Crime

'പൊന്നമ്മയുടെ മൃതദേഹം ഒന്നുപോയി കാണൂ'; പൊലീസിന് അജ്ഞാത സന്ദേശം, കണ്ടെത്തിയത് കൊലപ്പെടുത്തി മോര്‍ച്ചറിയില്‍ സൂക്ഷിച്ച അമ്മയുടെ മൃതദേഹം

അമ്മയെ മര്‍ദിച്ചുകൊന്ന് മകനും സുഹൃത്തായ യുവതിയും ചേര്‍ന്ന് മൃതദേഹം മോര്‍ച്ചറിയില്‍ കൊണ്ടുപോയി സൂക്ഷിക്കുകയായിരുന്നു

Madism Desk

മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച വയോധികയുടെ മരണം കൊലപാതകം. പൊലീസിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന നടത്തിയ അന്വേഷണമാണ് കേസിനെ വഴിത്തിരിവിലേക്ക് നയിച്ചത്. കടപ്ര കാഞ്ഞിരംനില്‍ക്കുന്നതില്‍ പൊന്നമ്മ തോമസിന്റെ (75) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. അമ്മയെ മര്‍ദിച്ചുകൊന്ന് മകനും സുഹൃത്തായ യുവതിയും മൃതദേഹം മോര്‍ച്ചറിയില്‍ കൊണ്ടുപോയി സൂക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ പൊന്നമ്മ തോമസിന്റെ മകന്‍ ടിജോ തോമസിനെയാണ് (35) വ്യാഴാഴ്ച വൈകീട്ട് കോയിപ്രം പോലീസ് അറസ്റ്റുചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു അറസ്റ്റ്. ടിജോയുടെ സുഹൃത്താണ് അറസ്റ്റിലായ ശക്തികുളങ്ങര കാവനാട് കിണറുവിളവടക്കേതില്‍ വീട്ടില്‍ റിന്‍സി മോള്‍ (37).

തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കാണ് പൊന്നമ്മ തോമസിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ടിജോയും റിന്‍സിമോളും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ ഇടപെട്ട പൊന്നമ്മ തോമസിനും മര്‍ദനമേല്‍ക്കുകയായിരുന്നു. ബോധരഹിതയായ പൊന്നമ്മയെ ടിജോ കട്ടിലില്‍ എടുത്തുകിടത്തി. ചൊവ്വാഴ്ച രാവിലെ പൊന്നമ്മയെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം പൊന്നമ്മ മരിച്ച നിലയില്‍ ആയിരുന്നു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയില്‍ ഒരുദിവസം സൂക്ഷിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് തിരുവല്ല ഡിവൈ.എസ്.പി. പി.ആര്‍. സന്തോഷിനും കോയിപ്രം എസ്.എച്ച്.ഒ. പങ്കജ് കൃഷ്ണനും അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നത്. 30 സെക്കന്‍ഡ് മാത്രം തുടര്‍ന്ന കോളില്‍, പൊന്നമ്മയുടെ മൃതശരീരം ഒന്നുപോയി കാണൂ എന്നായിരുന്നു ആവശ്യം. ഇതിന് ശേഷം നമ്പര്‍ ഫോണ്‍ സ്വിച്ചോഫ് ആയി. തുടര്‍ന്ന് കായിപ്രം എസ്.എച്ച്.ഒ ആശുപത്രിയിലെത്തി മൃതദേഹം പരിശോധിക്കുകയായിരുന്നു. ഈ സമയം പൊന്നമ്മയുടെ ദേഹം മുഴുവന്‍ പരിക്കും കൈക്ക് ഒടിവും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ടിജോ നല്‍കിയ പരസ്പരവിരുദ്ധമായ മറുപടികള്‍ സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇതിനിടെ റിന്‍സിമോളോടും വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. കട്ടിലില്‍ കിടത്തിയ പൊന്നമ്മയുടെ മുഖത്ത് ടിജോ തലയണവെച്ച് അമര്‍ത്തുന്നത് കണ്ടതായി റിന്‍സിമോള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കേസിൽ ദുരൂഹത വര്‍ധിച്ചതോടെയാണ് കീഴ്വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍ ടിജോയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിന്‍സിമോള്‍ ഇയാളോടൊപ്പമാണ് താമസിക്കുന്നത്.

An elderly woman who was brought to the hospital dead was found to have been murdered. The investigation took a turn after police received an anonymous phone call. The deceased was identified as 75-year-old Ponnamma Thomas of Kanjiramnilkunnathil, Kadapra.

Her son and his female friend allegedly beat her to death and later took her body to the mortuary and kept it there. Police arrested her son, 35-year-old Tijo Thomas, on Thursday evening. The arrest was made based on the findings of the post-mortem report, following instructions from District Police Chief R. Anand.

Tijo’s friend, 37-year-old Rinsy Mol of Kinaruvilavadakkethil House, Kavanad, Shakthikulangara, has also been arrested.