യുപിയിൽ ഒവൈസി-ആസാദ് സഖ്യം: 'സമാജിക് പരിവർത്തൻ മോർച്ച' ലക്ഷ്യമിടുന്നത് ആരെ? ബിജെപിക്കോ അതോ 'ഇന്ത്യ' സഖ്യത്തിനോ ഭീഷണി?

ഈ പുതിയ മുന്നണിക്ക് യുപിയിൽ ഏകദേശം 5 ശതമാനം വോട്ടുകൾ വരെ നേടാൻ കഴിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
യുപിയിൽ ഒവൈസി-ആസാദ് സഖ്യം: 'സമാജിക് പരിവർത്തൻ മോർച്ച' ലക്ഷ്യമിടുന്നത് ആരെ? ബിജെപിക്കോ അതോ 'ഇന്ത്യ' സഖ്യത്തിനോ ഭീഷണി?
Published on: 

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിയും ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും (കാൻഷിറാം) ചേർന്ന് പുതിയ രാഷ്ട്രീയ സഖ്യത്തിന് രൂപം നൽകിയിരിക്കുകയാണ്.

ഉത്തർപ്രദേശിൽ ബിജെപിയുടെ ഭരണത്തുടർച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഖ്യം രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ പ്രകാരം ഈ സഖ്യം യഥാർത്ഥത്തിൽ ആർക്കാണ് തിരിച്ചടിയാവുക?

എന്താണ് സമാജിക് പരിവർത്തൻ മോർച്ച?

ലഖ്നൗവിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും ന​ഗീന ലോക്സഭാ എംപിയുമായ ചന്ദ്രശേഖർ ആസാദും സഖ്യപ്രഖ്യാപനം നടത്തിയത്. സമാജിക് പരിവർത്തൻ മോർച്ച എന്ന് പേരിട്ടിരിക്കുന്ന ഈ സഖ്യത്തിന്റെ 2027-ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒവൈസി ഉയർത്തിക്കാട്ടുന്നത് ചന്ദ്രശേഖർ ആസാദിനെയാണ്.

ഈ കൂട്ടുകെട്ടിനെ വെറും മൂന്നാം മുന്നണി എന്ന് വിളിക്കുന്നതിനെ ആസാദ് എതിർക്കുന്നുണ്ട്. ആഴം മനസിലാക്കിയാൽ ഇതൊരു ഒന്നാം മുന്നണി ആണെന്ന് ബോധ്യപ്പെടുമെന്നാണ് ആസാദിന്റെ വാദം. ബിജെപി മൂന്നാം തവണയും അധാകിരത്തിൽ വരുന്നത് തടയാൻ ഇതൊരു ശക്തമായ ബദലായിരിക്കുമെന്ന് ഒവൈസിയും അവകാശപ്പെടുന്നു.

ലക്ഷ്യം വെക്കുന്ന വോട്ട് ബാങ്ക്

സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 20ശതമാനത്തോളം വരുന്ന മുസ്‌ലിം വിഭാ​ഗങ്ങൾക്കിടയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഒവൈസി ശ്രമിക്കുന്നത്. മുസ്‌ലിം, ജാതവ് ദളിത് വിഭാ​ഗങ്ങളുടെ പിന്തുണയിലാണ് ഈ പുതിയ സഖ്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉത്തർപ്രദേശിലെ വോട്ടർമാരിൽ ഏകദേശം 40 ശതമാനത്തോളം വരും ഈ രണ്ട് വിഭാ​ഗങ്ങളും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടിയെയും ഇന്ത്യ സഖ്യത്തെയും മികച്ച വിജയത്തിലേക്ക് നയിച്ചത് ഇതേ വോട്ട് ബാങ്കിന്റെ പിന്തുണയായിരുന്നു. ഈ വോട്ടുകളിലാണ് ഇപ്പോൾ ഒവൈസി-ആസാദ് സഖ്യം കണ്ണുവെക്കുന്നത്.

യുപിയിൽ ഒവൈസി-ആസാദ് സഖ്യം: 'സമാജിക് പരിവർത്തൻ മോർച്ച' ലക്ഷ്യമിടുന്നത് ആരെ? ബിജെപിക്കോ അതോ 'ഇന്ത്യ' സഖ്യത്തിനോ ഭീഷണി?
സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച; യുപിയില്‍ ഉവൈസി - ആസാദ് സഖ്യം

ഒവൈസി-ആസാദ് സഖ്യം 'ഇന്ത്യ' മുന്നണിക്ക് വെല്ലുവിളിയാകുന്നത് എന്തുകൊണ്ട്?

