വ്യത്യസ്ത സ്വഭാവങ്ങളും ജീവിതരീതികളും ഉള്ളവരാണ് മനുഷ്യരെല്ലാവരും തന്നെ. വിവാഹം കഴിയുമ്പോഴോ ഒന്നിച്ച് താമസം തുടങ്ങുമ്പോഴോ ഒക്കെയാണ് ഈ രീതികൾ മറ്റുള്ളവർക്ക് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് മനസ്സിലാവുക.
ഭക്ഷണക്കാര്യത്തിൽ ഇത്തരത്തിലുള്ള ശീലങ്ങൾ ചിലപ്പോൾ കാര്യമായി തന്നെ പ്രശ്നമുണ്ടാക്കാറുണ്ട്. പങ്കാളിക്ക് ഇഷ്ടമുള്ളത് കൊണ്ടുമാത്രം ഇഷ്ടമില്ലാത്ത ഫുഡ് ഉണ്ടാക്കേണ്ടി വരുന്നതോ, അത് കഴിക്കേണ്ടി വരുന്നതോ ആയ പ്രതിസന്ധികളാവും പലർക്കും പറയാനുണ്ടാവുക. നിസാരമെന്ന് തോന്നുന്ന ഈ കാര്യത്തിൽ വലിയ ബഹളങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. എന്ത് ചെയ്യാനാണ് എന്നോർത്ത് അഡ്ജസ്റ്റ് ചെയ്യുന്നവരും ഏറെയാണ്. എന്നാൽ ഈ വിഷയത്തിൽ യു.കെയിലുള്ള ദമ്പതികൾക്കിടയിൽ ഏറെ പ്രചാരം നേടുന്ന ഒരു ട്രെൻഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
ഫൂഡ് ഡിവോഴ്സ് എന്നാണ് ഈ ട്രെൻഡിന് പേര്. താമസം ഒരു വീട്ടിലാണെങ്കിലും, നിയമപരമായി വിവാഹിതരാണെങ്കിലും ഭക്ഷണമുണ്ടാക്കുക, കഴിക്കുക ഇതൊക്കെ വെവ്വേറെയാകും. അതായത്, ബാക്കിയെല്ലാ കാര്യത്തിലും ഒറ്റക്കെട്ട്, പക്ഷേ ഭക്ഷണക്കാര്യത്തിൽ മാത്രം അപ്‌നാ അപ്‌നാ. യുകെ പ്രസിദ്ധീകരണമായ മെട്രോ ആണ് ഈ രീതിക്ക് ഫൂഡ് ഡിവോഴ്സ് എന്ന് പേരിട്ടത്.
ദമ്പതികൾ തങ്ങളുടെ പങ്കാളിയുമായി വ്യത്യസ്ത ഭക്ഷണരീതികളും ഡയറ്റുകളും പിന്തുടരുമ്പോൾ, വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കാൻ രണ്ടുപേരും വ്യത്യസ്തമായ ഭക്ഷണശീലങ്ങൾ തിരഞ്ഞെടുക്കുന്ന ബന്ധങ്ങളിലെ രീതിയാണിത്. വിവാഹബന്ധം വേർപെടുത്തുക എന്ന അർത്ഥത്തിലല്ല, മറിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം പരസ്പരം വിട്ടു വീഴ്ച ചെയ്യാതെ സ്വന്തം വഴിയേ പോകുക എന്ന ആശയമാണിത്.
എന്തുകൊണ്ടാണ് ഈ ട്രെൻഡ് ആളുകൾക്കിടയിൽ ജനകീയമാകുന്നത്?
വ്യത്യസ്ത ഡയറ്റുകൾ
ഒരാൾ വെജിറ്റേറിയൻ, കീറ്റോ , അല്ലെങ്കിൽ അല്പം ക്രമീകൃതമായ ഡയറ്റ് പിന്തുടരുമ്പോൾ, മറ്റേയാൾ നോൺ-വെജിറ്റേറിയനോ ജങ്ക് ഫൂഡ് ഇഷ്ടപ്പെടുന്നയാളോ ആകാം.
