട്ട്' എന്നും പറയുന്നത് രണ്ടു വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ്. കാഴ്ചയിലും രുചിയിലും ഒരേപോലെ തോന്നിപ്പിക്കുമെങ്കിലും ഇവ തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്. അതിനുകാരണം ഇതില്‍ ചേര്‍ക്കുന്ന കൊഴുപ്പാണ്.

യഥാര്‍ത്ഥ ഐസ്‌ക്രീം ഉണ്ടാക്കുന്നത് പാലില്‍നിന്നും പാല്‍പ്പാടയില്‍നിന്നുമാണ്. എന്നാല്‍ ഡയറി ഫാറ്റിനു വിപണിയില്‍ കിലോഗ്രാമിന് 600 രൂപയ്ക്കു മുകളിലാണ് വില. ഈ കൊഴുപ്പ് വെച്ച് ഒരു ഉല്‍പ്പന്നം ഉണ്ടാക്കി പത്തു രൂപയ്ക്ക് വില്‍ക്കുകയെന്നത് കമ്പനികള്‍ക്കു ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ഇവിടെയാണ് കമ്പനികള്‍ തങ്ങളുടെ മാന്ത്രിക വടി പുറത്തെടുക്കുന്നത്. അവര്‍ പാലിന്റെ കൊഴുപ്പിനു പകരം വിലകുറഞ്ഞ സസ്യ എണ്ണകള്‍ ഉപയോഗിക്കുന്നു. പ്രധാനമായും പാം ഓയില്‍ അല്ലെങ്കില്‍ പാമോലിന്‍. സസ്യ എണ്ണകള്‍ക്കു കിലോഗ്രാമിന് 150 മുതല്‍ 200 രൂപ വരെ മാത്രമേ ചെലവുള്ളൂ. പാലിന്റെ കൊഴുപ്പ് മാറ്റി പകരം സസ്യ എണ്ണ ചേര്‍ക്കുന്ന നിമിഷം അത് നിയമപരമായി 'ഫ്രോസന്‍ ഡെസേര്‍ട്ട്' ആയി മാറുന്നു.

ചുരുക്കത്തില്‍, വില പകുതിയിലധികം കുറക്കാന്‍ ഈ ഒരൊറ്റ ചേരുവ മാറ്റത്തിലൂടെ കമ്പനികള്‍ക്കു സാധിക്കുന്നു. അങ്ങനെയാണ് ഇന്ത്യയിലെ സാധാരണക്കാരനിലേക്ക് 10, 20 നിരക്കുകളില്‍ ഈ മധുരക്കുളിര്‍മ എത്തുന്നത്.

ഇതിന്റെ ചരിത്രം തുടങ്ങുന്നത് 'ലൈസന്‍സ് രാജില്‍'നിന്ന്!

വില കുറയ്ക്കുകയെന്നതു മാത്രമല്ല ഈ ഫ്രോസന്‍ ഡെസേര്‍ട്ടുകള്‍ ഇന്ത്യയില്‍ തരംഗമാകാന്‍ കാരണം. അതിനു പിന്നില്‍ പഴയൊരു കൗതുകകരമായ കഥയുണ്ട്. പണ്ട് ഇന്ത്യയില്‍ ഐസ്‌ക്രീം നിര്‍മാണം ചെറുകിട വ്യവസായങ്ങള്‍ക്കു മാത്രമായി സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. വന്‍കിട വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വന്ന് വലിയ ഫാക്ടറികള്‍ സ്ഥാപിച്ച് ഐസ്‌ക്രീം ഉണ്ടാക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല.

തൊണ്ണൂറുകളില്‍ ഇന്ത്യയിലേക്കു വരാന്‍ കൊതിച്ച 'യൂണിലിവര്‍' പോലുള്ള ആഗോള ഭീമന്മാര്‍ ഈ നിയമത്തെ മറികടക്കാന്‍ കണ്ടെത്തിയ ബുദ്ധിയായിരുന്നു 'ഫ്രോസന്‍ ഡെസേര്‍ട്ട്'. ഇത് ഐസ്‌ക്രീം അല്ലാത്തതുകൊണ്ട് ചെറുകിട നിയമങ്ങളുടെ പരിധിയില്‍ വന്നതുമില്ല, വലിയ ഫാക്ടറികള്‍ തുടങ്ങി ഇന്ത്യയിലുടനീളം വന്‍തോതില്‍ ബിസിനസ് വളര്‍ത്താന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്നു കാണുന്ന പല പ്രമുഖ ബ്രാന്‍ഡുകളും നമ്മുടെ നാട്ടില്‍ താവളമുറപ്പിച്ചത്.

