Crime

പുറത്തുനിന്നുള്ള ഷൂട്ടര്‍മാര്‍ മുതല്‍ സോഷ്യല്‍ മീഡിയ റിക്രൂട്ട്മെന്റ് വരെ; മുംബൈ അധോലോകത്തിന്റെ പുതിയ പാത

കള്ളക്കടത്ത്, വ്യാജമദ്യം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് മുംബൈയിലെ അധോലോകം വളര്‍ന്നത്. 1980-കളോടെ ഗ്യാങ്ങുകള്‍ തമ്മിലുള്ള വൈരങ്ങള്‍ തീര്‍ക്കാന്‍ വെടിവെപ്പുകള്‍ പതിവായി

Madism Desk

മുംബൈ നഗരത്തില്‍ നടക്കുന്ന പ്രമുഖര്‍ക്ക് നേരെയുള്ള വെടിവെപ്പ് സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പൊലീസിനെ എത്തിക്കുന്നത് ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാറിലേക്കാണ്. കരാര്‍ ക്വട്ടേഷനുകള്‍ നടപ്പാക്കാന്‍ വേണ്ടി മാത്രമായി റിക്രൂട്ട് ചെയ്യപ്പെടുന്നവരാണ് ഇത്തരം ചെറുപ്പക്കാര്‍. ജുഹുവില്‍ വെച്ച് നടന്‍ ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ നടന്ന വെടിവെപ്പ് ഇത്തരം കരാര്‍ ഷൂട്ടര്‍മാരെ കുറിച്ചുള്ള ചോദ്യങ്ങളെ വീണ്ടും മുന്‍നിരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ടൈഗര്‍ ഷ്രോഫിനെ ഷൂട്ട് ചെയ്ത മൂന്നുപേരെ രാജസ്ഥാനിലെ കോട്ടയില്‍ നിന്നു അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ ഹരിയാനയില്‍ നിന്നുള്ളവരും മൂന്നാമന്‍ മുംബൈയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയുമാണ്. 17 മുതല്‍ 22 വരെ പ്രായമുള്ളവരാണ് പ്രതികള്‍. ഇവരെ എങ്ങനെയാണ് റിക്രൂട്ട് ചെയ്തതെന്നും ആരാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും ഏതെങ്കിലും പ്രമുഖ ഗ്യാങ്ങുമായി ഇതിന് ബന്ധമുണ്ടോ എന്നും ഇനിയും കണ്ടെത്തേണ്ടതുണ്ട്.

നഗരത്തിന്റെ സ്വന്തം തോക്കുധാരികള്‍

കള്ളക്കടത്ത്, വ്യാജമദ്യം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് മുംബൈയിലെ അധോലോകം വളര്‍ന്നത്. 1980-കളോടെ ഗ്യാങ്ങുകള്‍ തമ്മിലുള്ള വൈരങ്ങള്‍ തീര്‍ക്കാന്‍ വെടിവെപ്പുകള്‍ പതിവായി. തോക്കുധാരികള്‍ പലപ്പോഴും തങ്ങള്‍ സേവിച്ചിരുന്ന ഗ്യാങ് തലവന്‍മാരുടെ അതേ പ്രദേശങ്ങളില്‍ നിന്നും ക്രിമിനല്‍ ശൃംഖലകളില്‍ നിന്നും ഉയര്‍ന്നുവന്നവരായിരുന്നു. മുംബൈയുടെ അധോലോകത്തിന് ഒരുകാലത്ത് സ്വന്തമായി ഒരു തോക്കുധാരി നിര തന്നെയുണ്ടായിരുന്നു. മായാ ദോളസ്, ഫിറോസ് കൊങ്കണി തുടങ്ങിയ പേരുകള്‍ നഗരത്തിലെ ഗ്യാങ് വൈരങ്ങളുടെയും ടാര്‍ഗെറ്റഡ് കൊലപാതകങ്ങളുടെയും പര്യായങ്ങളായിരുന്നു.

