കേരളം വിയർത്തൊലിച്ച രണ്ടാഴ്ചയ്ക്ക് പിന്നാലെ വീണ്ടും തകർത്തുപെയ്യുകയാണ് മൺസൂൺ മഴ. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും എല്ലാ ജില്ലകളിലും ജാഗ്രതാനിർദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിലെ മൺസൂണിന്റെ ഈ പ്രവചനാതീതമായ മാറ്റങ്ങൾക്ക് പിന്നിൽ കാലാവസ്ഥാ വ്യതിയാനമുൾപ്പടെ, കാരണങ്ങൾ അനവധിയാണ്.
ജൂലൈ മാസത്തിൽ മഴ സാധാരണ നിലയിലും താഴെയായിരിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ഈ പ്രവചനങ്ങളെയൊക്കെ കാറ്റിൽപ്പറത്തി, രാജ്യത്തെ മഴക്കുറവ് വൻതോതിൽ നികത്തിക്കൊണ്ട് തെക്കുപടിഞ്ഞാറൻ മൺസൂൺ അസാധാരണമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. 'ക്ലൈമറ്റ് ട്രെൻഡ്‌സി'ന്റെ 'കാലാവസ്ഥാ വ്യതിയാനവും എൽ നിനോയും മൺസൂണിനെ തിരുത്തിയെഴുതുമ്പോൾ, 2026 ജൂലൈ പ്രവചനങ്ങളെ മറികടക്കുന്നു' എന്ന റിപ്പോർട്ട് പ്രകാരം, ഈ വർഷത്തെ മൺസൂൺ ഏറ്റവും വലിയ കാലാവസ്ഥാ അത്ഭുതങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൺസൂണിനെ പ്രവചനാതീതമാക്കുന്നു എന്ന വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് ഈ സംഭവം.
ജൂൺ അവസാനത്തിൽ, രാജ്യത്തെ മഴയിൽ 40% കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് കൃഷി ഇറക്കുന്നതിനെയും ജലാശയങ്ങളിലെ സംഭരണശേഷിയെയും കുടിവെള്ള ലഭ്യതയെയും കുറിച്ച് വലിയ ആശങ്കകൾക്ക് വഴിവെച്ചു. എന്നാൽ, രാജ്യത്തുടനീളം തുടർച്ചയായി രൂപപ്പെട്ട ശക്തമായ മഴപ്പാത്തികളുടെയും കാറ്റിന്റെയും ഫലമായി ജൂലൈ 29ഓടെ മഴ ശക്തമായി.
ദീർഘകാല ശരാശരിയുടെ (LPA) 94 ശതമാനത്തിൽ താഴെ മഴ മാത്രമേ ജൂലൈയിൽ ലഭിക്കൂ എന്നും, ഇത് സാധാരണ നിലയിലും കുറവായിരിക്കുമെന്നുമായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ അതിനുപകരം, ജൂലൈ 1 മുതൽ ജൂലൈ 26 വരെയുള്ള കാലയളവിൽ രാജ്യത്ത് 238.2 മില്ലീമീറ്റർ മഴ ലഭിച്ചു. ഈ കാലയളവിൽ സാധാരണ ലഭിക്കേണ്ടത് 233.9 മില്ലീമീറ്ററാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഇന്ത്യയിലേക്ക് തുടർച്ചയായി എത്തിയ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റ് അടക്കമുള്ള അന്തരീക്ഷ ചുഴലികളുമാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് കരുത്തേകിയത്. ഈ പ്രതിഭാസങ്ങൾ നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥയെ തടയുകയും പല പ്രദേശങ്ങളിലും വ്യാപകമായ കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്തു.
മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, അസം, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തുടനീളമുണ്ടായിരുന്ന മഴക്കുറവ് നികത്താൻ ഏറെ സഹായിച്ചു.
പ്രദേശിക വ്യതിയാനങ്ങളോടെയുള്ള തിരിച്ചുവരവ്
ദേശീയതലത്തിൽ ആശ്വാസകരമായ മാറ്റമുണ്ടായെങ്കിലും, മൺസൂൺ അസമമായിത്തന്നെ തുടരുകയാണ്.
ജൂലൈ 29 വരെയുള്ള കണക്കനുസരിച്ച്, 15 സംസ്ഥാനങ്ങളിൽ സാധാരണ തോതിലുള്ള മഴ ലഭിച്ചപ്പോൾ 4 സംസ്ഥാനങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചു. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 60 ശതമാനത്തോളം ഭാഗം ഈ സംസ്ഥാനങ്ങളാണ്. എന്നാൽ മറുവശത്ത്, 17 സംസ്ഥാനങ്ങളിൽ ഇപ്പോഴും മഴക്കുറവ് അനുഭവപ്പെടുന്നുണ്ട്. കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ 30% കുറവും, തെക്കൻ ഉപദ്വീപിൽ 26% കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രവചനങ്ങൾ പിഴച്ചത് എന്തുകൊണ്ട്?
ഇന്ത്യയിലെ മഴയെ നിയന്ത്രിക്കുന്ന ഏക ഘടകം ഇനി 'എൽ നിനോ'മാത്രമല്ലെന്ന് ഈ വർഷത്തെ മൺസൂൺ തെളിയിക്കുന്നതായാണ് ശാസ്ത്രജ്ഞർ പറയുന്നത്.
