India

തിരഞ്ഞെടുപ്പ് എത്തി! യുപിയിൽ സ്ത്രീകൾക്ക് 50,000 രൂപയുടെ ക്ഷേമപദ്ധതിക്ക് ബിജെപി, വിമർശനം

ബി.ജെ.പിയുടെ വാഗ്ദാനം വെറും തിരഞ്ഞെടുപ്പ് ജുംല (തട്ടിപ്പ്) ആണെന്നാണ് സമാജ്‌വാദി അടക്കമുള്ള പാർട്ടികളുടെ വിമർശനം.

Madism Desk

2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് യുപിയിൽ ബിജെപി. സ്ത്രീകൾക്ക് പ്രതിവർഷം 50,000 രൂപ വരെ നൽകുന്ന പദ്ധതിയാണ് ഇതിലേറ്റവും ശ്രദ്ധേയം. തവണകളായി തുക അക്കൌണ്ടിലെത്തുന്ന ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ യോഗി സർക്കാർ കാര്യമായി വിമർശനവും നേരിടുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ് 20,000 രൂപയും തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് ഗഡുക്കളായി ബാക്കി തുകയും നൽകുന്ന വിധമാണ് പദ്ധതി. പദ്ധതി എങ്ങനെ നടപ്പിലാക്കും, മാനദണ്ഡങ്ങളെന്തൊക്കെ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻകൂറായി സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കാനുള്ള പദ്ധതിയാണിത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ വനിതാ വോട്ടുകൾ സ്വരൂപിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

എന്നാൽ ബി.ജെ.പിയുടെ വാഗ്ദാനം വെറും തിരഞ്ഞെടുപ്പ് ജുംല (തട്ടിപ്പ്)ആണെന്നാണ് സമാജ്‌വാദി അടക്കമുള്ള പാർട്ടികളുടെ വിമർശനം. എക്സിൽ പങ്കുവെച്ച കുറിപ്പിൽ ബിജെപിക്കെതിരെ കടുത്ത ഭാഷയിലാണ് യേഗഗി സർക്കാരിനെതിരെ അഖിലേഷ് യാദവ് തിരിച്ചടിച്ചത്. കഴിഞ്ഞ 10 വർഷമായി ബിജെപി സർക്കാർ യുപിയിലെ സ്ത്രീകൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ ഒന്നും തന്നെ നൽകിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ധാർമികത എന്നത് കേട്ടുകേൾവി പോലുമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കുറിപ്പിൽ തുറന്നടിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

പണമല്ലാതെ, ഇലക്ഷൻ ജയിക്കാൻ വേണ്ടതൊന്നും നിലവിൽ ബിജെപിയുടെ പക്കലില്ല. ആ പണം തന്നെ, പാർട്ടി തെറ്റായ മാർഗങ്ങളിലൂടെ ഉണ്ടാക്കിയതാണ്. യുപിയിലെ സ്ത്രീകൾ ആ തെറ്റുകളൊന്നും പൊറുക്കുന്നവരല്ല. തങ്ങളുടെ അവകാശങ്ങളെ പറ്റി ബോധ്യമുള്ള യു.പിയിലെ സ്ത്രീകൾ ചോദിക്കുകയാണ്- ഇതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കൊണ്ട് സ്ത്രീകൾക്ക് എന്ത് നേട്ടമുണ്ടായി? ആ പണം നൽകാൻ ബിജെപി തയ്യാറായിട്ടില്ല. ചിലയിടങ്ങളിൽ കൊടുത്ത പണം തിരഞ്ഞെടുപ്പിന് ശേഷം പിടിച്ചുവാങ്ങുന്ന അവസ്ഥ പോലുമുണ്ടായി. പണം തിരികെ നൽകാൻ കഴിയാത്ത സ്ത്രീകളുടെ വീടുകളിലേക്ക് പൊലീസിനെ അയച്ച്, അവരെ കോടതി കയറ്റുകയായിരുന്നു ബിജെപി.

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയിലേക്ക് പോലും നോക്കൂ. ഈ പറയുന്ന 50,000 രൂപ ഈ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ എപ്പോഴെങ്കിലും അവർക്ക് നൽകാമായിരുന്നു. പക്ഷേ ചെയ്തില്ല. സ്വന്തം പാർട്ടിയുടെ പ്രമോഷന് വേണ്ടി, ഓരോ പദ്ധതി പ്രഖ്യാപിച്ച് കോടികളൊഴുക്കിയിട്ടുണ്ട് മുഖ്യമന്ത്രി യോഗി. എന്നാൽ ആ പദ്ധതികൾ കൊണ്ട് ആർക്കെങ്കിലും ഉപകാരമുണ്ടായോ?

