നമ്മുടെ മുറ്റത്തെ ചെറിയ വെള്ളക്കെട്ടുകളിലോ പക്ഷിത്തൊട്ടികളിലോ വന്ന് ചിറകിട്ടടിച്ച് കുളിക്കുന്ന പക്ഷികൾ എപ്പോഴെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഒറ്റ നോട്ടത്തിൽ ഇത് വെറുമൊരു കളിയായോ ശരീരം വൃത്തിയാക്കലോ ആണെന്ന് തോന്നാം. എന്നാൽ പക്ഷികളെ സംബന്ധിച്ചിടത്തോളം കുളി എന്നത് അതിനുമപ്പുറമാണ്.
തൂവലുകളുടെ സംരക്ഷണം, ചൂട് ക്രമീകരിക്കൽ, മൊത്തത്തിലുള്ള ആരോഗ്യം ഇതിനെല്ലാം അത് അത്യന്താപേക്ഷിതമാണ്. 'ഇന്ത്യയിലെ ഗട്ലി മാൻ' (Gutli Man of India) എന്നറിയപ്പെടുന്ന ജസ്മിത് സിങ് അറോറയുടെ വാക്കുകളിൽ പറഞ്ഞാൽ, പക്ഷികൾക്ക് സുഗമമായി പറക്കാനും ശരീരതാപം നിലനിർത്താനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനും ആരോഗ്യമുള്ള തൂവലുകൾ കൂടിയേ തീരൂ.
തൂവലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക്, പൊടി, ചെള്ള് തുടങ്ങിയവ അകറ്റാനാണ് പക്ഷികൾ പ്രധാനമായും വെള്ളത്തിലിറങ്ങുന്നത്. തൂവലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉണങ്ങിയ ചെളി, പൂമ്പൊടി, മറ്റ് മാലിന്യങ്ങൾ എന്നിവയെ മൃദുവാക്കാൻ വെള്ളത്തിന് കഴിയും. ഇതുവഴി ഇവയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുമെന്ന് അറോറ വ്യക്തമാക്കുന്നു. പേൻ, ചെള്ള് തുടങ്ങിയ ജീവികളെ കൊക്കുകൾ ഉപയോഗിച്ചാണ് പക്ഷികൾ പുറത്താക്കുന്നത്. കുളിച്ചതിനുശേഷം പക്ഷികൾ അവയുടെ തൂവലുകൾ കൊത്തിയൊതുക്കുകയും, ശരീരത്തിലെ പ്രീൻ ഗ്രന്ഥിയിൽ നിന്നുള്ള സ്വാഭാവിക എണ്ണ തൂവലുകളിലാകെ പുരട്ടുകയും ചെയ്യുന്നു.
എന്നാൽ, എല്ലാ പക്ഷികളും ഒരേ രീതിയിലല്ല വൃത്തിയാക്കുന്നത്. ഇനങ്ങൾക്ക് അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ട്. പാട്ടുപാടുന്ന ഭൂരിഭാഗം പക്ഷികളും ആഴം കുറഞ്ഞ വെള്ളത്തിലിറങ്ങി ചിറകടിച്ചാണ് കുളിക്കുന്നത്. എന്നാൽ വെള്ളത്തിന് പകരം പൊടിയിൽ കുളിക്കുന്നവരുമുണ്ട്. കുരുവികളും കാടകളും ഇതിന് ഉദാഹരണമാണ്. നേർത്തതും ഉണങ്ങിയതുമായ മണ്ണിൽ കിടന്നുരുളുന്നതിലൂടെ ശരീരത്തിലെ അധിക എണ്ണമയം നീക്കം ചെയ്യാനും പരാദങ്ങളെ നിയന്ത്രിക്കാനും ഇവർക്ക് കഴിയുന്നു. ഇതിനെല്ലാം പുറമെ ആന്റിങ് എന്ന കൗതുകകരമായ മറ്റൊരു രീതിയും ചില പക്ഷികൾക്കിടയിലുണ്ട്. ഉറുമ്പുകളെ പിടിച്ച് സ്വന്തം തൂവലുകളിൽ ഉരസുന്ന രീതിയാണിത്. ഉറുമ്പുകളുടെ ശരീരത്തിലുള്ള ഫോർമിക് ആസിഡിനെ ഒരു പ്രകൃതിദത്ത കീടനാശിനിയായി ഉപയോഗിക്കുകയാണ് പക്ഷികൾ ഇതിലൂടെ ചെയ്യുന്നത്.
