Crime

പണം മുടങ്ങിയപ്പോള്‍ പകയായി; ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് കാമുകനെ കൊന്ന് വീപ്പയിലാക്കി, യുവതി പിടിയില്‍

ജോലി ചെയ്യുന്ന കമ്പനിക്കുവേണ്ടിയുള്ള പണം വാങ്ങാനായി ദാദറിലേക്ക് പോയ അര്‍ബാസിനെ കാണാതാവുകയായിരുന്നു

Madism Desk

ഭര്‍ത്താവിന്റെ സഹായത്തോടെ കാമുകനെ കൊലപ്പെടുത്തി മൃതദേഹം വീപ്പയിലാക്കി ഓടയില്‍ തള്ളിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ വസായിയിലാണ് സംഭവം. മുംബ്ര സ്വദേശിയായ ഇരുപത്തിയാറുകാരനായ എൻജിനീയർ അര്‍ബാസ് മഖ്‌സൂദ് അലി ഖാനെയാണ് മെഹജബീന്‍ ഖാതുന്‍ എക്രാന്‍ ഷെയ്ഖും ഭര്‍ത്താവ് ഹസന്‍ ഷെയ്ഖും സഹോദരന്‍ താരിഖ് ഷെയ്ഖും സഹോദരന്റെ സുഹൃത്ത് മൊജ്ജം പത്താനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ യുവതിയെയും സഹോദരനെയും മുംബ്ര പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്.

ഡോംബിവ്ലിയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ എൻജിനീയറായിരുന്ന അര്‍ബാസും മെഹജബീന്‍ ഖാതുന്‍ എക്രാന്‍ ഷെയ്ഖും 2021 മുതല്‍ പ്രണയത്തിലായിരുന്നു. വര്‍ഷങ്ങളായി യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അര്‍ബാസ് പതിവായി പണം അയച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിമാസം പണം നല്‍കുന്നത് അര്‍ബാസ് നിര്‍ത്തിയതോടെ ബന്ധത്തില്‍ വിള്ളലുണ്ടായി. തുടര്‍ന്നാണ് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തുന്നത്.

ജോലി ചെയ്യുന്ന കമ്പനിക്കുവേണ്ടിയുള്ള പണം വാങ്ങാനായി ഏപ്രില്‍ മൂന്നിനു ദാദറിലേക്ക് പോയ അര്‍ബാസിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് അര്‍ബാസിന്റെ പിതാവ് മുംബ്ര പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കാണാതായ ദിവസം ഇയാളുടെ ലൊക്കേഷനും മെഹജബീന്റെ ലൊക്കേഷനും ഒരേ സ്ഥലത്തായിരുന്നുവെന്ന് കണ്ടെത്തി. കാണാതാകുന്നതിന് തലേദിവസം യുവതിക്ക് അർബാസ് 50,000 രൂപ കൈമാറിയിരുന്നതായും കണ്ടെത്തി. ആദ്യം കുറ്റം നിഷേധിച്ച മെഹജബീന്‍, പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

അര്‍ബാസിനെ വസായിലെ ഭോയിദപഡയിലുള്ള തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്ന് ഇവര്‍ സമ്മതിച്ചു. അര്‍ബാസിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും ഇയാളുടെ പക്കല്‍ വിലപിടിപ്പുള്ളതൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് മറ്റ് മൂന്ന് പ്രതികള്‍ ചേര്‍ന്ന് അര്‍ബാസിന്റെ കൈകാലുകള്‍ കെട്ടിയിടുകയും പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണമായത്. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം വീപ്പയിലാക്കി വാലിഹ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിജനമായ സ്ഥലത്തുള്ള ഓടയില്‍ തള്ളിയെന്നാണ് പൊലീസ് കണ്ടെത്തൽ.

മെയ് 7-നാണ് മെഹജബീന്‍, താരിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം തട്ടിക്കൊണ്ടുപോകല്‍ (വകുപ്പ് 140, 3(5)), കൊലപാതകം (വകുപ്പ്103(1)), തെളിവ് നശിപ്പിക്കല്‍ (വകുപ്പ് 238) എന്നീ കുറ്റങ്ങളാണ് നാല് പ്രതികള്‍ക്കെതിരെയും മുംബ്ര പോലീസ് ചുമത്തിയിരിക്കുന്നത്.

English Summary: A 26-year-old engineer was allegedly murdered by his girlfriend with the help of her husband and two others in Maharashtra’s Vasai. The victim, identified as Arbaz Maqsood Ali Khan, had been in a relationship with Mehjabeen Khatun Sheikh since 2021 and had reportedly been sending her money regularly. Police said tensions arose after he stopped providing financial support.