ഭക്ഷണത്തിന്റെ സമയവും അഭിരുചിയും
ഒരാൾക്ക് വൈകുന്നേരം 7 മണിക്ക് അത്താഴം കഴിക്കാനായിരിക്കും താല്പര്യം, എന്നാൽ മറ്റേയാൾക്ക് രാത്രി 10 മണിക്ക് കഴിക്കാനായിരിക്കും ഇഷ്ടം.
ആവശ്യമില്ലാത്ത തർക്കങ്ങൾ ഒഴിവാക്കാൻ
"ഇന്ന് രാത്രി എന്താണ് ഉണ്ടാക്കേണ്ടത്/കഴിക്കേണ്ടത്?" എന്ന ചോദ്യവും അതിനെച്ചൊല്ലിയുള്ള ചർച്ചകളും പലപ്പോഴും പങ്കാളികൾക്കിടയിൽ ചെറിയ പിണക്കങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാൻ രണ്ടാളും അവരവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കുകയോ ഓർഡർ ചെയ്യുകയോ ചെയ്യുന്നു.
ആരോഗ്യപരമായ മുൻഗണനകൾ
പങ്കാളികളിലൊരാൾ ഭാരം കുറയ്ക്കാനോ മറ്റ് ആരോഗ്യപരമായ കാരണങ്ങൾക്കോ വേണ്ടി പ്രത്യേക ഭക്ഷണരീതിയിലായിരിക്കുമ്പോൾ, അത് മറ്റേയാളുടെ മേൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ഈ രീതി സഹായിക്കുന്നു.
എങ്ങനെ പ്രാക്ടിക്കലാകുന്നു?
വേവ്വേറെ പാചകവും ഓർഡറിംഗും: ഒരാൾ തനിക്കുള്ള ഭക്ഷണം സ്വയം പാചകം ചെയ്യുകയോ ഓർഡർ ചെയ്യുകയോ ചെയ്യുന്നു; പങ്കാളി മറ്റൊരു ഭക്ഷണവും കഴിക്കുന്നു.
നിർബന്ധങ്ങളില്ലാത്ത ഭക്ഷണം: ഒരുമിച്ച് ഒരേ മേശയിലിരുന്ന് കഴിച്ചാലും, പാത്രത്തിലുള്ള ഭക്ഷണം വ്യത്യസ്തമായിരിക്കും.
ആഴ്ചയിൽ ചില പ്രത്യേക ദിവസങ്ങൾ
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം (ഉദാഹരണത്തിന് ഞായറാഴ്ചകളിലെ ചായയോ ഡിന്നറോ) ഒരേ ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുകയും, ബാക്കി ദിവസങ്ങളിൽ അവരവരുടെ ഡയറ്റ് പിന്തുടരുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, ഭക്ഷണത്തിന്റെ പേരിൽ പരസ്പരം വഴക്കിടാതെ, ഓരോരുത്തരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തെയും വ്യക്തിപരമായ താല്പര്യങ്ങളെയും മാനിച്ചുകൊണ്ട് ബന്ധം കൂടുതൽ സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു പ്രായോഗിക വഴിയായാണ് പല ദമ്പതികളും ഫൂഡ് ഡിവോഴ്സിനെ കാണുന്നത്.
Everyone has different personalities and lifestyles. It is often only after marriage or moving in together that people realize just how difficult some of these habits can be for others.
Food preferences are one area where such differences can become a real source of conflict. Many people have stories about having to cook meals they do not like simply because their partner prefers them, or being expected to eat food they dislike. What may seem like a trivial issue often leads to major arguments. While some couples make a big deal out of it, many others simply choose to adjust and live with it. However, a trend that has become increasingly popular among couples in the UK is now sparking discussion on social media for offering a different approach to this very issue.