വേനൽക്കാലത്ത് ശരീരതാപനില ക്രമീകരിക്കുന്നതിലും ഈ കുളി നിർണായക പങ്കുവഹിക്കുന്നുണ്ട്. തൂവലുകളിലെ നനവ് ബാഷ്പീകരിക്കപ്പെടുമ്പോൾ അത് ശരീരത്തിലെ അധിക ചൂട് വലിച്ചെടുക്കുകയും കൊടുംചൂടുള്ള സാഹചര്യങ്ങളിൽ പക്ഷികൾക്ക് വലിയ ആശ്വാസം നൽകുകയും ചെയ്യുന്നു.
ഇതിനെല്ലാം പുറമെ, തൂവലുകളുടെ സൂക്ഷ്മഘടന നിലനിർത്തുന്നതിനും കുളി അനിവാര്യാമാണ്. തൂവലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബാർബ്യൂളുകൾ എന്നറിയപ്പെടുന്ന ചെറിയ കൊളുത്തുകളെ കൃത്യമായി ക്രമീകരിക്കാൻ വെള്ളം സഹായിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രക്രിയയിലൂടെ തൂവലുകളുടെ ജലത്തെ പ്രതിരോധിക്കാനുള്ള ശേഷിയും, ചൂടുനിലനിർത്താനുള്ള കഴിവും, പറക്കാനുള്ള കാര്യക്ഷമതയും വീണ്ടെടുക്കാൻ പക്ഷികൾക്ക് കഴിയുന്നു. കാറ്റിനെ കീറിമുറിക്കാൻ സഹായിക്കുന്ന മിനുസമാർന്ന ഒരു പ്രതലം സൃഷ്ടിക്കാനും ഇത് സഹായിക്കും.
അതേസമയം, കൃത്യമായ സമയങ്ങളിൽ കുളിക്കാനോ വൃത്തിയാക്കാനോ ഉള്ള സാഹചര്യങ്ങൾ ലഭിക്കേണ്ടത് പക്ഷികളുടെ നിലനിൽപ്പിന് തന്നെ അത്യാവശ്യമാണ്. ഇതിന് കഴിഞ്ഞില്ലെങ്കിൽ അത് പക്ഷികളുടെ ജീവന് തന്നെ ഭീഷണിയാകും. തുടർച്ചയായി വെള്ളമോ പൊടിയോ ലഭിക്കാത്ത സാഹചര്യങ്ങളിൽ തൂവലുകൾ അഴുക്കുപിടിച്ച് വിരൂപമാകുകയും, അവയുടെ സുപ്രധാനമായ വാട്ടർപ്രൂഫിങ്, ഇൻസുലേഷൻ ശേഷികൾ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകൾ പക്ഷികളെ അമിതമായ ചൂടിലേക്കോ കൊടും തണുപ്പിലേക്കോ തള്ളിവിടും. കൂടാതെ, ശരീരത്തിൽ പെരുകുന്ന പരാദങ്ങൾ ചർമ്മരോഗങ്ങൾക്കും കടുത്ത സമ്മർദ്ദത്തിനും കാരണമാകുമ്പോൾ, കേടുപാടുകൾ സംഭവിച്ച തൂവലുകൾ അവയുടെ പറക്കൽ ശേഷിയെ തന്നെ ഇല്ലാതാക്കുന്നു.
അതുകൊണ്ട്, അടുത്ത തവണ നമ്മുടെ മുറ്റത്തെ ചെറിയ വെള്ളക്കെട്ടുകളിലോ പക്ഷിത്തൊട്ടികളിലോ വന്ന് ചിറകടിച്ച് കുളിക്കുന്ന ഒരു പക്ഷിയെ കാണുമ്പോൾ ഓർക്കുക, അത് വെറുതെ ശരീരം തണുപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, പറക്കാനും ജീവൻ നിലനിർത്താനും സഹായിക്കുന്ന തൂവലുകളുടെ സംരക്ഷണത്തിനായുള്ള അതിജീവനത്തിന്റെ പോരാട്ടമാണത്.
Bathing is not just a recreational activity for birds; it is a crucial survival mechanism. According to Jasmit Singh Arora (the 'Gutli Man of India'), bathing helps birds remove parasites, dirt, and excess oil, while allowing them to realign their feather barbs for optimal flight. Whether through water baths, dust baths, or 'anting', this behavior is essential for maintaining feather waterproofing, regulating body temperature, and preventing fatal conditions like hypothermia or overheating.