ഇപ്പോൾ പറഞ്ഞ ഈ 50,000 രൂപ ഓരോ വർഷവും നൽകിയിരുന്നെങ്കിൽ, പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം രൂപ യു.പിയിലെ സ്ത്രീകൾക്ക് സമ്പാദിക്കാനായേനെ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഈ പാഴ്വാക്കുകൾ. അതും 20,000 രൂപയാണ് തിരഞ്ഞെടുപ്പിന് മുമ്പ് നൽകാനിരിക്കുന്നത്. ഇത് ഈ പറഞ്ഞ 5 ലക്ഷം രൂപയുടെ നാല് ശതമാനം മാത്രമേയുള്ളൂ. ബാക്കി 96 ശതമാനവും ബിജെപിക്കാർ വിഴുങ്ങി.

ഇനി ഈ പറഞ്ഞ 20,000 രൂപ നൽകി എന്ന് തന്നെ ഇരിക്കട്ടെ, ഈ പത്ത് വർഷം കൊണ്ട് നൽകാമായിരുന്ന ബാക്കി 4,80,000 രൂപ എവിടെ? അത് യു.പി സ്ത്രീകൾക്ക് നൽകാൻ ബിജെപി ബാധ്യസ്ഥരാണ്.

യു.പിയിലെ തങ്ങളുടെ നിലവിലെ അവസ്ഥ ബി.ജെ.പിക്ക് നന്നായറിയാം. ജനരോഷം ഭയന്ന് പാർട്ടി പ്രവർത്തകർ അങ്ങനെ പൊതുവിടങ്ങളിൽ പോലും പ്രത്യക്ഷപ്പെടുന്നില്ല. ആർക്കും ബി.ജെ.പിയിലേക്ക് പോകേണ്ട. ക്ഷേത്രക്കൊള്ളയും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും കൊണ്ട് അത്രയധികം കളങ്കപ്പെട്ടു കഴിഞ്ഞു ആ പാർട്ടി. യാതൊരുവിധ ധാർമികതയും ഇല്ലാതെ, മറ്റൊരു വഴിയിലൂടെയും തിരഞ്ഞെടുപ്പിനെ നേരിടാനാവാതെ നിൽക്കക്കള്ളിയില്ലാതെ നിൽക്കുകയാണ് ബിജെപിയിപ്പോൾ. പണമെറിഞ്ഞല്ലാതെ അധികാരം പിടിക്കാൻ ഇനി അവർക്കാവില്ല.

ബിജെപിയുടെ വാഗ്ദാനത്തിന് ബദലായി സമാജ്വാദി പാർട്ടി അധികാരത്തിൽ വന്നാൽ വനിതകൾക്ക് കൂടുതൽ മികച്ച സാമ്പത്തിക സഹായം നൽകുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്പി സർക്കാർ അധികാരത്തിലെത്തിയാൽ തുടക്കത്തിൽ പ്രതിവർഷം 40,000 രൂപ വീതം സ്ത്രീകൾക്ക് നൽകുമെന്നും, തുടർന്നുള്ള ഓരോ വർഷവും ഈ തുക വർദ്ധിപ്പിക്കുമെന്നുമാണ് ഉറപ്പ്.

Ahead of the 2027 assembly elections, the BJP is preparing to announce new welfare schemes in Uttar Pradesh. The most notable among them is a scheme that would provide women with up to ₹50,000 annually. The scheme, under which the money would be credited to beneficiaries’ accounts in instalments, is already drawing criticism even before its official announcement by the Yogi Adityanath government.

Under the proposed scheme, ₹20,000 would reportedly be paid before the elections, with the remaining amount disbursed in three instalments after the elections. Details regarding how the scheme will be implemented and the eligibility criteria are yet to be clarified.

The key aspect of the scheme is that it would provide financial benefits to women in advance of the elections. Through the initiative, the BJP is reportedly aiming to secure the crucial women’s vote ahead of the Uttar Pradesh Assembly elections scheduled for February 2027.