India

അറുപതിലധികം എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്, ഛദ്ദയുടെ നീക്കങ്ങള്‍ അതീവ രഹസ്യം; 'ലോട്ടസ് ബോംബ്' എഎപിയുടെ അടിവേരറുക്കുമോ?

60 എംഎല്‍എമാർ ബിജെപിയിലേക്ക് കൂടുമാറുമെന്നാണ് സൂചനകള്‍

Political Desk

ആംആദ്മി പാര്‍ട്ടിയുടെ നിലനിൽപ്പിന് കൂടുതൽ ഭീഷണിയായി ബി ജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് തുടരുമെന്ന് സൂചന. രാഘവ് ഛദ്ദ, സ്വാതി മാലിവാള്‍, ഹര്‍ഭജന്‍ സിങ്, രാജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി, അശോക് മിത്തല്‍, സന്ദീപ് പഥക്ക് തുടങ്ങിയ പാര്‍ട്ടിയുടെ സുപ്രധാന പദവികളിലിരിക്കുന്ന ആറ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ 60 എംഎല്‍എമാരും പാര്‍ട്ടിവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഛദ്ദയുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. എഎപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരെ ഒപ്പം ചേര്‍ക്കാനാണ് ഛദ്ദ കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

അതേസമയം പാര്‍ട്ടിയിലെ താക്കോല്‍ സ്ഥാനത്തിനിരിക്കുന്ന നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറിയ സംഭവത്തില്‍ പ്രതിരോധത്തിലായിരിക്കുന്നത് അരവിന്ദ് കെജ്‌രിവാളാണ്. നേരത്തെ ഛദ്ദയുടെ കേന്ദ്രമന്ത്രി സ്ഥാനമോഹമാണ് കൂടുമാറ്റത്തിന് പിന്നിലെന്ന് എഎപി ആരോപിച്ചിരുന്നു. അശോക് മിത്തലിനെ വീഴ്ത്തിയത് ഇ.ഡി റെയ്ഡാണെന്നും സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് മുഖ്യമന്ത്രി മോഹവുമായി കെജ്‌രിവാളിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും എഎപി ആരോപിക്കുന്നു. അശോക് മിത്തലിന്റെ പതിനഞ്ച് സ്ഥാപനങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമീപ ദിവസങ്ങളില്‍ റെയിഡ് ചെയ്തത്. പിന്നാലെ കൂടുമാറ്റവും പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന കരുനീക്കങ്ങള്‍ എഎപിക്ക് മേല്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ചെറുതല്ല. എല്ലാ എംഎല്‍എമാരെയും ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ യോഗം നടത്താനാണ് ഇപ്പോള്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ പഞ്ചാബില്‍ പാര്‍ട്ടി തകര്‍ന്നടിയും. ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലെ ശക്തികേന്ദ്രങ്ങളിലും എഎപിക്ക് തിരിച്ചടിയുണ്ടാകും. നിലവില്‍ നടക്കുന്ന അട്ടിമറി നീക്കങ്ങള്‍ക്ക് പിന്നില്‍ മുന്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷയായ സ്വാതി മലിവാളും യുവ എംപി രാഘവ് ഛദ്ദയുമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ നിഗമനം. ഛദ്ദയുടെ കൂടുമാറ്റത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.

English Summary: Raghav Chadha has claimed that around 60 MLAs are backing him, with several Aam Aadmi Party legislators likely to quit in the coming days. This development signals a major political crisis for Arvind Kejriwal, raising concerns over internal dissent and the party’s stability.