India

അഗ്‌നിവീറുകളുടെ സേവന കാലാവധി 6 വര്‍ഷം; കേന്ദ്രത്തിന്റെ യുടേണ്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടോ?

'അഗ്‌നിവീറുകള്‍ക്കും സായുധ സേനയ്ക്കും ഏറ്റവും സുപ്രധാനമായ ദിനം' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്

Madism Desk

ഇന്ത്യന്‍ സായുധ സേനയിലെ അഗ്നിവീറുകളുടെ സേവനം സംബന്ധിച്ച് നയപരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കേണ്ടിയിരുന്ന 75 ശതമാനം അഗ്‌നിവീറുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് കൂടി സേവന കാലാവധി നീട്ടിനല്‍കും. ബുധനാഴ്ച സംയുക്ത സൈനിക മേധാവി ജനറല്‍ സുബ്രമണിയാണ് ഈ പ്രഖ്യാപനം നടത്തിയത്. 'അഗ്‌നിവീറുകള്‍ക്കും സായുധ സേനയ്ക്കും ഏറ്റവും സുപ്രധാനമായ ദിനം' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. നടപടിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

2022-ല്‍ അവതരിപ്പിച്ച അഗ്‌നിപഥ് പദ്ധതിയുടെ ആദ്യ രൂപരേഖ പ്രകാരം, 4 വര്‍ഷത്തെ സേവനത്തിന് ശേഷം 25% അഗ്‌നിവീറുകളെ മാത്രമാണ് സ്ഥിരം സൈനികരായി നിലനിര്‍ത്തിയിരുന്നത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ബാക്കിവരുന്ന 75% പേര്‍ക്കും അധികമായി രണ്ട് വര്‍ഷത്തെ സേവന കാലാവധി ലഭിക്കും. ഈ അധിക രണ്ടു വര്‍ഷങ്ങളില്‍ ഉയര്‍ന്ന വേതനവും വര്‍ധിപ്പിച്ച 'സേവാ നിധി' പാക്കേജും ലഭിക്കും. വിപുലീകൃത കാലയളവില്‍, നിശ്ചിത സൈനിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ അഗ്‌നിവീറുകള്‍ക്കും റെഗുലര്‍ സൈനികരായി മാറാാനുള്ള അവസരം ലഭിക്കും.

എന്താണ് അഗ്‌നിപഥ് പദ്ധതി

4 വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ പതിനേഴര വയസിനും 21 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളെ സൈന്യത്തില്‍ നിയമിക്കുന്നത് പദ്ധതിയാണിത്. അഗ്‌നിവീര്‍ എന്ന പേരിലായിരിക്കും നിയമനം. ആദ്യ വര്‍ഷം 30,000 രൂപയില്‍ തുടങ്ങി നാലാം വര്‍ഷം 40,000 രൂപ വരെയാണ് പ്രതിമാസ വേതനം. സേവന കാലയളവില്‍ ശമ്പളത്തിന്റെ 30% വിഹിതവും സര്‍ക്കാരിന്റെ തുല്യ വിഹിതവും ചേര്‍ത്ത് രൂപീകരിക്കുന്ന തുക, നാല് വര്‍ഷത്തിന് ശേഷം നികുതി രഹിത 'സേവാ നിധി' പാക്കേജായി (ഏകദേശം 11.71 ലക്ഷം) തിരികെ നല്‍കുന്നു.

സര്‍ക്കാരിന്റെ യൂടേണും, രാഷ്ട്രീയ വിവാദവും

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ യൂടേണ്‍ നിലപാടിന്റെ ഒടുവിലെ ഉദാഹരണമാണിതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 'ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം യുവാക്കള്‍ സായുധ സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട്, ഭയം കാരണം അവര്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്,' കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു.

അഗ്‌നിപഥ് പദ്ധതി സായുധ സേനയെയും യുവാക്കളുടെ ഭാവിയെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തുടക്കം മുതലേ ഇതിനെ എതിര്‍ത്തിരുന്നു. ഈ പദ്ധതി നമ്മുടെ സായുധ സേനയ്ക്ക് മാത്രമല്ല, രാജ്യത്തെ യുവാക്കള്‍ക്കും ദോഷം ചെയ്യുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നിങ്ങള്‍ അവരെ തൊഴിലില്ലാത്തവരായി തെരുവിലേക്ക് തള്ളിയിടുകയല്ലേ ചെയ്യുന്നത് എന്ന ചോദ്യം അദ്യം മുതല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കാലാവധി നീട്ടി നല്‍കിയതിന് ശേഷവും തിരഞ്ഞെടുക്കപ്പെടാത്തവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടും തെരുവിലിറങ്ങേണ്ടി വരുമോ, അതോ നിങ്ങള്‍ വീണ്ടും നിലപാട് മാറ്റുമോ?' എന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

2022 ജൂണില്‍ കേന്ദ്ര മന്ത്രിസഭ 'അഗ്‌നിപഥ്' പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതി പ്രകാരം, സേവന കാലാവധി പൂര്‍ത്തിയാക്കുന്ന 'അഗ്‌നിവീരന്മാരില്‍' നാലിലൊന്ന് പേര്‍ക്ക് അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരം സേനയില്‍ തുടരും. എന്നാല്‍ സേവന കാലാവധി വളരെ കുറവാണെന്നതും, സേനയില്‍ നിന്ന് വിരമിച്ച ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും ഈ പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ പ്രഖ്യാപനം വരുന്നത്.

The Union Cabinet has approved a major change to the Agnipath recruitment scheme, offering a two-year extension of service to the 75 per cent of Agniveers who were previously due to leave the armed forces after completing their initial four-year tenure. Chief of Defence Staff General NS Raja Subramani announced the decision on Wednesday, November 4, 2026. The additional two-year engagement will provide eligible Agniveers another opportunity to join the regular armed forces, subject to willingness and selection criteria. The government described the move as a significant development for both Agniveers and the armed forces.