India

രാമക്ഷേത്ര ഫണ്ട് അഴിമതി രാഷ്ട്രീയ ആയുധമാക്കാൻ കോൺ‍​ഗ്രസ്; വിഷയത്തിൽ ഇടപെടാൻ മടിച്ച് ബിജെപി

അഴിമതി ആരോപണങ്ങൾ ഞെട്ടിക്കുന്നതാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് ഇന്ന് പ്രതികരിച്ചത്

Madism Desk

അയോധ്യയിലെ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ ക്രമക്കേടുണ്ടെന്ന് ദിവസങ്ങൾക്കുമുമ്പ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. കോടികളുടെ അഴിമതി ആരോപണം പൊതു ശ്രദ്ധയിലേക്ക് എത്തിക്കാതെ മൗനം തുടർന്ന ബിജെപിക്ക് തലവേദനയായി വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺ​ഗ്രസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. രാമക്ഷേത്രംപോലെ വൈകാരികമായ വിഷയങ്ങളിൾ ഇടപെടുന്നത് ബിജെപിക്ക് ദോഷമുണ്ടാകുമെന്നാണ് കോൺ​ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.

അഴിമതി ആരോപണങ്ങൾ ഞെട്ടിക്കുന്നതാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് ഇന്ന് പ്രതികരിച്ചത്. വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡണ്ട് അജയ് റായിയും രം​ഗത്തെത്തിയിട്ടുണ്ട്. രാമക്ഷേത്ര നിർമാണത്തിനായി സാമ്പത്തികമായി സഹായിച്ച താനുൾപ്പെടെ ലക്ഷക്കണക്കിന് ഭക്തർ ഇപ്പോഴത്തെ വിവാദത്തിൽ കടുത്ത നിരാശയിലാണെന്നാണ് ദിഗ്വിജയ് സിങ് പ്രതികരിച്ചത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും രാമക്ഷേത്രത്തിൽ ബിജെപിയും ആർഎസ്എസും ചേർന്ന് അഴിമതി നടത്തിയെന്നുമാണ് അജയ് റായ് ആരോപിച്ചത്.

വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ വിഷയം മാധ്യമങ്ങളുടെ മുന്നിലെത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അഴിമതിയെക്കുറിച്ച് തനിക്കറിയാമെന്നും വലിയ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും തുറന്നുപറഞ്ഞ് മുൻ എംപിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ കഴിഞ്ഞ ആഴ്ച്ചയിൽ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. അഴിമതിയിൽ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടെന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ സത്യം പറഞ്ഞാൽ തനിക്ക് പ്രശ്നമാകുമെന്നുകൂടി കൂട്ടിച്ചേർത്തിരുന്നു.

കോടിക്കണക്കിനു രൂപയുടെ അഴിമതിയുണ്ടെന്നാണ് രാമക്ഷേത്ര ഫണ്ടിലെ ആരോപണം. 1900 കോടി രൂപ ചെലവഴിച്ചാണ് രാമക്ഷേത്രം പണിതത്. എന്നാൽ ക്ഷേത്രനിർമാണത്തിനായി 3000 കോടി രൂപയോളം സംഭാവന ലഭിച്ചുവെന്നാണ് കണക്ക്. ദൈനംദിന സംഭാവനകൾ ഉൾപ്പെടെ കോടിക്കണക്കിന് സംഖ്യ വേറെയും വരും. ഈ കണക്കിലാണ് വൻ അഴിമതികൾ സംഭവിച്ചതായി ബ്രിജ് ഭൂഷൺ സമ്മതിച്ചത്.

വിഷയത്തിൽ ഇതുവരെ ബിജെപിയോ ഔദ്യോ​ഗിക നേതൃത്വമോ മറുപടി പറഞ്ഞിട്ടില്ല. ആരോപണങ്ങൾ നിഷേധിക്കുന്നതായും ഓഡിറ്റുകളിൽ ക്രമക്കേടൊന്നും കണ്ടെത്തിയില്ലെന്നുമുള്ള മറുപടിയായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തിനുപിന്നാലെ രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നത്.

Allegations of financial irregularities in donations linked to the Ayodhya Ram Temple have gained political attention after Samajwadi Party leader Akhilesh Yadav raised concerns. Reports suggest the Congress now plans to aggressively pursue the issue, believing it could put the BJP on the defensive over a highly sensitive subject. Senior Congress leaders Digvijaya Singh and Ajay Rai have demanded a probe, with Rai calling for a High Court-monitored investigation. Former BJP MP Brij Bhushan also claimed corruption occurred and hinted that influential figures were involved. While allegations point to discrepancies between donations received and temple construction costs, the Ram Temple Trust has denied wrongdoing, stating that audits found no irregularities.