മുൻ ഐ.എം.ഡി ഡയറക്ടർ ജനറൽ ഡോ. കെ.ജെ. രമേശിന്റെ അഭിപ്രായത്തിൽ, പടിഞ്ഞാറൻ പസഫിക്കിലെ താപനില ഉയർന്നത് എൽ നിനോ കാരണമുണ്ടായ മഴക്കുറവിനെ ചെറുക്കാൻ സഹായിച്ചു. മ്യാൻമറിന് സമീപം രൂപപ്പെട്ട ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിച്ച് വീണ്ടും ശക്തി പ്രാപിക്കുകയും ഇന്ത്യൻ ഉപദ്വീപിലുടനീളം വ്യാപകമായ മഴയ്ക്ക് കാരണമാവുകയും ചെയ്തു. ഒപ്പം, മെഡിറ്ററേനിയൻ സമുദ്രത്തിന് മുകളിൽ കൊടുങ്കാറ്റുകൾ വർദ്ധിച്ചത് അറബിക്കടലിൽ നിന്ന് കൂടുതൽ ഈർപ്പത്തെ ഇന്ത്യൻ തീരത്തേക്ക് എത്തിക്കുകയും, ഇത് മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയുടെ തോത് വർദ്ധിപ്പിക്കുകയും ചെയ്തു.
ആഗോളതാപനം അന്തരീക്ഷചലനങ്ങളിൽ മാറ്റം വരുത്തുന്നതിനനുസരിച്ച്, പരസ്പരം സ്വാധീനിക്കുന്ന ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ നിർണ്ണായകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം തീവ്ര പ്രകൃതിപ്രതിഭാസങ്ങളെ വർദ്ധിപ്പിക്കുന്നു
പരമ്പരാഗത കാലാവസ്ഥാ ഘടകങ്ങൾക്ക് പകരമാകുന്നതിന് പകരം, അവയുടെ ആഘാതം വർദ്ധിപ്പിക്കുന്ന ഒരു ശക്തിയായിട്ടാണ് കാലാവസ്ഥാ വ്യതിയാനം പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ വിശ്വസിക്കുന്നുണ്ട്.
കരയിലെയും കടലിലെയും താപനില ഉയരുന്നത് അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പം നിലനിർത്താൻ അവസരമൊരുക്കുന്നു. ഇതിനാൽ തന്നെ, അനുകൂലമായ കാലാവസ്ഥാ സംവിധാനങ്ങൾ രൂപപ്പെടുമ്പോഴെല്ലാം മഴയുടെ തീവ്രത ഗണ്യമായി വർദ്ധിക്കാൻ ഇത് കാരണമാകുന്നു.
ഈ പ്രവണതയ്ക്ക് വ്യക്തമായ ഒരു ഉദാഹരണമായിരുന്നു ഈ മാസത്തിൽ ഗുജറാത്തിലെ ഉമർഗ്രാമിൽ ഉണ്ടായത്. വെറും 24 മണിക്കൂറിനുള്ളിൽ 1,064 മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. 1901-ന് ശേഷം ഇന്ത്യയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന അളവ്.
അതേസമയം,ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ഈ വർഷം അവസാനത്തോടെ പോസിറ്റീവ് ഘട്ടത്തിലേക്ക് മാറുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ഒക്ടോബറിനും ഡിസംബറിനും ഇടയിൽ അതിശക്തമായ എൽ നിനോ ഉണ്ടാകാൻ 81% സാധ്യതയുണ്ടെന്ന് യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പ്രവചിക്കുന്നുണ്ട്.
മൺസൂണിന്റെ പുതിയ യാഥാർത്ഥ്യം
ആഴ്ചകൾക്കുള്ളിൽ 40% കുറവിൽ നിന്ന് സാധാരണ നിലയോടടുത്ത ഈ നാടകീയമായ മാറ്റം, ഇന്ത്യയിലെ മൺസൂൺ എത്രവേഗത്തിലാണ് മാറിമറിയുന്നതെന്ന് വ്യക്തമാക്കുന്നു. അതിലുപരി, ഒരു സീസണിൽ ലഭിക്കുന്ന ആകെ മഴയുടെ അളവ് മാത്രം പ്രവചിക്കുന്നത് ഇനി പര്യാപ്തമല്ലെന്ന യാഥാർത്ഥ്യത്തെ ഇത് അടിവരയിടുന്നുമുണ്ട്.
കാലാവസ്ഥാ വ്യതിയാനം, എൽ നിനോ, സമുദ്രങ്ങളിലെ താപനില വർദ്ധനവ്, വെസ്റ്റേൺ ഡിസ്റ്റർബൻസുകൾ, മറ്റ് അന്തരീക്ഷ ഘടകങ്ങൾ എന്നിവയുമായി ചേർന്നുപ്രവർത്തിക്കുമ്പോൾ, മഴ എവിടെ, എപ്പോൾ, എത്രത്തോളം തീവ്രമായി പെയ്യുമെന്ന് കൃത്യമായി പ്രവചിക്കുക എന്നത് വെല്ലുവിളിയാണ്. ഇനിയങ്ങോട്ട്, മൺസൂൺ ഔദ്യോഗികമായി സാധാരണ നിലയിലാണോ അതോ കുറവാണോ എന്ന് പ്രവചിക്കുന്നതിനേക്കാൾ പ്രധാനം ഈ മാറ്റം മനസ്സിലാക്കുക എന്നതായിരിക്കും.
Following two sweltering weeks in Kerala, the monsoon has returned with a vengeance. The India Meteorological Department (IMD) has issued orange alerts in 11 districts today and warned of adverse weather conditions across all districts. Climate change is among the many factors behind these increasingly unpredictable shifts in India's monsoon patterns.
The IMD had earlier forecast that rainfall in July would remain below normal. However, defying those projections, the southwest monsoon staged an extraordinary comeback, significantly reducing the country's rainfall deficit. According to Climate Trends' report, "Climate Change and El Niño Rewrite the Monsoon: July 2026 Defies Forecasts," this year's monsoon has emerged as one of the biggest weather surprises in recent times.
The development lends further weight to concerns that climate change is making monsoon behaviour increasingly erratic and difficult to predict.