Lifestyle

ഭാരം കുറയ്ക്കാൻ പഞ്ചസാരയ്ക്ക് പകരം ശർക്കരയോ? യാഥാർഥ്യം ഇതാ

വെറും കാലി കലോറി മാത്രമാണ് പഞ്ചസാര ശരീരത്തിന് നൽകുന്നത്.

Madism Desk

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരുടെ ഇടയിൽ എക്കാലത്തും ഉയർന്നു കേൾക്കുന്ന ഒരു സംശയമുണ്ട്, പഞ്ചസാര ഒഴിവാക്കി പകരം ശർക്കര ഉപയോ​ഗിച്ചാൽ തടി കുറയുമോ?. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന പലരും വെളുത്ത പഞ്ചസാര ഉപേക്ഷിച്ച് പകരം ശർക്കര ഉപയോഗിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ കാഴ്ചയാണ്. വെളുത്ത പഞ്ചസാരയേക്കാൾ കൂടുതൽ ആരോഗ്യ ഗുണങ്ങൾ ശർക്കരയ്ക്ക് ഉണ്ടെന്നും ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നുമുള്ള വിശ്വാസമാണ് ഇതിന് പ്രധാന കാരണം.

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ ശർക്കരയെ ഒരു ആരോഗ്യകരമായ മധുരമായി കണക്കാക്കുന്നുണ്ട്. എന്നാൽ ശർക്കര ശരീരഭാരം കുറയ്ക്കാൻ ശരിക്കും സഹായിക്കുമോ എന്നത് പരിശോധിക്കുമ്പോൾ ചില ശാസ്ത്രീയ വശങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

കരിമ്പിൽ നിന്നോ പനങ്കള്ളിൽ നിന്നോ തയ്യാറാക്കുന്ന ഒരു പരമ്പരാ​ഗത മധുരമാണ് ശർക്കര. പഞ്ചസാര നിർമ്മിക്കുന്നത് പോലെയുള്ള കഠിനമായ രാസപ്രക്രിയകളിലൂടെ കടന്നുപോകാത്തതുകൊണ്ട് ഇതിൽ പ്രകൃതിദത്തമായ ​ഗുണങ്ങൾ ഏറെയുണ്ട്. എന്നാൽ കലോറിയുടെ കാര്യത്തിൽ ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല എന്നതാണ് യാഥാർത്ഥ്യം. നൂറ് ​ഗ്രാം ശർക്കരയിൽ 383 കലോറി അടങ്ങിയിരിക്കുമ്പോൾ അത്രയും തന്നെ പഞ്ചസാരയിൽ 387 കലോറിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചസാരയ്ക്ക് പകരം ശർക്കര അമിതമായി കഴിക്കുന്നത് വിപരീത ഫലമേ ഉണ്ടാക്കൂ. ശരീരഭാരം കുറയ്ക്കാൻ നമ്മൾ കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കുക എന്നത് നിർബന്ധമാണ്.

കലോറി ഏതാണ്ട് തുല്യമാണെങ്കിലും ആരോ​ഗ്യപരമായ ​ഗുണങ്ങളുടെ കാര്യത്തിൽ പഞ്ചസാരയേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത് ശർക്കര തന്നെയാണ്. വെളുത്ത പഞ്ചസാര നിരവധി ഘട്ടങ്ങളായുള്ള ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോകുമ്പോൾ അതിലെ പോഷകങ്ങളെല്ലാം നഷ്ടപ്പെടുന്നു. വെറും കാലി കലോറി മാത്രമാണ് പഞ്ചസാര ശരീരത്തിന് നൽകുന്നത്.

എന്നാൽ ശർക്കരയിലെ ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ സുപ്രധാന ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ദൈനംദിന ഉപയോഗത്തിന് പഞ്ചസാരയ്ക്ക് പകരം ശർക്കര തിരഞ്ഞെടുക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. വെളുത്ത പഞ്ചസാരയ്ക്ക് ഒരുതരം അഡിക്ഷൻ സ്വഭാവമുള്ളതുകൊണ്ട് അതിൽ നിന്നും മാറിനിൽക്കുന്നതാണ് എപ്പോഴും ഉചിതം.

ശർക്കര കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കില്ല എന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. ശർക്കരയിലും സുക്രോസ് അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിച്ചാലും രക്തത്തിലെ ഷു​ഗർ ലെവൽ കൂടും. പക്ഷേ, പഞ്ചസാരയെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ പതുക്കെ മാത്രമേ രക്തത്തിൽ കലരുകയുള്ളൂ. പെട്ടെന്നുള്ള ഷുഗർ വ്യതിയാനങ്ങൾ ഒരു പരിധിവരെ തടയാൻ ഇത് സഹായിക്കും. എന്നാലും, ശർക്കര നേരിട്ട് ഭാരം കുറയ്ക്കാൻ ഒരു മാന്ത്രിക മരുന്നല്ല. അമിതമായി കഴിച്ചാൽ പഞ്ചസാരയെപ്പോലെ തന്നെ ശർക്കരയും ശരീരഭാരം കൂട്ടാൻ കാരണമാകും.

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം, ഒരാളുടെ പ്രതിദിന കലോറിയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രമേ ഇത്തരം മധുരങ്ങൾ പാടുള്ളൂ. അതായത് ദിവസവും പരമാവധി ഒന്നോ ഒന്നരയോ ടേബിൾസ്പൂൺ ശർക്കര മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പാക്കറ്റ് ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഉൾപ്പടെയുള്ള മധുരത്തിന്റെ അളവാണിത്. മധുരം കഴിക്കാൻ അമിതമായ ആസക്തി തോന്നുകയാണെങ്കിൽ ശർക്കരയ്‌ക്കോ പഞ്ചസാരയ്‌ക്കോ പകരം ആരോഗ്യകരമായ മറ്റ് വഴികൾ തിരഞ്ഞെടുക്കാവുന്നതാണ്. പഴങ്ങൾ, ഈന്തപ്പഴം, മധുരം ചേർക്കാത്ത തൈര്, നട്സ്, വിത്തുകൾ എന്നിവ കഴിക്കുന്നത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും അതോടൊപ്പം ശരീരത്തിന് വേണ്ട പോഷകങ്ങൾ നൽകാനും സഹായിക്കും.

While jaggery is nutritionally superior to refined white sugar due to its mineral and antioxidant content, it is not a magic solution for weight loss. Both sweeteners contain almost the exact same amount of calories (around 383-387 kcal per 100g). Overconsuming jaggery will lead to weight gain just like sugar. For sustainable weight loss, maintaining a calorie deficit and strict portion control (max 1-1.5 tablespoons daily) is essential. Jaggery is a healthier choice for your overall diet, but it should be consumed in moderation.