ഡേറ്റിങ് ലോകത്ത് ട്രെന്‍ഡിങ്ങായി 'വൈല്‍ഡ്ഫ്‌ളവറിങ്'. അനാരോഗ്യകരമായ ഡേറ്റിങ് രീതികളില്‍ നിന്ന് വ്യത്യസ്തമായി, ഒരു ബന്ധം യാതൊരു സമ്മര്‍ദവുമില്ലാതെ സ്വാഭാവികമായി വളരാന്‍ അനുവദിക്കുകയാണ് ഈ രീതിയുടെ ലക്ഷ്യം. കാട്ടുപൂക്കള്‍ ആരുടെയും നിര്‍ദേശമോ സമ്മര്‍ദമോ ഇല്ലാതെ, അവയുടെ സമയമാകുമ്പോള്‍ സ്വാഭാവികമായി വിരിയുന്നതുപോലെ, ഒരു ബന്ധവും തിടുക്കമില്ലാതെ പതിയെ വളരാന്‍ അവസരം നല്‍കണമെന്നാണ് ഈ ട്രെന്‍ഡ് പറയുന്നത്. വിശ്വാസവും സ്‌നേഹവും പരസ്പരം മനസ്സിലാക്കാനും വളരാനും സമയം ആവശ്യമാണ് എന്നതാണ് 'വൈല്‍ഡ്ഫ്‌ളവറിങ്' മുന്നോട്ടുവയ്ക്കുന്ന ആശയം. ഡേറ്റിങ് ആപ്പായ ബംബിൾ ആണ് ഈ രീതി അവതരിപ്പിച്ചത്.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇത്തരം സമീപനം വൈകാരിക അടുപ്പവും വിശ്വാസവും കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും. പെട്ടന്ന് തീരുമാനങ്ങള്‍ എടുക്കുന്നതിന് പകരം, പരസ്പര പൊരുത്തം മനസ്സിലാക്കാനുള്ള അവസരമാണ് ഇത് നല്‍കുന്നത്. എന്നാല്‍ ഈ രീതിക്ക് ചില പരിമിതികളുമുണ്ട്. ബന്ധത്തില്‍ ഒരാള്‍ 'വൈല്‍ഡ്ഫ്‌ലവറിങ്' എന്ന പേരില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിയാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരിയായ ആശയവിനിമയം ഇല്ലാതിരിക്കുകയോ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയോ ചെയ്യാനുള്ള ഉപാധിയായി ഈ ട്രെന്‍ഡ് ഉപയോഗിക്കരുതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ ഒരു ബന്ധത്തില്‍ ഇരുവരും തങ്ങളുടെ പ്രതീക്ഷകളും വികാരങ്ങളും തുറന്ന് പങ്കുവെക്കേണ്ടത് വളരെ പ്രധാനമാണ്.
പരസ്പര ബഹുമാനവും വിശ്വാസവും സത്യസന്ധമായ ആശയവിനിമയവും നിലനില്‍ക്കുമ്പോഴാണ് 'വൈല്‍ഡ്ഫ്‌ലവറിങ്' എന്ന സമീപനം ഒരു ബന്ധത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. അതിനാല്‍, ഈ രീതിയില്‍ മുന്നോട്ട് പോകുന്നവര്‍ തുടക്കത്തില്‍ തന്നെ ചില കാര്യങ്ങളില്‍ വ്യക്തത കൈവരിക്കേണ്ടത് പ്രധാനമാണ്. ഇരുവരും ഈ ആശയത്തെ എങ്ങനെ കാണുന്നു, ബന്ധം എത്രത്തോളം പ്രാധാന്യമുള്ളതാണ്, പ്രതീക്ഷകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളില്‍ തുറന്ന ആശയവിനിമയം നിലനിര്‍ത്തണം. പരസ്പര ബഹുമാനവും വിശ്വാസവും സത്യസന്ധമായ ആശയവിനിമയവുമാണ് ആരോഗ്യകരമായ ബന്ധത്തിന്റെ അടിത്തറയെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
wildflowering is a new dating trend that encourages people to let relationships develop naturally instead of rushing into commitments. Inspired by the way wildflowers bloom in their own time, the approach emphasizes patience, open communication, trust, and mutual understanding. While it can help build healthier and more meaningful relationships, experts also caution that it should not be used as an excuse to avoid commitment or honest conversations.