India

ചൈനയ്ക്കെതിരെ പ്രതിരോധം, പക്ഷേ... 'സിയാങ് അണക്കെട്ടിൽ' അരുണാചൽ പ്രതിഷേധം എന്തിന്?

രാജ്യസുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന പദ്ധതി തങ്ങളുടെ ജീവനും ജീവിതത്തിനും മേൽ കരിനിഴൽ വീഴ്ത്തുന്നുവെന്നാണ് അരുണാചലിലെ ജനങ്ങൾ ആരോപിക്കുന്നത്

Madism Desk

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, 150ഓളം വരുന്ന യുവാക്കൾ അരുണാചൽ പ്രദേശിലെ പസീഗട്ടിലുള്ള ഹൈഡ്രോഇലക്ട്രിക് പവർ കോർപറേഷന് മുന്നിൽ ഒരു പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരുന്നു. ജലവൈദ്യുത കോർപറേഷന്റെ പ്രാദേശിക ഓഫീസിനും നിരവധി വാഹനങ്ങൾക്കും തീയിട്ട പ്രതിഷേധക്കാർ പ്രാദേശിക ബിജെപി അധ്യക്ഷന്റെയും എംഎൽഎമാരുടെയും വീടുകൾക്ക് തീയിടുകയും ചെയ്തു. സമരക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ കല്ലേറിലും ഏറ്റുമുട്ടലിലും 40-ലേറെ പൊലീസുകാർക്കും നിരവധി സമരക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

ക്രമസമാധാനം നിയന്ത്രണവിധേയമാക്കുന്നതിനായി സി.ആർ.പി.എഫ്, ആർ.എ.എഫ് ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ സേനയെ സംസ്ഥാനത്തേക്ക് വ്യോമസേന വിമാനങ്ങളിൽ അടിയന്തരമായി എത്തിച്ചിരിക്കുകയാണ് കേന്ദ്രം. സ്ഥിതിഗതികൾ കണക്കിലെടുത്ത് ഈസ്റ്റ് സിയാങ് ഉൾപ്പെടെ മൂന്ന് അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്.

എന്താണ് സത്യത്തിൽ അരുണാചൽ പ്രദേശിൽ സംഭവിക്കുന്നത്?

ബ്രഹ്മപുത്ര നദിക്ക് കുറുകെ ഇന്ത്യ നിർമിക്കാനൊരുങ്ങുന്ന കൂറ്റൻ ഡാം പ്രോജക്ടിനെതിരെ ആണ് അരുണാചൽ പ്രദേശിൽ വ്യാപകമായി പ്രതിഷേധം ഉടലെടുക്കുന്നത്. 11,200 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളും ആദിവാസി സംഘടനകളും സംയുക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

ചൈനീസ് അതിർത്തിക്ക് സമീപം ബ്രഹ്മപുത്ര (യാർലുങ് ടിയാങ്‌പോ) നദിയിൽ ചൈന നിർമ്മിക്കുന്ന കൂറ്റൻ ജലവൈദ്യുത പദ്ധതികളെ പ്രതിരോധിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെയും നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷന്റെയും പദ്ധതിക്ക് പിന്നിലെ പ്രധാന ലക്ഷ്യം. ചൈന വെള്ളം തടഞ്ഞുനിർത്തുകയോ പെട്ടെന്ന് തുറന്നുവിടുകയോ ചെയ്യുന്നത് മൂലം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരൾച്ചയും പ്രതിരോധിക്കാൻ ഒരു വലിയ സംഭരണി വേണമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തത്.

എങ്കിലും, രാജ്യസുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ പദ്ധതി തങ്ങളുടെ ജീവനും ജീവിതത്തിനും മേൽ കരിനിഴൽ വീഴ്ത്തുന്നുവെന്നാണ് അരുണാചലിലെ ജനങ്ങൾ ആരോപിക്കുന്നത്.

പദ്ധതി യാഥാർത്ഥ്യമായാൽ സിയാങ് താഴ്‌വരയിലെ 27-ഓളം ഗ്രാമങ്ങളും നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയും വനമേഖലയും പൂർണ്ണമായി വെള്ളത്തിനടിയിലാകും. പരമ്പരാഗതമായി കൃഷിയും കന്നുകാലി വളർത്തലും നടത്തി ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ട് മറ്റ് പ്രദേശങ്ങളിൽ അഭയം തേടേണ്ടി വരും.

പ്രദേശത്തെ പ്രമുഖ ആദിവാസി വിഭാഗമായ 'ആദി' ജനവിഭാഗത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരവും പാരമ്പര്യവും ഈ മണ്ണുമായി ഇഴചേർന്നുകിടക്കുന്നതാണ്. പദ്ധതി വരുന്നതോടെ തങ്ങളുടെ ചരിത്രവും വിശുദ്ധമായ ആചാരസ്ഥലങ്ങളും എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് അവർ ഭയപ്പെടുന്നു.

ഹിമാലയൻ മലനിരകൾ അതിതീവ്ര ഭൂകമ്പ സാധ്യതയുള്ള മേഖലയാണ്. ഇത്രയും ഭീമാകാരമായ ഒരു അണക്കെട്ട് ഇവിടെ നിർമ്മിക്കുന്നത് വൻ പാരിസ്ഥിതിക ആഘാതങ്ങൾക്കും ഭാവിയിൽ ഡാം തകർച്ച പോലുള്ള വൻ ദുരന്തങ്ങൾക്കും കാരണമായേക്കാമെന്ന് പരിസ്ഥിതി വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

പ്രീ-ഫീസിബിലിറ്റി പഠനങ്ങൾക്കും സർവേകൾക്കും എതിരെ ഗ്രാമവാസികൾ തുടക്കം മുതലേ രംഗത്തുണ്ട്. പ്രാദേശിക സമൂഹങ്ങളുമായി വേണ്ടത്ര ചർച്ച നടത്താതെയും അനുമതി വാങ്ങാതെയുമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നാണ് പ്രധാന ആരോപണം.

ഈ കാരണങ്ങൾ മുൻനിർത്തിയാണ് പാസിഘട്ട് ഉൾപ്പെടെയുള്ള സിയാങ് താഴ്‌വരയിലെ വിവിധ കേന്ദ്രങ്ങളിൽ ആദിവാസി യുവജന സംഘടനകളുടെ നേതൃത്വത്തിൽ വൻ റാലികളും പ്രതിഷേധ പ്രകടനങ്ങളും നടന്നുവരുന്നത്. "ഞങ്ങളുടെ ഭൂമിയും നശിച്ചുപോകുന്ന സംസ്കാരവും സംരക്ഷിക്കാൻ അവസാനശ്വാസം വരെ പോരാടും" എന്ന നിലപാടിലാണ് നാട്ടുകാർ.

ദേശീയ സുരക്ഷയുടെയും ജലസുരക്ഷയുടെയും ഭാഗമായി കേന്ദ്ര സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ, തങ്ങളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്നതിനെതിരെ അരുണാചലിലെ ജനങ്ങൾ നടത്തുന്ന ഈ സമരം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

On Friday night, around 150 youths staged a protest march outside the Hydroelectric Power Corporation in Pasighat, Arunachal Pradesh. The protesters set fire to the corporation’s local office and several vehicles, as well as the homes of the local BJP president and MLAs. More than 40 police personnel and several protesters were injured in stone-pelting and clashes between the demonstrators and security forces.