Crime

ബന്ധുവായ കത്തിക്കുത്ത് കേസ് പ്രതിക്ക് ജാമ്യം വേണം; ജഡ്ജിക്കെതിരെ ആഭിചാരക്രിയ നടത്തി ബന്ധുക്കൾ

സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ ശ്മശാനത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പൂജാകർമങ്ങൾ നടക്കുന്നതായി കണ്ടെത്തിയത്

Madism Desk

അറസ്റ്റിലായ ബന്ധുവിന് ജാമ്യം ലഭിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉൾപ്പെടെ ഫോട്ടോ ഉപയോ​ഗിച്ച് ശ്മശാനത്തിൽ ആഭിചാരകർമങ്ങൾ നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയുടെ ചിത്രം ഉൾപ്പെടെ ഉപയോ​ഗിച്ചായിരുന്നു ആഭിചാരകർമങ്ങൾ നടത്തിയത്.

സിപത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവ്രി ഗ്രാമത്തിലെ ശ്മശാനത്തിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ ശ്മശാനത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പൂജാകർമങ്ങൾ നടക്കുന്നതായി കണ്ടെത്തിയത്. നാട്ടുകാർ ഇവരെ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് പേർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഋഷികേശ് കുമാർ എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

കത്തിക്കുത്ത് കേസിൽ അറസ്റ്റിലായ പ്രിയാൻഷു ബോലെയുടെ ബന്ധുവാണ് ഋഷികേശ് കുമാർ. പ്രിയാൻഷുവിനും സുഹൃത്തുക്കൾക്കും ജാമ്യം ലഭിക്കുന്നതിനുള്ള അപേക്ഷ കോടതി പരിഗണിച്ചുവരുന്നതിനിടെയാണ് ജാമ്യം ലഭിക്കണമെന്ന ലക്ഷ്യത്തോടെ പൂജാകർമങ്ങൾ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പൂജാകർമങ്ങളിലൂടെ കോടതിയിൽനിന്ന് ജാമ്യം നേടാൻ കഴിയുമെന്ന അവകാശവാദവുമായി എത്തിയ ഒരു 'മാന്ത്രികന്റെ' വീഡിയോ കണ്ടതിനെ തുടർന്നാണ് ഇത്തരമൊരു കർമം നടത്താൻ തീരുമാനിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയുടെ ചിത്രത്തിന് പുറമെ കേസിലെ പ്രതിയായ പ്രിയാൻഷു ബോലെയുടെയും ആക്രമണക്കേസിലെ പരാതിക്കാരന്റെയും ചിത്രങ്ങൾ കണ്ടെത്തി.

മീൻ, നാരങ്ങ, സിന്ദൂരം തുടങ്ങിയ സാധനങ്ങളും സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. അന്ധവിശ്വാസത്തിന്റെ പേരിൽ നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബിലാസ്പൂർ എസ്പി രജ്നേഷ് സിങ് മുന്നറിയിപ്പ് നൽകി.

A person has been taken into police custody for allegedly performing black magic rituals at a cremation ground, using photographs of the High Court Chief Justice and others, in an attempt to secure bail for an arrested relative. The incident took place in Bilaspur, Chhattisgarh. The rituals were reportedly performed using, among others, a photograph of Chief Justice Ramesh Sinha.