വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലെ അംഗസംഖ്യ നിലവിലുള്ളതില്‍ നിന്ന് 50 ശതമാനം വര്‍ധിപ്പിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ അനുപാതത്തില്‍ അധിക സീറ്റുകള്‍ അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതോടെ ലോക്്സഭയിലേക്കുള്ള അംഗങ്ങളുടെ എണ്ണം 850 ആയി ഉയരും. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിച്ചായിരിക്കും നടപടികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സംസ്ഥാനത്തിനും നിലവിലുള്ള ലോക്സഭാ സീറ്റുകളിലുള്ള വിഹിതം 2051 വരെ മാറ്റമില്ലാതെ നിലനിര്‍ത്തും. വിമര്‍ശനങ്ങള്‍ മറികടക്കാനാണ് ഇത്തരം ഒരു നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. നിര്‍ണായക നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭേദഗതി ലക്ഷ്യമിടുന്നത്?
നിലവില്‍ 543 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം. സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്സഭാംഗങ്ങളുടെ എണ്ണം 815 ആയി ഉയരും. ഓരോ സംസ്ഥാനത്തിനും നിലവിലുള്ള സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന ലഭിക്കും. ഇതോടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള നിലവിലെ ലോക്സഭാ സീറ്റ് അനുപാതം നിലനിര്‍ത്താനാകും. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ലോക്സഭാ സീറ്റുകള്‍ 35 എണ്ണമായും ഉയരും.
ഏപ്രിലില്‍ ബില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു?
2026 ഏപ്രില്‍ 17ന് ലോക്സഭയില്‍ അവതരിപ്പിച്ച ഭരണഘടനയുടെ 131-ാം ഭേദഗതി ബില്‍ പരാജയപ്പെട്ടിരുന്നു. ലോക്സഭയിലെ അംഗസംഖ്യ 550ല്‍ നിന്ന് 850 ആയി ഉയര്‍ത്താനും 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താനുമായിരുന്നു അന്നത്തെ നിര്‍ദേശം.
ബില്ലിന് അനുകൂലമായി 298 പേരും എതിര്‍ത്ത് 230 പേരും വോട്ട് ചെയ്തു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതോടെയാണ് ബില്‍ പരാജയപ്പെട്ടത്. 2014ല്‍ എന്‍ഡിഎ അധികാരത്തിലെത്തിയതിനുശേഷം സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്‍ ആദ്യമായി ലോക്സഭയില്‍ പരാജയപ്പെട്ടതും ഇതായിരുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്ക ?
2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ മുന്നിലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രധാന ആക്ഷേപം. ജനസംഖ്യാ വളര്‍ച്ച കൂടുതലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും ആരോപണം ഉണ്ടായിരുന്നു. ജനസംഖ്യ മാത്രം ലോക്സഭാ പ്രാതിനിധ്യത്തിന്റെ മാനദണ്ഡമാകരുതെന്നായിരുന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നിലപാട്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായി 50 ശതമാനം സീറ്റ് വര്‍ധന ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അത് ബില്ലിന്റെ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാണ് പ്രതിപക്ഷത്തിന്റെ പ്രധാന എതിര്‍പ്പിന് കാരണമായത്. വനിതാ സംവരണത്തെ പിന്തുണയ്ക്കുമ്പോഴും മണ്ഡല പുനര്‍നിര്‍ണയത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്.
പുതിയ ബില്ലിലെ മാറ്റമെന്ത്?
സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന പുതിയ ബില്ലിലെ വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതോടെ പഴയ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്‍ഡിഎയ്ക്ക് തനിച്ച് ഈ ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷത്തിന്റെയും മറ്റ് കക്ഷികളുടെയും നിലപാട് നിര്‍ണായകമാകും.
The Union Cabinet has approved a key Constitutional Amendment Bill aimed at implementing women's reservation through delimitation. The Centre plans to increase the total strength of the Lok Sabha by 50 per cent, with additional seats allocated to all states in the same proportion. However, each state's existing share of Lok Sabha seats will remain unchanged until 2051. The move primarily aims to address concerns raised by southern states over the proposed delimitation exercise.
The Bill was approved at a Union Cabinet meeting chaired by Prime Minister Narendra Modi on Friday. Union Parliamentary Affairs Minister Kiren Rijiju announced that the legislation would be introduced in the Lok Sabha during the special session of Parliament scheduled from November 30 to December 3. He also urged opposition parties to participate in the debate.