രൂക്ഷമാകുന്ന ഇന്ധനക്ഷാമവും വില വർധനവും ടിക്കറ്റ് നിരക്ക് വർധനയക്കു കാരണമാകുമെന്നു സൂചന. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതുമൂലം എണ്ണശുദ്ധീകരണശാലകൾ നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് ഇന്ധനവിതരണം അവതാളത്തിലായത്. മലയാളി പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് അടുത്ത മാസങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കൂടുതൽ വർധനവ് നേരിടേണ്ടി വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
മൂന്നാഴ്ചയ്ക്കുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നില്ലെങ്കിൽ യൂറോപ്പിൽ വിമാന ഇന്ധനക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) യൂറോപ്പ് അറിയിച്ചിരുന്നു. ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 25 മുതൽ 35 ശതമാനം വരെയാണ് ഇന്ധന ഇനത്തിൽ കമ്പനികൾ ചെലവാക്കുന്നത്. ഓരോ വിമാന ടിക്കറ്റിലും 20-30 ശതമാനം വരെ ഇന്ധനച്ചെലവായി യാത്രക്കാരിൽനിന്ന് കമ്പനികൾ ഈടാക്കുന്നു. ദീർഘദൂര വിമാനങ്ങളിൽ ഈ കണക്കിൽ വ്യത്യാസമുണ്ടാവാറുണ്ട്.
ഇന്ധനവിലയിൽ ദിവസേന ഉണ്ടാകുന്ന മാറ്റങ്ങൾ വിമാന കമ്പനികളുടെ ലാഭത്തെ ബാധിക്കുന്നുണ്ട്. ടിക്കറ്റ് നിരക്ക് മുൻകൂട്ടി നിശ്ചയിക്കുന്നതിനാൽ ഇന്ധന വില ഉയരുമ്പോൾ വിമാന കമ്പനികൾ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനിടെ, സുസ്ഥിര വ്യോമയാന ഇന്ധനം പോലുള്ള ബദലുകൾ നിലവിലുണ്ടെങ്കിലും, അവയുടെ ഉയർന്ന ചെലവും പരിമിതമായ ലഭ്യതയും കാരണം ഉടൻ ആശ്വാസം പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് വിമാന കമ്പനികളുടെ പക്ഷം.
English Summary: Global jet fuel shortages driven by refinery disruptions and Middle East tensions are expected to push up airfares, impacting airlines and passengers, especially expatriates. Rising fuel costs, which account for up to 35% of airline expenses, are squeezing margins and increasing ticket prices worldwide