ബിജെപിയെ തകർക്കാനാണ് വരവെന്ന് സഖ്യം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മുസ്‌ലിം-ദളിത് (ഭീം-എംഐഎം) കൂട്ടുകെട്ട് പ്രതിപക്ഷമായ 'ഇന്ത്യ' സഖ്യത്തിനാകും കൂടുതൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുക. ഈ പുതിയ മുന്നണിക്ക് യുപിയിൽ ഏകദേശം 5 ശതമാനം വോട്ടുകൾ വരെ നേടാൻ കഴിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ നീക്കം പ്രധാനമായും സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും തെരഞ്ഞെടുപ്പ് സാധ്യതകളെ ദോഷകരമായി ബാധിക്കും. ഒപ്പം മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്ക് ലഭിക്കേണ്ട ദളിത് വോട്ടുകളിലും ഇത് വിള്ളലുണ്ടാക്കും. എൻഡിഎ, ഇന്ത്യ സഖ്യ സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ, വോട്ടുകളിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും നിർണ്ണായകമായേക്കാം.

ഉത്തർപ്രദേശിലെ തന്റെ റാലികളിൽ, മുസ്ലിം വിഭാ​ഗത്തിന് രാഷ്ട്രീയ പ്രാതിനിധ്യം കുറവാണെന്ന കാര്യം ഒവൈസി എടുത്തുപറയുന്നുണ്ട്. കോൺ​ഗ്രസും സമാജ്‍വാദി പാർട്ടിയും മുസ്ലിം സമുദായത്തെ ശാക്തീകരിക്കുന്നതിനായി ഒന്നും ചെയ്യാതെ വെറും വോട്ട് ബാങ്കായി മാത്രം ഉപയോ​ഗിക്കുകയാണ് ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ ആരോപിക്കുന്നു. മുസ്‌ലിം പ്രാതിനിധ്യവും രാഷ്ട്രീയ അവകാശവാദങ്ങളും, സമാജ്‌വാദി പാർട്ടിയും കോൺഗ്രസും നൽകുന്ന നേതൃത്വ അവസരങ്ങളിൽ അതൃപ്തരായ യുവ മുസ്‌ലിം വോട്ടർമാരെ കാര്യമായി ആകർഷിച്ചേക്കാം.

ഉത്തർപ്രദേശിലെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തോളം വരുന്ന മുസ്‍ലിം വിഭാ​ഗത്തിന് മതിയായ രാഷ്ട്രീയ പ്രാതിനിധ്യം നൽകുന്നതിൽ, മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്ന കക്ഷികൾ പരാജയപ്പെട്ടു. ഒരു മുസ്‌ലിം നേതാവിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് വാഗ്ദാനം ചെയ്യാൻ പോലും ഈ പാർട്ടികൾ മടികാണിക്കുന്നുവെന്നത് യുവവോട്ടർമാർക്കിടയിൽ ചർച്ചയാകുന്നുണ്ട്.

യുപിയിൽ ഒവൈസി-ആസാദ് സഖ്യം: 'സമാജിക് പരിവർത്തൻ മോർച്ച' ലക്ഷ്യമിടുന്നത് ആരെ? ബിജെപിക്കോ അതോ 'ഇന്ത്യ' സഖ്യത്തിനോ ഭീഷണി?
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികളും എതിരെ നടന്നത് 322 വിദ്വേഷ കുറ്റകൃത്യങ്ങള്‍; 119 എണ്ണത്തിലും ഭരണകൂടത്തിന് പങ്കാളിത്തം

ഇന്ത്യ സഖ്യം മുസ്‍ലിം അല്ലാത്ത സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയും, അതേസമയം എഐഎംഐഎം ഒരു മുസ്‍ലിം സ്ഥാനാർത്ഥിയെ ബദലായി അവതരിപ്പിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളിലാണ് ഈ സഖ്യത്തിന് കാര്യമായ ആശങ്കയുള്ളത്. ഇത്തരം മണ്ഡലങ്ങളിൽ, ബിജെപി നയിക്കുന്ന എൻഡിഎയിൽ ചേരാത്ത, തങ്ങളുടെ സമുദായത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനായിരിക്കും മുസ്‍ലിം വോട്ടർമാർ കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

