India

സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസ്: കുടംബത്തിന്റെ അപ്പീൽ തള്ളി ബോംബെ ഹൈക്കോടതി, പ്രതികള്‍ കുറ്റവിമുക്തര്‍ തന്നെ

പ്രതികളെ വെറുതെ വിട്ട നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സൊറാബുദ്ദീന്റെ സഹോദരങ്ങള്‍ 2019ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളാണ് ഏഴ് വര്‍ഷത്തിനുശേഷം ഹൈക്കോടതി തള്ളിയത്

Madism Desk

വിവാദമായ സൊറാബുദ്ദീന്‍ ഷെയ്ഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസിലെയും സൊറാബുദ്ദീന്റെ ഭാര്യ കൗസര്‍ ബി കൊല്ലപ്പെട്ട കേസിലെയും പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ബോംബെ ഹൈക്കോടതി ശരിവെച്ചു. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് സ്വദേശികളായ 21 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 22 പേരെ കുറ്റവിമുക്തരാക്കിയ വിധിയാണ് ശരിവെച്ചത്. പ്രതികളെ വെറുതെ വിട്ട നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൊറാബുദ്ദീന്റെ സഹോദരങ്ങള്‍ 2019ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളാണ് ഏഴ് വര്‍ഷത്തിനുശേഷം ഹൈക്കോടതി തള്ളിയത്.

ഗുജറാത്ത് എടിഎസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2010-ലാണ് സുപ്രീം കോടതി സിബിഐക്കു കൈമാറിയത്. പിന്നീട് വിചാരണ മുംബൈയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി. സൊറാബുദ്ദീന്‍ 'ഏറ്റവും അപകടകാരിയായ കുറ്റവാളി' എന്നാണ് 2018-ല്‍ വിചാരണ കോടതിയുടെ വിധിയില്‍ പരാമര്‍ശിച്ചത്. ഗുജറാത്തിലും രാജസ്ഥാനിലും കൊലപാതകം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും വിധിയില്‍ പരാമര്‍ശിച്ചിരുന്നു.

2005 നവംബര്‍ 23-ന് ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് പോവുകയായിരുന്ന ആഡംബര ബസ്സില്‍നിന്ന് സൊറാബുദ്ദീന്‍, കൗസര്‍ ബി, തുളസീറാം പ്രജാപതി എന്നിവരെ തട്ടിക്കൊണ്ടുപോയെന്നാണ് സിബിഐ റിപ്പോര്‍ട്ട്. സൊഹ്റാബുദ്ദീനെയും കൗസര്‍ ബിയെയും ഗുജറാത്തിലെ ഫാം ഹൗസുകളിലേക്കു കൊണ്ടുപോയി അനധികൃതമായി പാര്‍പ്പിച്ചതായും മൂന്നു ദിവസത്തിനുശേഷം രാജസ്ഥാനിലെ ഭില്‍വാരയിലെ ഒരു വീട്ടില്‍നിന്ന് തുളസിറാമിനെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ഏജന്‍സി കോടതിയില്‍ പറഞ്ഞു.

സൊറാബുദ്ദീനെ വധിക്കാന്‍ ഗുജറാത്ത്, രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ഇതിനായി അദ്ദേഹത്തിന്റെ സഹായി പ്രജാപതിയില്‍നിന്ന് സഹായം തേടിയതായും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം സൊഹ്റാബുദ്ദീനെ അറസ്റ്റ് ചെയ്യണമെന്ന് തെറ്റിദ്ധരിപ്പിച്ചതായും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

2005 നവംബര്‍ 26-ന് അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ സൊറാബുദ്ദീനെ വധിക്കുകയായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. എന്നിരുന്നാലും, അന്ന് കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ സൊഹ്റാബുദ്ദീന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഒരു പ്രശസ്ത രാഷ്ട്രീയ നേതാവിനെ കൊല്ലാന്‍ അദ്ദേഹം നഗരത്തിലുണ്ടായിരുന്നുവെന്നും ആരോപിച്ചിരുന്നു. അതേമാസം തന്നെ കൗസര്‍ ബി കൊല്ലപ്പെടുകയും തെളിവ് നശിപ്പിക്കാനായി അവരുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം, ഗുജറാത്തില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിലൂടടെ പ്രജാപതിയെ വധിച്ചു.

