പാലക്കാട് അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്. പ്രദേശത്ത് അടുത്തിടെ എത്തിയതായി കരുതുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഏതാനും ദിവസം മുമ്പ് പ്രദേശത്ത് ഇയാളെ കണ്ടിരുന്നതായും ഇയാളോടൊപ്പം ഒരു യുവതിയും കുഞ്ഞും ഉണ്ടായിരുന്നതായും നാട്ടുകാരിൽനിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിന്നീട് കാണാതായതായും സൂചനയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഞായറാഴ്ച ഉച്ചയോടെയാണ് പുഴയോരത്ത് കാലിമേയ്ക്കാനെത്തിയവരുടെ ശ്രദ്ധയിൽ ഒഴുകിയെത്തിയ മൂന്ന് ചാക്കുകൾ പെട്ടത്. സംശയം തോന്നിയതിനെതുടർന്ന് ഒരു ചാക്ക് തുറന്നുനോക്കിയപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ മൃതദേഹങ്ങൾക്ക് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും ഇവ കുറച്ചുകാലം വെള്ളത്തിൽ കിടന്നിരുന്നതായും കണ്ടെത്തി.
രണ്ടാമത്തെ ചാക്കിൽനിന്ന് ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ് പ്രായമുള്ള പെൺകുട്ടിയുടെയും തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി. മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള യുവതിയുടെ മറ്റ് ശരീരഭാഗങ്ങളായിരുന്നു. കൈകാലുകൾ മടക്കി ചേർത്ത നിലയിലാണ് മൃതദേഹം ചാക്കിൽ കയറ്റിയിരുന്നത്.
അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ചും
തമിഴ്നാട്ടിലെ നീലഗിരി മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന ഭവാനിപ്പുഴ കേരളത്തിലേക്ക് പ്രവേശിച്ച ശേഷം വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് തമിഴ്നാട്ടിലേക്കാണ് ഒഴുകുന്നത്. ഇതോടെ മൃതദേഹങ്ങൾ ഏത് ഭാഗത്തുനിന്നാണ് പുഴയിൽ എത്തിയതെന്ന കാര്യത്തിൽ ആദ്യം ആശയക്കുഴപ്പം നിലനിന്നിരുന്നു. മൃതശരീരങ്ങൾ തമിഴ്നാട്ടിൽനിന്ന് ഒഴുകിയെത്തിയതാണോ എന്നതടക്കമുള്ള സാധ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും സമീപകാലത്ത് കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ബിരിയാണി അരിയുടെ ചാക്കുകളിൽ നിർണായക സൂചന
മൃതശരീരങ്ങൾ പൊതിഞ്ഞിരുന്നത് കേരളത്തിലും തമിഴ്നാട്ടിലും ലഭിക്കുന്ന ബിരിയാണി അരിയുടെ ചാക്കുകളിലായിരുന്നു. ചാക്കുകളിൽ രേഖപ്പെടുത്തിയിരുന്ന വിവരങ്ങളിൽനിന്ന് അന്വേഷണ സംഘത്തിന് നിർണായക സൂചനകൾ ലഭിച്ചതായാണ് വിവരം. ചാക്കുകൾ എവിടെനിന്നാണ് വാങ്ങിയതെന്ന് കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
മൂന്ന് ദിവസം മുമ്പുവരെ ഭവാനിപ്പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യം മനസ്സിലാക്കി മൃതദേഹങ്ങൾ ചാക്കുകളിൽ കെട്ടി പുഴയിൽ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മറ്റൊരിടത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ പുഴയിൽ തള്ളിയതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴുത്തറുത്തത് യന്ത്രം ഉപയോഗിച്ച്
മൃതശരീരങ്ങളിൽ യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരാൾക്ക് ഒറ്റയ്ക്ക് ഈ കൃത്യം നടത്തുന്നത് പ്രയാസകരമാണെന്ന വിലയിരുത്തലിനെ തുടർന്ന് കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം പേർ ഉണ്ടായിരിക്കാമെന്ന സംശയവും പൊലീസിനുണ്ട്.
മൃതശരീരങ്ങൾ ഇടുപ്പിന് സമീപം മടക്കി കൈകാലുകൾ ചേർത്തുവെച്ച് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷമാണ് ചാക്കുകളിൽ കയറ്റിയതെന്നാണ് കണ്ടെത്തൽ. ഇതും കൃത്യം ആസൂത്രിതമായിരുന്നെന്ന സംശയം ശക്തമാക്കുന്നു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ, കാണാതായവരുടെ വിവരങ്ങൾ, ചാക്കുകളുടെ ഉറവിടം എന്നിവ ഉൾപ്പെടെ വിവിധ തലങ്ങളിൽ അന്വേഷണം തുടരുകയാണ്.
Police have uncovered crucial clues in the murder of a woman and child whose bodies were found tied inside sacks in the Bhavani River at Pudur, Attappadi, Palakkad. Information printed on the biryani rice sacks and evidence indicating their throats were slit using a machine guided the investigation. The probe is now heavily focused on a migrant worker.