Global Malayali

നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി തീപിടിച്ചു; ഫുജൈറ അപകടത്തില്‍ മരിച്ചത് 14 പേര്‍, മൂന്ന് മലയാളികളും

പരിക്കേറ്റവരില്‍ യുഎഇ, ഒമാന്‍, ഇന്ത്യ, ബ്രസീല്‍, പാകിസ്താന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

Madism Desk

യുഎഇയിലെ ഫുജൈറ എമിറേറ്റില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 18 കാറുകളും അഞ്ച് ട്രക്കുകളും ഉള്‍പ്പെട്ട വന്‍ കൂട്ടിയിടിയാണ് ഉണ്ടായത്. അപകടത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ മരണപ്പെട്ടിരുന്നു. മുഹമ്മദ് അസ്മില്‍ (21), മിസ്‌ന ജുബിന്‍ (21), മിസ്‌നയുടെ മകന്‍ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.

അപകടകാരണം

ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അപകടം സംഭവിച്ചത്. ഫുജൈറ എമിറേറ്റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഒരു ട്രക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും റോഡില്‍ നിന്ന് തെന്നിമാറുകയും ഗതാഗതക്കുരുക്ക് കാരണം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലേക്ക് പാഞ്ഞുകയറുകയും ചെയ്തു. തുടര്‍ന്ന് ട്രക്കിന് തീപിടിച്ചതോടെ തീജ്വാലകള്‍ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും അതിവേഗം പടര്‍ന്നുപിടിച്ചു. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.

രക്ഷാപ്രവര്‍ത്തനവും നിലവിലെ സ്ഥിതിയും

അപകടത്തെക്കുറിച്ച് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ തന്നെ പ്രത്യേക പൊലീസ് സംഘങ്ങള്‍, ആംബുലന്‍സ്, രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. തീ അണയ്ക്കാനും പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി ആശുപത്രികളിലേക്ക് മാറ്റാനും രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ചു. അപകടസ്ഥലം സുരക്ഷിതമാക്കുകയും മറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ദുരന്തമുഖത്ത് മാതൃകാപരമായി പ്രവര്‍ത്തിച്ച അടിയന്തര രക്ഷാപ്രവര്‍ത്തകരെയും മെഡിക്കല്‍ സംഘങ്ങളെയും ഫുജൈറ പൊലീസ് അഭിനന്ദിച്ചു.

പരിക്കേറ്റവരില്‍ 15 പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രി വിട്ടതായി മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള 15 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്. മരിച്ചതായി സ്ഥിരീകരിച്ച 14 പേരില്‍ യുഎഇ സ്വദേശികളും വിദേശ പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍, മരിച്ചവരെ കൃത്യമായി തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരില്‍ യുഎഇ, ഒമാന്‍, ഇന്ത്യ, ബ്രസീല്‍, പാകിസ്താന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ജാഗ്രതാ നിര്‍ദേശം

അപകടത്തില്‍ ഫുജൈറ പൊലീസ് അഗാധമായ ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ നിയമപരവും സാങ്കേതികവുമായ അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണ്. വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വേഗപരിധി ശ്രദ്ധിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. പ്രത്യേകിച്ച് ഗതാഗതക്കുരുക്കുള്ള ഇടങ്ങളിലോ വാഹനങ്ങള്‍ വേഗത കുറയ്ക്കുന്ന സ്ഥലങ്ങളിലോ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ജീവന്‍ സംരക്ഷിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.

A massive road accident in the Fujairah emirate of the UAE has claimed 14 lives after an out-of-control truck crashed into multiple vehicles on Sheikh Khalifa bin Zayed Road. The collision involved 18 cars and five trucks, triggering a fire that spread rapidly across several vehicles. Three people from Malappuram district in Kerala were among those killed. They have been identified as 21-year-old Muhammad Asmil, 21-year-old Misna Jubeen and Misna's three-year-old son, Muhammad Faiz. The accident occurred shortly before midnight on Wednesday near the entrance to Fujairah. A truck reportedly lost control and rammed into another vehicle before crashing into several vehicles stopped on the road amid traffic congestion. The impact caused the vehicles to catch fire, with flames spreading rapidly.