പടിഞ്ഞാറൻ, കിഴക്കൻ യുപിയിലെ കടുത്ത മത്സരം നടക്കുന്ന പല മണ്ഡലങ്ങളിലും ഫലം മാറ്റിമറിക്കാൻ സഖ്യം നേടാൻ സാധ്യതയുള്ള ഈ വോട്ടുകൾക്ക് സാധിക്കും. മുൻപ് സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ഒവൈസി പലതവണ ശ്രമിച്ചിരുന്നെങ്കിലും അഖിലേഷ് യാദവ് അത് തള്ളിക്കളയുകയായിരുന്നു. എസ്പിയിൽ നിന്ന് ഇടം ലഭിക്കാതെ വന്നതോടെയാണ് യുപിയിൽ സ്വാധീനം വിപുലീകരിക്കാൻ ശ്രമിക്കുന്ന ചന്ദ്രശേഖർ ആസാദുമായി ഒവൈസി കൈകോർത്തത്.

അഞ്ച് ശതമാനം വോട്ട് വിഹിതം എന്ന പ്രായോഗിക കണക്ക്

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ, 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് ഒവൈസി-ആസാദ് സഖ്യം എന്തിന് വെല്ലുവിളിയാകുമെന്ന് മനസ്സിലാക്കാം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടി 33.59ശതമാനം വോട്ടുകൾ നേടുകയും സംസ്ഥാനത്തെ 80 സീറ്റുകളിൽ 37 എണ്ണത്തിൽ വിജയിക്കുകയും ചെയ്തു. സഖ്യകക്ഷിയായ കോൺ​ഗ്രസ് 9.46 ശതമാനം വോട്ടുകൾ നേടി ആറ് സീറ്റുകളിൽ വിജയിച്ചു. മുസ്‍ലിം, ദളിത് വോട്ടുകൾ ഏകീകരിക്കപ്പെട്ടതാണ് ഇന്ത്യ സഖ്യത്തിന്റെ വിജയത്തിന് കാരണമായത്. CSDS-ലോക്‌നിതി 2024-ലെ തെരഞ്ഞെടുപ്പാനന്തര സർവേ പ്രകാരം, മുസ്‍ലിങ്ങളിൽ 92 ശതമാനവും, ജാതവ് വിഭാഗത്തിൽ പെടാത്ത ദളിതരിൽ 56 ശതമാനവും, ജാതവ് ദളിതരിൽ 25 ശതമാനവും ഈ സഖ്യത്തെ പിന്തുണച്ചു.

ബിജെപി 41.37ശതമാനം വോട്ട് വിഹിതത്തോടെ 33 സീറ്റുകൾ നേടിയപ്പോൾ, മായാവതിയുടെ ബിഎസ്പി 9.39ശതമാനം വോട്ടുകൾ നേടിയെങ്കിലും ഒരു സീറ്റിൽ പോലും വിജയിച്ചില്ല. 2024-ൽ ബിഎസ്പിക്ക് ലഭിച്ച പിന്തുണയുടെ മൂന്നിൽ രണ്ട് ഭാഗവും വന്നത് ജാതവ് ദളിതരിൽ നിന്നാണ്. ചന്ദ്രശേഖർ ആസാദ് ഉൾപ്പെടുന്നതും ഇതേ വിഭാഗത്തിൽ തന്നെയാണ്.

അഖിലേഷിന്റെ പിഡിഎ സമവാക്യങ്ങളും വെല്ലുവിളികളും

അഖിലേഷ് യാദവിനെ സംബന്ധിച്ചിടത്തോളം ഈ പുതിയ സഖ്യം വലിയ പ്രതിസന്ധിയാണ്. കാരണം, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടിയുടെ വിജയം, യാദവരും മുസ്‍ലിങ്ങളും, യാദവേതര ഒബിസി വിഭാ​ഗങ്ങളും ദളിതരും അടങ്ങുന്ന പിഡിഎ എന്ന കൂട്ടായ്മയെ ഒന്നിപ്പിക്കാൻ സാധിച്ചതിലൂടെയായിരുന്നു. തുടക്കത്തിൽ പിഛ്ഡ(പിന്നോക്ക വിഭാ​ഗങ്ങൾ), ദളിത്, അൽപ്സംഖ്യക്(ന്യൂനപക്ഷങ്ങൾ), എന്നിങ്ങനെയായിരുന്നു ഇതിന്റെ അർത്ഥം. എന്നാൽ, പിന്നീട് പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കുന്നതിനായി സന്ദർഭത്തിനനുസരിച്ചും നൽകാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയ സന്ദേശത്തിനനുസരിച്ചും പിഡിഎ എന്ന വാക്കിന് അഖിലേഷ് വ്യത്യസ്ത അർത്ഥങ്ങൾ നൽകിത്തുടങ്ങി. അയോധ്യയിലെ രാമക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ടും, രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള എസ്പിയുടെ മുൻകാല നിലപാടുകൾ മുൻനിർത്തിയും ബിജെപി അഖിലേഷിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുമ്പോൾ, പിഡിഎ എന്നതിന് അദ്ദേഹം നൽകിയിരിക്കുന്ന ഏറ്റവും പുതിയ വ്യാഖ്യാനം "പെഹ്‌ലെ ദർശൻ, ഫിർ ആശീർവാദ്" (ആദ്യം ദർശനം, പിന്നെ അനുഗ്രഹം) എന്നാണ്.

