Crime

പൊലീസ് വരുമെന്ന് സജിക്ക് അറിയാമായിരുന്നു, മരത്തിലിരുന്നു എല്ലാം നിരീക്ഷിച്ചു; കൊലയ്ക്ക് ശേഷം കുറ്റബോധം തളര്‍ത്തി

റെജി വിവാഹത്തിന് അനുമതി നല്‍കാതിരുന്നത് സജിയെ പ്രകോപിതനാക്കി

Madism Desk

നെടുങ്കണ്ടം ഇരട്ടക്കൊലപാത കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതി സജി അതിക്രൂരമായിട്ടാണ് രണ്ട് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സഹോദരന്‍ റെജിയെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ആദ്യ കൊലപാതകം. റെജിയെ ആക്രമിക്കുന്നത് കണ്ട് ബഹളുമുണ്ടാക്കിയ അമ്മ മേരിക്കുട്ടിയുടെ കൈയും മൂക്കും തകര്‍ത്തു. രക്തം വാര്‍ന്നാണ് മേരിക്കുട്ടി മരിച്ചതെന്നാണ് സൂചന. ഇരുവരും മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം 48 മണിക്കൂറിലധികം വീട്ടില്‍ തന്നെ സൂക്ഷിച്ചു. ആരെങ്കിലും വീട്ടിലെത്തുമെന്ന് ഭയന്ന് കട്ടിലിനടിയിലാണ് മൃതദേഹം സൂക്ഷിച്ചത്.

മൂന്നാം ദിവസം ആര്‍ക്കും സംശയമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കുഴിച്ചുമൂടാന്‍ പ്രതി തീരുമാനിക്കുകയായിരുന്നു. പ്രതി അമിതമായി മദ്യപിച്ചിരുന്നതിനാല്‍ ആഴത്തില്‍ കുഴി വെട്ടാന്‍ ശാരീരികക്ഷമതയുണ്ടായിരുന്നില്ല. പറമ്പില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാന്‍ കാരണമായതും ഇതാണ്. പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ചേരുമ്പോള്‍ പ്രതി വീടിനുള്ളിലുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടു. മരത്തില്‍ കയറാന്‍ വിദ്ഗദ്ധനായിരുന്നു സജി, പൊലീസിന്റെ നീക്കങ്ങള്‍ സമീപത്തെ മരത്തിലിരുന്ന ഇയാള്‍ നിരീക്ഷിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊലപാതകത്തിന് ശേഷം കടുത്ത കുറ്റബോധം സജിയെ വേട്ടയാടിയിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വിവാഹം കഴിക്കാനുള്ള സജിയുടെ തീരുമാനത്തെ സഹോദരനും അമ്മയും എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നെടുക്കണ്ടത്തെ ആള്‍പ്പാര്‍പ്പില്ലാത്ത മലയുടെ കീഴെയാണ് പൊലീസില്‍നിന്ന് രക്ഷപ്പെട്ട ശേഷം സജി താമസിച്ചിരുന്നു. ഇത് നേരത്തെ തയ്യാറാക്കിയ പദ്ധതിയായിരുന്നു. എന്നാല്‍ ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കള്‍ ശേഖരിക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. വിശന്നപ്പോള്‍ കടയിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമം നടത്തിയപ്പോഴാണ് നാട്ടുകാര്‍ പ്രതിയെ തിരിച്ചറിയാന്‍ കാരണമായത്.

അച്ഛന്റെ തിരോധാനവും അന്വേഷണ പരിധിയില്‍

സജിയുടെ സഹോദരി സിനിക്ക് ലഭിച്ച വാട്‌സാപ്പ് സന്ദേശമാണ് പരാതി നല്‍കാന്‍ ആധാരമായത്. അമ്മയും സഹോദരനും കൊല്ലപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ അച്ഛന്റെ തിരോധാനത്തിന് പിന്നിലും സജിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സിനി ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സജിയുടെ പിതാവിനെ കാണാതാവുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ഈ പരാതി കൂടെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പപൊലീസ് തയ്യാറായേക്കും.

English Summary: Shocking details have emerged in the Nedumkandam double murder case. Police said accused Sajee brutally killed his brother and mother, hid the bodies inside the house for over 48 hours, and later attempted to bury them. Reports say he escaped when police arrived and secretly watched officers from a nearby tree before being caught later.