ഏതാണ് നല്ലത്? പാല്‍പ്പാടയോ പാം ഓയിലോ?

പാം ഓയില്‍ അടങ്ങിയ ഫ്രോസന്‍ ഡെസേര്‍ട്ടുകള്‍ ആരോഗ്യത്തിനു ഭീകരമായ ദോഷം ചെയ്യുമെന്ന് പലരും പ്രചരിപ്പിക്കാറുണ്ട്. പ്രശസ്ത ബ്രാന്‍ഡായ അമുല്‍ ഒരിയ്ക്കല്‍ തങ്ങളുടേത് യഥാര്‍ത്ഥ ഐസ്‌ക്രീം ആണെന്നും മറ്റുള്ളവരുടേത് വനസ്പതി ചേര്‍ത്ത ഡെസേര്‍ട്ട് ആണെന്നും കാണിച്ച് വലിയൊരു പരസ്യ യുദ്ധം തന്നെ നടത്തിയിരുന്നു (പിന്നീട് കോടതി ഇത് സ്റ്റേ ചെയ്തു).

എന്നാല്‍ ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത് മറ്റൊരു കഥയാണ്. ഐസ്‌ക്രീം ആയാലും ഫ്രോസന്‍ ഡെസേര്‍ട്ട് ആയാലും അത് കഴിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടത് ഇവ രണ്ടും അമിതമായി പ്രോസസ്സ് ചെയ്ത വിഭവങ്ങളാണെന്നാണ്. വെണ്ണയിലും പാല്‍പ്പാടയിലും അടങ്ങിയിരിക്കുന്ന സാച്ചുറേറ്റഡ് ഫാറ്റിന്റെ അളവ് പാം ഓയിലിനേക്കാള്‍ കൂടുതലാണ് താനും!

നമ്മള്‍ കഴിക്കുന്ന ഉല്‍പ്പന്നത്തില്‍ എത്രത്തോളം പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ടെന്ന് നോക്കുന്നതാണ് ബുദ്ധി
കൂടുതല്‍ ക്രീമിയായ, യഥാര്‍ത്ഥ പാലിന്റെ രുചിയുള്ള ഐസ്‌ക്രീം വേണമെങ്കില്‍ പാക്കറ്റിന് മുന്നില്‍ 'Ice Cream' എന്ന് എഴുതിയവ തിരഞ്ഞെടുക്കാം

അതുകൊണ്ട് പാം ഓയില്‍ ആണോ ഡയറി ഫാറ്റ് ആണോ എന്ന തര്‍ക്കത്തേക്കാള്‍, നമ്മള്‍ കഴിക്കുന്ന ഉല്‍പ്പന്നത്തില്‍ എത്രത്തോളം പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ടെന്ന് നോക്കുന്നതാണ് ബുദ്ധി.

ഇനി ഒരു ബേക്കറിയില്‍ പോകുമ്പോള്‍ നിങ്ങള്‍ കൊടുക്കുന്ന കാശിനു നിങ്ങള്‍ക്ക് എന്താണു കിട്ടുന്നതെന്നു കൃത്യമായി അറിയുക. കൂടുതല്‍ ക്രീമിയായ, യഥാര്‍ത്ഥ പാലിന്റെ രുചിയുള്ള ഐസ്‌ക്രീം വേണമെങ്കില്‍ പാക്കറ്റിന് മുന്നില്‍ 'Ice Cream' എന്ന് എഴുതിയവ തിരഞ്ഞെടുക്കാം. അല്ല, പോക്കറ്റ് ചോരാതെ ഒരു മധുരക്കുളിര്‍മയാണ് ലക്ഷ്യമെങ്കില്‍ ഫ്രോസന്‍ ഡെസേര്‍ട്ടും കഴിക്കാം.