പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്കുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ കൂട്ടമായി അടച്ചുപൂട്ടുകയാണ്. ബുർജ് അൽ അറബ് ഒന്നര വർഷത്തേക്ക് അടച്ചതായി മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. പാരിസിൽ നിന്നുള്ള ഇന്റീരിയർ ആർക്കിടെക്റ്റ് ട്രൈസ്റ്റൻ ഔറാണ് ബുർജ് അൽ അറബിന്റെ അറ്റകുറ്റപ്പണികൾ നിയന്ത്രിക്കുന്നത്. 27 വർഷം മുൻപാണ് ബുർജ് അൽ അറബ് ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നത്. പാം ജുമൈറയിലെ സെന്റ് റിജിസ് ഹോട്ടലും അടച്ചുപൂട്ടിയിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനിടെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇരുകെട്ടിടങ്ങൾക്കും നിസാര കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നാലെയാണ് പുനരുദ്ധാരണം.
സന്ദർശകർ കുറഞ്ഞു; ദുബായിൽ ഹോട്ടലുകൾ അടയ്ക്കുന്നു
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ആദ്യ സപ്തനക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബ് മുതൽ മിക്ക പഞ്ചതക്ഷത്ര ഹോട്ടലുകളും കാലിയാണ്. യുദ്ധം അവസാനിച്ചാൽ മാത്രമെ ഇനി ദുബായിൽ സഞ്ചാരികളെത്തുവെന്ന നിഗമനത്തിലാണ് യുഎഇ. കോടികളാണ് സമ്പദ്ഘടനയ്ക്ക് ഇതുമൂലമുണ്ടാകുന്ന നഷ്ടം. പാം ജുമൈറയിലെ സെന്റ് റിജിസ് ഹോട്ടൽ അഞ്ച് മാസത്തേക്ക് അടച്ചിട്ടിരിക്കുന്നത്. ഇതു കൂടാതെ മിക്ക ഹോട്ടലുകളിലും താമസക്കാരില്ലെന്നാണ് വിവരം.
ആഗോള ഊർജ വിപണിക്ക് നഷ്ടം ഏകദേശം 4 ലക്ഷം കോടി രൂപയുടെ അസംസ്കൃത എണ്ണ
പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് 50 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള ഊർജ വിപണി ഗുരുതര പ്രത്യാഘാതങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അസംസ്കൃത എണ്ണ ഉൽപാദനത്തിൽ വൻ ഇടിവ് ഉണ്ടായതോടെ, ഏകദേശം 4.1 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ധനമാണ് ഉത്പാദിപ്പിക്കപ്പെടാതെ പോയത്. ഈ ആഘാതത്തിന്റെ പ്രതിഫലനങ്ങൾ ഒരു വർഷത്തിലധികം വിപണിയിലുണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകൾ പ്രകാരം, ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷത്തിന് പിന്നാലെ 50 കോടി ബാരലിലധികം ക്രൂഡ് ഓയിലും കണ്ടൻസേറ്റും വിപണിയിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്.
സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഊർജ വിതരണ പ്രതിസന്ധികളിലൊന്നായിട്ടാണ് ഇപ്പോൾ ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ നഷ്ടം അമേരിക്കയുടെ ഏകദേശം ഒരു മാസത്തെ എണ്ണ ആവശ്യത്തിനും, യൂറോപ്പിന്റെ ഒരു മാസത്തിലധികം ആവശ്യത്തിനും തുല്യമാണ്. കൂടാതെ, ആഗോള കപ്പൽ ചരക്ക് ഗതാഗതത്തിനായി നാല് മാസത്തേക്ക് ഉപയോഗിക്കാനാവശ്യമായ ഇന്ധനമാണ് ഉത്പാദന കുറവായി രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി പ്രധാനമായും ബാധിക്കാൻ പോകുന്നത്.
English Summary: Tourism in Dubai has taken a hit amid rising tensions in the Middle East. Iconic luxury hotels including Burj Al Arab have temporarily shut down for renovation and safety reasons. A decline in tourist arrivals and minor damage from missile debris have contributed to the closures, impacting the UAE’s hospitality sector.