Crime

ദൃക്‌സാക്ഷിയില്ല, ക്യാമറകളില്ല; സാങ്കേതികവിദ്യ തോറ്റിടത്ത് 'മേരി' ജയിച്ചു; ഒരു പീഡനക്കേസിന്റെ ചുരുളഴിഞ്ഞ കഥ

പ്രതി ഉപേക്ഷിച്ചുപോയ ഒരു തോര്‍ത്തുണ്ടിലെ മണം മാത്രം പിന്‍തുടര്‍ന്ന്, നാടിനെ നടുക്കിയ കേസിന്റെ ചുരുളഴിച്ച മേരിയുടെ കഥ കേവലമൊരു അന്വേഷണത്തിനപ്പുറം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്

Madism Desk

ഒരു കുറ്റകൃത്യം നടന്നാല്‍ ഇന്ന് പൊലീസ് ആദ്യം തിരയുന്നത് ചുറ്റുമുള്ള സി.സി.ടി.വി ക്യാമറകളും ദൃക്സാക്ഷികളെയുമാണ്. എന്നാല്‍, ഉത്തര്‍പ്രദേശിലെ സംഭാലില്‍ ആറുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായ ആ കാട്ടുപൊന്തയ്ക്കു ചുറ്റും ക്യാമറക്കണ്ണുകളോ ആരും കാണാത്ത ആ രാത്രിയില്‍ ഒരൊറ്റ സാക്ഷിയോ ഉണ്ടായിരുന്നില്ല. അന്വേഷണം പൂര്‍ണമായും ഇരുട്ടില്‍ മുട്ടിയ ആ നിമിഷത്തിലാണ് ഏഴു വയസ്സുകാരിയായ 'മേരി' എന്ന ലാംബ്രഡോര്‍ റിട്രീവര്‍ പൊലീസ് നായ രക്ഷകയായെത്തുന്നത്. പ്രതി ഉപേക്ഷിച്ചുപോയ ഒരു തോര്‍ത്തുണ്ടിലെ മണം മാത്രം പിന്‍തുടര്‍ന്ന്, നാടിനെ നടുക്കിയ കേസിന്റെ ചുരുളഴിച്ച മേരിയുടെ കഥ കേവലമൊരു അന്വേഷണത്തിനപ്പുറം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

ജൂണ്‍ 19-നായിരുന്നു സംഭവം. ഉത്തർപ്രദേശിലെ സംഭാലിൽ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ആരോ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് സമീപത്തെ കാട്ടുപൊന്തകള്‍ക്കിടയിലാണ് ചോരയൊലിപ്പിക്കുന്ന അവസ്ഥയില്‍ ആ കുഞ്ഞിനെ കണ്ടെത്തുന്നത്. വിവരമറിഞ്ഞ് വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചന നല്‍കുന്ന ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഒടുവില്‍, കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ഒരു പഴയ തോര്‍ത്തുമുണ്ട് പൊലീസിന് ലഭിച്ചു. അതായിരുന്നു ആകെ അവശേഷിച്ച തെളിവ്.

നിശബ്ദമായ തെരുവുകളിലൂടെ ഒരു മണം പിന്‍തുടര്‍ന്ന്...

പ്രദേശവാസികളെ ചോദ്യം ചെയ്തിട്ടും ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് മേരി എന്ന പൊലീസ് നായയെ സംഭാല്‍ സൂപ്രണ്ട് ഓഫ് പൊലീസ് കൃഷ്ണ കുമാര്‍ ബിഷ്ണോയ് രംഗത്തിറക്കാന്‍ തീരുമാനിക്കുന്നത്.

''മേരി ഞങ്ങളുടെ ഫോഴ്സിലെ ഏറ്റവും പ്രായം കൂടിയ നായ ആയിരിക്കാം , പക്ഷേ പല യുവതലമുറയിലെ നായ്ക്കള്‍ക്കുമില്ലാത്ത ചില അപൂര്‍വ ഗുണങ്ങള്‍ അവള്‍ക്കുണ്ട്. അതിരറ്റ ക്ഷമ, കൃത്യത, എത്ര ബഹളമയമായ നഗരാന്തരീക്ഷത്തിലും ഒരു മണം വിട്ടുപോകാതെ പിന്തുടരാനുള്ള അസാധാരണമായ കഴിവ്,'' സംഭാല്‍ എസ്.പി കൃഷ്ണ കുമാര്‍ ബിഷ്ണോയ് പറഞ്ഞു.

കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന ആ തോര്‍ത്തുമുണ്ട് പൊലീസ് മേരിയെ മണപ്പിച്ചു. ഒരു നിമിഷം ശാന്തമായി നിന്ന അവള്‍, പിന്നീട് ഒട്ടും മടിക്കാതെ ആ ഇടുങ്ങിയ തെരുവുകളിലൂടെ നടക്കാന്‍ തുടങ്ങി. വഴിയരികിലെ കോലാഹലങ്ങളോ ആളുകളുടെ നോട്ടമോ അവളെ അല്പം പോലും അലട്ടിയില്ല. കൃത്യം 400 മീറ്റര്‍ അകലെയുള്ള ഒരു വീടിനു മുന്നിലെത്തിയപ്പോള്‍ മേരി നടത്തം നിര്‍ത്തി. ആ വീടിന്റെ അടഞ്ഞുകിടന്ന വാതിലിലേക്കു നോക്കിയശേഷം അവള്‍ തന്റെ ഹാന്‍ഡ്ലറുടെ (പരിശീലകന്‍) മുഖത്തേക്കു നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം പൊലീസിനു വ്യക്തമായിരുന്നു-'വേട്ടക്കാരന്‍ ഇതിനുള്ളിലുണ്ട്'. മേരി കാട്ടിക്കൊടുത്ത ആ സൂചന കൃത്യമായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതി പിടിയിലാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

ഒരു കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ സഹായിച്ച മേരിയുടെ ഹാന്‍ഡ്ലര്‍ക്കു പൊലീസ് വകുപ്പ് 10,000 രൂപയുടെ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വര്‍ണമെഡലുകാരിയായ 'മേരി'

2019 ഡിസംബര്‍ മുതല്‍ സംഭാല്‍ പൊലീസിന്റെ ക്രൈം ഡിറ്റക്ഷന്‍ വിഭാഗത്തില്‍ സജീവമാണ് മേരി. തന്റെ പരിശീലന ബാച്ചിലെ 'ഗോള്‍ഡ് മെഡലിസ്റ്റ്' കൂടിയായിരുന്നു ഈ ലാംബ്രഡോര്‍. വര്‍ഷങ്ങളായി ഡസന്‍ കണക്കിനു സങ്കീര്‍ണമായ കേസുകളാണു മേരി തെളിയിച്ചിട്ടുള്ളത്.

ബിലാസ്പൂര്‍ കൊലപാതകം: കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബിലാസ്പൂരിലെ ഒരു ഉള്‍ക്കാട്ടില്‍ നടന്ന കൊലപാതകത്തില്‍ ഇരയുടെ മൃതദേഹം കണ്ടെത്താന്‍ പൊലീസ് ദിവസങ്ങളോളം വലഞ്ഞു. ഒടുവില്‍ മേരിയെ എത്തിച്ചശേഷമാണു കാടിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ മൃതദേഹം കണ്ടെത്താനായത്.

ബനിയാഥെര്‍ കേസ്: സംസാരിക്കാനും കേള്‍ക്കാനും ശേഷിയില്ലാത്ത ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ യാതൊരു തെളിവുമില്ലാതിരുന്നിട്ടും പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചത് മേരിയുടെ സമാനമായ ഇടപെടലായിരുന്നു.

ഇത്തവണയും ഒരു കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ സഹായിച്ച മേരിയുടെ ഹാന്‍ഡ്ലര്‍ക്കു പൊലീസ് വകുപ്പ് 10,000 രൂപയുടെ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയും ക്യാമറകളും പരാജയപ്പെടുന്നിടത്ത്, പ്രകൃതി നല്‍കിയ ആ അസാധാരണ ജന്മസിദ്ധികൊണ്ട് നീതി നടപ്പാക്കാന്‍ ഒരു മൗനജീവിക്കു സാധിക്കുമെന്ന് മേരി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

A seven-year-old Labrador police dog named Mary played a crucial role in solving the sexual assault case of a six-year-old girl in Uttar Pradesh. When investigators struggled to identify the suspect, Mary tracked the scent from the crime scene and led officers to the accused. Based on the evidence gathered through the investigation, police arrested the suspect. The case highlights the importance of trained police dogs in criminal investigations and their contribution to delivering justice.

URL Slug