India

35 വര്‍ഷം നീണ്ട നിയമപോരാട്ടം; 103-ാം വയസില്‍ സ്വന്തം ഭൂമി തിരിച്ചുപിടിച്ച് ബിഹാർ സ്വദേശി

ബിഹാറിലെ ഈസ്റ്റ് ചംപാരൻ ജില്ലക്കാരിയായ ഹബീബൻ ഖത്തൂനാണ് കോടതിവിധിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഭൂമിയുടെ കൈവശാവകാശം ഔദ്യോഗികമായി കൈമാറിത്

Madism Desk

103-ാം വയസ്സിൽ ജീവിതത്തിന്റെ അവസാനഘട്ടമെന്ന് പൊതുസമൂഹം വിധി എഴുതിയ പ്രായത്തിൽ, പലരും രോഗങ്ങളോട് പോരാടി മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന പ്രായത്തിൽ, ബിഹാറിലെ ഹബീബൻ ഖത്തൂൻ പോരാടിയത് സ്വന്തം ഭൂമി തിരിച്ചുപിടിക്കാനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അവർക്ക് നീതി ലഭിച്ചു. ബിഹാറിലെ ഈസ്റ്റ് ചംപാരൻ ജില്ലക്കാരിയായ ഹബീബൻ ഖത്തൂന് കോടതിവിധിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഭൂമിയുടെ കൈവശാവകാശം ഔദ്യോഗികമായി കൈമാറി.

35 വർഷം നീണ്ട ഭൂമിതർക്കത്തിനാണ് ഇതോടെ വിരാമമായത്. ഏകദേശം 1,600 ചതുരശ്ര അടി ഭൂമിയെച്ചൊല്ലിയുണ്ടായ തർക്കം 1994 മുതൽ സിവിൽ കോടതിയുടെ പരിഗണനയിലായിരുന്നു. ദീർഘകാല നിയമനടപടികൾക്കു ശേഷം കോടതി ഹബീബൻ ഖത്തൂന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ഭൂമി കൈമാറാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുകയുമായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഭരണകൂടം ഭൂമിയുടെ കൈവശം ഹബീബൻ ഖത്തൂന് തിരികെ നൽകിയത്.

കോടതി വിധിക്കു പിന്നാലെ റവന്യൂ വകുപ്പ്, ജില്ലാ ഭരണകൂടം, പൊലീസ് എന്നിവരടങ്ങിയ സംയുക്തസംഘം ഗ്രാമത്തിലെത്തി ഉത്തരവ് നടപ്പാക്കി. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷം ഭൂമിയുടെ കൈവശം ഹബീബൻ ഖത്തൂന് ഔദ്യോഗികമായി കൈമാറി. നടപടിയുടെ ഭാഗമായി കോടതി ഉത്തരവ് ഗ്രാമത്തിൽ പെരമ്പറ മുഴക്കി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു. തർക്കത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്ഥലത്ത് 300-ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ, റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ മേൽനോട്ടത്തിൽ മുഴുവൻ നടപടിക്രമങ്ങളും സമാധാനപരമായി പൂർത്തിയാക്കി.

35 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഭൂമി തിരിച്ചുകിട്ടിയതിൽ ഹബീബൻ ഖത്തൂന്റെ കുടുംബം കോടതിയോടും ഭരണകൂടത്തോടും നന്ദി രേഖപ്പെടുത്തി. വർഷങ്ങളായുള്ള പോരാട്ടത്തിനൊടുവിൽ തങ്ങളുടെ നിയമപരമായ അവകാശം തിരിച്ചുകിട്ടിയെന്നും ക്ഷമയും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസവുമാണ് ഈ വിജയത്തിന് പിന്നിലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് കോടതി ഉത്തരവനുസരിച്ച് ഭൂമി കൈമാറിയതെന്ന് കല്ല്യാൺപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനീത് കുമാർ അറിയിച്ചു. നടപടിക്കിടെ യാതൊരു നിയമ-സമാധാന പ്രശ്നവും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

At an age when most people are in the final phase of life, battling illness and depending on others for daily care, 103-year-old Habiban Khatoon from Bihar was fighting a very different battle — to reclaim her ancestral land. After a legal struggle spanning more than three decades, she finally secured justice. Based on a court order, the district administration in Bihar's East Champaran officially restored possession of the disputed land to Habiban Khatoon, bringing her decades-long fight to a victorious end.