Lifestyle

പുതിയ സ്കിൻ കെയർ ഉപയോഗിക്കുമ്പോൾ മുഖക്കുരു വരാറുണ്ടോ? 'സ്കിൻ പർജിങ്' ആണോ എന്ന് തിരിച്ചറിയാം

ചർമ്മം പുതിയ ഉത്പന്നവുമായി പൊരുത്തപ്പെടുന്നതോടെ ഈ കുരുക്കൾ തനിയെ മാറിക്കോളും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത

Madism Desk

പുതിയ സ്കിൻ കെയർ പ്രൊഡക്റ്റുകൾ ഉപയോ​ഗിക്കാൻ തുടങ്ങുമ്പോൾ ചിലരുടെ മുഖത്ത് പെട്ടെന്ന് കുരുക്കൾ വരാറുണ്ട്. എന്നാൽ ഇത് ചർമ്മം ആ ഉത്പന്നത്തോട് പൊരുത്തപ്പെടുന്നതിന്റെ ഭാ​ഗമായി ഉണ്ടാകുന്ന സ്കിൻ പർജിങ് ആണോ, അതോ ചർമ്മത്തിന് യോജിക്കാത്തത് കൊണ്ട് ഉണ്ടാകുന്ന സാധാരണ മുഖക്കുരു അഥവാ ബ്രേക്ക്ഔട്ട് ആണോ എന്ന് പലർക്കും തിരിച്ചറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ ആ ഉത്പന്നം പിന്നീട് ഉപയോ​ഗിക്കണോ അതോ നിർത്തണോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടാകാറുണ്ട്.

ചില പ്രത്യേക സ്കിൻ കെയർ പ്രൊഡക്റ്റുകൾ ഉപയോ​ഗിക്കുമ്പോൾ ചർമ്മത്തിലെ പുതിയ കോശങ്ങൾ ഉണ്ടാകുന്ന പ്രക്രിയ വേ​ഗത്തിലാവുകയും, ചർമ്മത്തിനടിയിലുള്ള എണ്ണമയവും മൃതകോശങ്ങളും വേഗത്തിൽ പുറത്തേക്ക് വരികയും ചെയ്യും. ഇതിന്റെ ഫലമായി മുഖത്ത് കുരുക്കളും ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ഉണ്ടാകുന്നതിനെയാണ് സ്കിൻ പർജിങ് എന്ന് പറയുന്നത്.

റെറ്റിനോൾ പോലെയുള്ള റെറ്റിനോയിഡുകൾ, സാലിസിലിക് ആസിഡ്, ​ഗ്ലൈക്കോളിക് ആസിഡ് തുടങ്ങിയവ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുമ്പോഴാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ, ഇത് തികച്ചും താൽക്കാലികമായ ഒരു പ്രതിഭാസമാണ്. ചർമ്മം പുതിയ ഉത്പന്നവുമായി പൊരുത്തപ്പെടുന്നതോടെ ഈ കുരുക്കൾ തനിയെ മാറിക്കോളും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല, നിങ്ങൾക്ക് സാധാരണയായി മുഖത്ത് കുരുക്കൾ വരാറുള്ള അതേ ഭാഗങ്ങളിൽ തന്നെയായിരിക്കും പർജിങ് സമയത്തും കുരുക്കൾ ഉണ്ടാകുന്നത്. പുതിയ ഉത്പന്നം ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ ഈ മാറ്റങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യും.

എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് സാധാരണയായി ഉണ്ടാകുന്ന മുഖക്കുരു അഥവാ ബ്രേക്ക്ഔട്ട്. ചർമ്മത്തിലെ സുഷിരങ്ങളിൽ അമിതമായ എണ്ണമയവും അഴുക്കും മൃതകോശങ്ങളും അടിഞ്ഞുകൂടി തടസ്സം സൃഷ്ടിക്കപ്പെടുമ്പോഴാണ് ബ്രേക്ക്ഔട്ട് ഉണ്ടാകുന്നത്. ഇതിന് ഏതെങ്കിലും പുതിയ ഉത്പന്നങ്ങൾ ഉപയോ​ഗിക്കണം എന്ന് നിർബന്ധമില്ല. യാതൊരു കാരണവുമില്ലാതെയും ഇവ വരാം. മുഖത്ത് എവിടെ വേണമെങ്കിലും വലിയതും വേദനയുള്ളതും പഴുപ്പുള്ളതുമായ കുരുക്കൾ വരുന്നത് ഇതിന്റെ ലക്ഷണമാണ്. സ്കിൻ പർജിങ് പോലെ ഇവ തനിയെ മാറണമെന്നില്ല. ഇതിന് കൃത്യമായ കാരണം കണ്ടെത്തി ചികിത്സ നൽകേണ്ടത് ആവശ്യമായി വന്നേക്കാം.

അതുകൊണ്ട് തന്നെ പുതിയ ഒരു ഉത്പന്നം ഉപയോ​ഗിക്കുമ്പോൾ മഖത്ത് കുരുക്കൾ വന്നാൽ ഉടൻ തന്നെ ആ ഉത്പന്നം മോശമാണെന്നോ ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നുണ്ടെന്നോ കരുതരുത്. റെറ്റിനോൾ അല്ലെങ്കിൽ മറ്റ് എക്സ്ഫോളിയേറ്റിങ് ഉത്പന്നങ്ങൾ ഉപയോഗിച്ചു തുടങ്ങുമ്പോൾ തുടക്കത്തിൽ ഇത്തരം കുരുക്കൾ വരുന്നത് തികച്ചും സ്വാഭാവികമാണ്. അതിനാൽ കുരുക്കൾ വരുമ്പോൾ തന്നെ പേടിച്ച് പെട്ടെന്ന് അവയുടെ ഉപയോഗം നിർത്തരുത്. പകരം, ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് അത് പർജിങ് ആണോ അതോ ബ്രേക്ക്ഔട്ട് ആണോ എന്ന് ഉറപ്പുവരുത്തി ശരിയായ ഉപദേശം തേടുകയാണ് ചെയ്യേണ്ടത് എന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

When trying a new skincare product, you might experience either 'skin purging' or a regular breakout. Dermatologist Dr. Praveen Bharadwaj explains that purging is a temporary reaction to active ingredients (like retinoids or acids) that speed up cell turnover, causing underlying impurities to surface in your usual acne spots. It clears up as your skin adjusts. In contrast, regular breakouts result from clogged pores due to excess oil and dead skin, can occur anywhere, and often require targeted treatment. Experts advise not to panic and stop using a new product immediately without understanding if it is just a temporary purge.