മായാ ദോളസ് കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലെ അശോക് ജോഷിയുടെ ഗ്യാങ്ങിലൂടെയാണ് ക്രിമിനല്‍ രംഗത്തേക്ക് വരുന്നത്. പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1991-ലെ ലോകണ്ഡ്വാല ഷൂട്ട്ഔട്ടിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. 1983-ല്‍ പത്താന്‍ ഗ്യാങ്ങ് അംഗമായ അമീര്‍സാദ നവാബ് ഖാനെ സെഷന്‍സ് കോര്‍ട്ടിനുള്ളില്‍ വെച്ച് വെടിവെച്ചുകൊന്ന 20-കാരനായ ഡേവിഡ് പര്‍ദേശി, ഫിറോസ് കൊങ്കണി, താന്യ കോളി തുടങ്ങിയവരെല്ലാം നഗരത്തിലെ പ്രാദേശിക വൈര ഗ്യാങ്ങുകളുടെ ഭാഗമായിരുന്നവരാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെ പ്രത്യേക ഓപ്പറേഷനുകള്‍ക്കായി ഗ്യാങ്ങുകള്‍ മുംബൈയിലേക്ക് കൊണ്ടുവരുന്ന രീതി തുടങ്ങിയത് 1992-ലെ ജെ.ജെ ഹോസ്പിറ്റല്‍ വെടിവെപ്പോടെയാണ്. ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങിന്റെ ശത്രുക്കളെ വധിക്കാന്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നുള്ള സുഭാഷ് സിംഗ് ഠാക്കൂറിനെപ്പോലെയുള്ളവരെയാണ് അന്ന് ഉപയോഗിച്ചത്. പിന്നീട് അബു സലീം ഉള്‍പ്പെടെയുള്ളവര്‍ കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത യുവാക്കളെ സ്വന്തം നാട്ടില്‍ നിന്നും റിക്രൂട്ട് ചെയ്ത് മുംബൈയിലേക്ക് അയക്കുന്ന പുതിയൊരു രീതിക്ക് തുടക്കമിട്ടു. കൃത്യത്തിന് ശേഷം തിരികെ പോകുന്ന ഈ രീതി യഥാര്‍ത്ഥ സൂത്രധാരന്മാരെ സുരക്ഷിതരായി നിര്‍ത്താന്‍ സഹായിച്ചു.

ലോറന്‍സ് ബിഷ്ണോയ് ശൈലിയും ഡിജിറ്റല്‍ ലോകവും

സമീപകാലത്ത് ലോറന്‍സ് ബിഷ്ണോയ് ശൃംഖലയുമായി ബന്ധപ്പെട്ട കേസുകളിലും ഇതേ മാതൃകയാണ് കാണാന്‍ കഴിയുന്നത്. സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തെ വെടിവെപ്പ്, ബാബ സിദ്ദിഖിയുടെ കൊലപാതകം, കൂടാതെ സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെ നടന്ന വെടിവെപ്പ് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ചെറുപ്പക്കാരെ സോഷ്യല്‍ മീഡിയ വഴിയും പ്രാദേശിക ഇടനിലക്കാര്‍ വഴിയുമാണ് ഇപ്പോള്‍ റിക്രൂട്ട് ചെയ്യുന്നത്.

ഗ്യാങ്ങിന്റെ പ്രവര്‍ത്തങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടാണ് പലരും ഇതിലേക്ക് എത്തുന്നത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ പെട്ടെന്ന് ഡിലീറ്റ് ചെയ്യപ്പെടുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ടൈഗര്‍ ഷ്രോഫ് കേസില്‍ സംശയിക്കപ്പെടുന്നവരെ ആരാണ് റിക്രൂട്ട് ചെയ്തത്, ബൈക്കും ആയുധങ്ങളും ആരാണ് ഏര്‍പ്പാടാക്കിയത്, മുന്‍കൂട്ടി നിരീക്ഷണം നടത്തിയിരുന്നോ, സോഷ്യല്‍ മീഡിയയിലെ അവകാശവാദങ്ങള്‍ക്ക് പ്രതികളുമായോ ഏതെങ്കിലും വലിയ ക്രിമിനല്‍ ശൃംഖലയുമായോ ബന്ധമുണ്ടോ എന്നിവയൊക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും കണ്ടെത്തേണ്ടതുണ്ട്.

The shooting incident targeting actor Tiger Shroff’s car in Mumbai has renewed concerns about the recruitment of young contract shooters by criminal gangs. Investigations into several high-profile shootings in the city have pointed towards young men recruited from states such as Bihar, Uttar Pradesh and Haryana to carry out targeted attacks. Three suspects in the Tiger Shroff shooting case were reportedly arrested in Kota, Rajasthan. Two are from Haryana, while the third is a Bihar native residing in Mumbai. The suspects are aged between 17 and 22. Investigators are still trying to establish who recruited them, who planned the attack and whether it was linked to an established criminal gang.