പ്രമുഖ രാഷ്ട്രീയക്കാരെയും മുതിര്‍ന്ന പോലീസുകാരെയും കുറ്റവിമുക്തരാക്കി

2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 38 പേരില്‍ 16 പേരെ കുറ്റവിമുക്തരാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ഡി.ജി വന്‍സാര, ദിനേഷ് എം.എന്‍, രാജ്കുമാര്‍ പാണ്ഡ്യന്‍, രാജസ്ഥാന്‍ മുന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

2018-ല്‍ ജഡ്ജി എസ്.ജെ ശര്‍മ്മ അധ്യക്ഷനായ സിബിഐ ആക്ട് പ്രകാരം നിയുക്തമാക്കിയ പ്രത്യേക കോടതി, ആരോപിക്കപ്പെട്ട ഗൂഢാലോചന സ്ഥാപിക്കുന്നതിനുള്ള വസ്തുതാപരവുമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന് വിധിച്ചു. സൊഹ്റാബുദ്ദീനെയും പ്രജാപതിയെയും കൊലപ്പെടുത്തിയ കേസില്‍ കൊലപാതക കുറ്റം തെളിയിക്കാന്‍ ആവശ്യമായ വസ്തുനിഷ്ഠമായ തെളിവുകളും ഏജന്‍സി ഹാജരാക്കിയില്ല.

രാഷ്ട്രീയ നേതാക്കളെ കുടുക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയ്ക്ക് അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. സത്യം കണ്ടെത്തുന്നതിനേക്കാള്‍ മറ്റ് താല്‍പര്യങ്ങള്‍ക്കായിരുന്നു ഏജന്‍സി മുന്‍ഗണന നല്‍കിയത്. കൂടാതെ 210 സാക്ഷികളില്‍ 92 പേര്‍ കൂറുമാറി. സിബിഐ രേഖപ്പെടുത്തിയ മൊഴികളല്ല, കോടതിയില്‍ സാക്ഷികള്‍ പറഞ്ഞതാണ് സത്യമെന്ന് കോടതി വിലയിരുത്തി.

ഹൈക്കോടതിയിലെ വാദം

വിചാരണ കോടതി വിധി തെറ്റാണെന്നും 118 വിശ്വസനീയമായ സാക്ഷികളുടെ മൊഴികള്‍ കോടതി അവഗണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സൊറാബുദ്ദീന്റെ സഹോദരങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഗൂഢാലോചന തെളിയിക്കാന്‍ നേരിട്ടുള്ള തെളിവുകളില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സിബിഐയുടെ നിലപാട്

2025 ഒക്ടോബറില്‍ കേസ് പരിഗണിക്കവേ, വിചാരണ കോടതിയുടെ 2018-ലെ വിധി തങ്ങള്‍ 'അംഗീകരിക്കുന്നു'വെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലായിരുന്നു അന്വേഷണ ഏജന്‍സി. ചീഫ് ജസ്റ്റിസ് ചന്ദ്രശേഖര്‍ അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകളില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. ഇതോടെ പത്ത് വര്‍ഷത്തിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തില്‍ വിചാരണ കോടതിയുടെ വിധി അന്തിമമായി ശരിവെക്കപ്പെട്ടു.

English Summary: The Bombay High Court has upheld the 2018 acquittal of 22 individuals, including 21 police officers, in the high-profile case involving the alleged fake encounters of Sohrabuddin Shaikh and Tulsiram Prajapati, and the murder of Shaikh’s wife, Kausar Bi.