India

ഇ20 വിവാദം: നിതിന്‍ ഗഡ്കരിക്കെതിരായ വ്യാജ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി

ജസ്റ്റിസ് ആരിഫ് എസ് ഡോക്ടർ അധ്യക്ഷനായ ബെഞ്ചാണ് മെറ്റ, എക്സ്, ഗൂഗിൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ഉള്ളടക്കം അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശം നൽകിയത്

Madism Desk

ഇ20 ഇന്ധന നയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വീഡിയോകളും എ.ഐ. ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളും നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നിതിൻ ഗഡ്കരി സമർപ്പിച്ച മാനനഷ്ട ഹർജി പരിഗണിച്ച ജസ്റ്റിസ് ആരിഫ് എസ്. ഡോക്ടർ അധ്യക്ഷനായ ബെഞ്ചാണ് മെറ്റ, എക്സ്, ഗൂഗിൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ഉള്ളടക്കം അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശം നൽകിയത്.

ഇ20 എഥനോൾ മിശ്രിത ഇന്ധന നയത്തിലൂടെ തനിക്കും കുടുംബാംഗങ്ങൾക്കും സാമ്പത്തിക നേട്ടമുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോടതിയെ അറിയിച്ചു. ഇ20 ഇന്ധന നയം രൂപീകരിക്കുകയും നടപ്പാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്നും, ആ നയത്തിന്റെ രൂപീകരണത്തിലോ നടപ്പാക്കലിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഹരജിയിൽ അദ്ദേഹം വ്യക്തമാക്കി.

ഹർജി പരിഗണിച്ച കോടതി, പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചു. വിവാദ ഉള്ളടക്കം കൂടുതൽ പ്രചരിക്കുന്നത് തടയേണ്ടത് അനിവാര്യമാണെന്നും കോടതി വിലയിരുത്തി. ഉള്ളടക്കം 'നീചവും ദുരുപയോഗപരവും' ആണെന്ന് വിശേഷിപ്പിച്ച കോടതി, ബന്ധപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് വ്യാജ വീഡിയോകളും എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും നീക്കം ചെയ്യാൻ ഇടക്കാല നിർദേശം നൽകി. കേസിന്റെ തുടർവാദം പിന്നീട് പരിഗണിക്കും.

വ്യാജ ഉള്ളടക്കം പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റ, എക്സ്, ഗൂഗിൾ എന്നിവർക്കും അജ്ഞാത വ്യക്തികൾക്കുമെതിരെ സിവിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ബോംബെ ഹൈക്കോടതി നേരത്തെ നിതിൻ ഗഡ്കരിക്ക് അനുമതി നൽകിയിരുന്നു. വ്യാജ ഉള്ളടക്കം സ്ഥിരമായി നീക്കം ചെയ്യുക, ഭാവിയിൽ സമാനമായ വ്യാജ പ്രചാരണങ്ങൾ തടയാൻ നിർദേശം നൽകുക, കൂടാതെ 11 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുക എന്നിവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങൾ.

The Bombay High Court has ordered the removal of fake videos and AI-generated images circulating on social media targeting Union Minister for Road Transport and Highways Nitin Gadkari over the E20 fuel policy.

The direction was issued by a bench headed by Justice Arif S. Doctor while hearing a defamation suit filed by Gadkari. The court directed digital platforms, including Meta, X, and Google, to immediately take down the disputed content.