India

സ്‌പീക്കറുടെ ഗർഭച്ഛിദ്ര വിരുദ്ധ നിലപാട്, മന്ത്രിയുടെ ബൈബിൾ പരാമർശം... മതം പിടിമുറുക്കുന്നോ വിജയ്‌യുടെ തമിഴ്‌നാട്ടിൽ?

തമിഴ്‌നാട് രാഷ്ട്രീയത്തിലും ഭരണത്തിലും മതപരമായ നിലപാടുകൾ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്

Madism Desk

വിജയ്‌യുടെ തമിഴ്‌നാട്ടിൽ സംഭവിക്കുന്നതെന്താണ്? ചോദ്യത്തിന് കാരണം വേറൊന്നുമല്ല, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസം കൊണ്ടുണ്ടായ സംഭവവികാസങ്ങൾ ഇത്തരത്തിലൊരു ആശങ്കയാണ് സമ്മാനിക്കുന്നത്. സ്പീക്കർ ജെ.സി.ഡി പ്രഭാകറിന്റെ ഗർച്ഛിദ്ര വിരുദ്ധ പരാമർശവും ധനമന്ത്രി മാരി വിൽസണിന്റെ ബൈബിൾ പ്രസ്താവയുമെല്ലാം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറക്കുകയാണ്.

ചെന്നൈയിൽ നടന്ന നാഷണൽ മാർച്ച് ഫോർ ലൈഫ് എന്ന കത്തോലിക്കാ സഭാ റാലിയിലാണ് സ്പീക്കർ ജെ.സി.ഡി പ്രഭാകർ വിവാദ പരാമർശം നടത്തിയത്. ഗർഭധാരണ നിമിഷം മുതൽ തന്നെ ജീവൻ ആരംഭിക്കുന്നു എന്നും മാതാവിന്റെ വയറ്റിലുള്ള കുഞ്ഞിനും ജീവിക്കാനും ആദരിക്കപ്പെടാനുമുള്ള അവകാശമുണ്ടെന്നുമായിരുന്നു പ്രസ്താവന.

നിയമസഭയിലായിരുന്നു ധനമന്ത്രിയുടെ വിവാദപരാമർശം. ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രിയുടെ തമിഴ് പ്രയോഗത്തിൽ വ്യാകരണ തെറ്റുകളുണ്ടെന്നും ഇംഗ്ലീഷിലേക്ക് മാറിയെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു.

ഇതിന്, തനിക്ക് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കരുണയുടെയും ഭാഷ പഠിപ്പിച്ചു തന്നത് ബൈബിളാണെന്നും എത്ര തമിഴ് പഠിച്ചാലും ചിലർക്ക് ഈ മൂല്യങ്ങൾ മനസ്സിലാകില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

ഈ രണ്ട് പ്രസ്താവനകളും പ്രതിപക്ഷപ്പാർട്ടികളടക്കം ഏറ്റുപിടിച്ചു. ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമപരമായി അനുവദനീയമായിരിക്കെ, ഭരണഘടനാപരമായി ഉയർന്ന പദവിയിലിരിക്കുന്ന ഒരു വ്യക്തി സ്ത്രീകളുടെ ശാരീരിക സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും എതിരായ പ്രസ്ഥാനത്തെ പിന്തുണച്ചത് തെറ്റായ സന്ദേശം നൽകുന്നുവെന്ന് സാമൂഹിക പ്രവർത്തകരും പ്രതിപക്ഷ കക്ഷികളും ആരോപിച്ചു.

സ്പീക്കർ പ്രഭാകർ ഗർഭച്ഛിദ്ര വിരുദ്ധ റാലിയിൽ പങ്കെടുത്തതിനെ പ്രതിപക്ഷ പാർട്ടികളും വനിതാ അവകാശ പ്രവർത്തകരും ശക്തമായാണ് വിമർശിക്കുന്നത്. ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തി സ്ത്രീകളുടെ പ്രത്യുത്പാദനപരമായ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന പ്രചാരണങ്ങളെ പിന്തുണയ്ക്കാൻ പാടില്ലെന്ന് അവർ വാദിച്ചു.

സ്പീക്കറെ വിമർശിച്ചുകൊണ്ട് ഡി.എം.കെ നേതാവ് ടി. കെ. എസ്. ഇളങ്കോവൻ പറഞ്ഞത്, ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ രാഷ്ട്രീയപരമല്ല, മറിച്ച് വൈദ്യശാസ്ത്രപരമാണെന്നും രോഗിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് അത് പൂർണ്ണമായും ഡോക്ടർമാർക്ക് വിട്ടുകൊടുക്കണമെന്നുമാണ്.

ധനമന്ത്രി തമിഴ് ഭാഷയെ ചെറുതാക്കി കാണിക്കുകയും സ്വന്തം മതവിശ്വാസത്തെ ഭാഷയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് ബി.ജെ.പി അടക്കമുള്ള കക്ഷികൾ രംഗത്തെത്തിയത്. തമിഴ് ജനതയുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് മന്ത്രി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

രണ്ട് പ്രസ്താവനകളും ചേർത്ത്, തമിഴ്‌നാട് രാഷ്ട്രീയത്തിലും ഭരണത്തിലും മതപരമായ നിലപാടുകൾ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്.

സ്പീക്കർ പ്രഭാകർ മുമ്പ് എഐഎഡിഎംകെയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്, 2026 ജനുവരിയിലാണ് അദ്ദേഹം ടിവികെയിൽ ചേർന്നത്. തമിഴ്‌നാട് നിയമസഭയിലെ സ്പീക്കർ പദവിയിലിരുന്ന് നടത്തിയ കന്നി പ്രസംഗത്തിൽ അദ്ദേഹം ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചിരുന്നു.

തമിഴ്‌നാട് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ സംഘടിപ്പിച്ച ചടങ്ങുകൾ ഉൾപ്പടെ നിരവധി ക്രിസ്തീയ കൂട്ടായ്‌മകളെ അദ്ദേഹം നിരന്തരം അഭിസംബോധന ചെയ്തിട്ടുണ്ട്.

What is happening in Vijay’s Tamil Nadu? The question arises from a series of recent developments in the state that have sparked concern and political debate. Among them are Speaker J.C.D. Prabhakar’s anti-abortion remarks and Finance Minister Mari Wilson’s comments referencing the Bible, both of which have triggered major controversies.

Speaker J.C.D. Prabhakar made the controversial remarks while addressing the Catholic Church-organised National March for Life rally in Chennai. He stated that life begins at the moment of conception and that a child in the mother's womb has the right to live and be respected.