യുപിയിൽ ഒവൈസി-ആസാദ് സഖ്യം: 'സമാജിക് പരിവർത്തൻ മോർച്ച' ലക്ഷ്യമിടുന്നത് ആരെ? ബിജെപിക്കോ അതോ 'ഇന്ത്യ' സഖ്യത്തിനോ ഭീഷണി?
ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രവേശനം; കൃത്യമായ മെഡിക്കല്‍ രേഖകളില്ലാതെ അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2024-ലെ തെരഞ്ഞെടുപ്പിൽ, പട്ടികജാതി സംവരണ മണ്ഡലങ്ങളിലും ദളിത് പിന്തുണയിലുണ്ടായ മാറ്റം പ്രകടമായിരുന്നു. 2019-ൽ ഉത്തർപ്രദേശിലെ 17 പട്ടികജാതി സംവരണ സീറ്റുകളിൽ 15-ഉം ബിജെപിയാണ് നേടിയത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം, സമാജ്‌വാദി പാർട്ടി ഏഴ് സീറ്റുകളും, കോൺഗ്രസ് ഒരു സീറ്റും നേടിയപ്പോൾ, ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ബാക്കിയുള്ള നഗിന സീറ്റിൽ ചന്ദ്രശേഖർ ആസാദ് വിജയിച്ചു.

ഇപ്പോൾ, ഇന്ത്യ സഖ്യത്തിന്റെ പ്രകടനത്തിന് കരുത്തേകിയ ഇതേ രണ്ട് വിഭാ​ഗങ്ങളിൽ നിന്നാണ് ഒവൈസി-ആസാദ് സഖ്യം പിന്തുണ തേടുന്നത്. ഈ വോട്ടർമാരുടെ വിന്യാസം വെല്ലുവിളിയുടെ വ്യാപ്തി വർധിപ്പിക്കുന്നു. ഉത്തർപ്രദേശിലെ നാൽപ്പതിലധികം നിയമസഭാ മണ്ഡലങ്ങളിൽ പട്ടികജാതി ജനസംഖ്യ 20 ശതമാനത്തിലധികമാണ്. തൊണ്ണൂറിലധികം മണ്ഡലങ്ങളിൽ മുസ്‍ലിം ജനസംഖ്യയും 20 ശതമാനത്തിന് മുകളിലാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിനെ (ബ്രാജ് മേഖല ഒഴികെ) ഒരു പ്രധാന പോരാട്ടഭൂമിയാണ്. അവിടെയുള്ള ഗണ്യമായ ജാതവ് ജനസംഖ്യയും, രോഹിൽഖണ്ഡിലും അപ്പർ-ലോവർ ദോവാബ് മേഖലയിലുമുള്ള മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളുമാണ് ഇതിന് കാരണം. കിഴക്കൻ ഉത്തർപ്രദേശ് അഥവാ പൂർവാഞ്ചൽ മേഖലയിലും പുതിയ സഖ്യത്തിന് സ്വാധീനമുറപ്പിക്കാൻ സാധിക്കും.

പടിഞ്ഞാറൻ ഉത്തർപ്രദേശ് ഇന്ത്യ സഖ്യത്തിന് മറ്റൊരു വെല്ലുവിളി കൂടിയാണ് ഉയർത്തുന്നത്. ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദളിനെ ഒപ്പം കൂട്ടിയതിലൂടെ, ബിജെപി നയിക്കുന്ന എൻഡിഎ തങ്ങളുടെ സാമൂഹിക സഖ്യം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ജാട്ട് വോട്ടർമാരുടെ ചില വിഭാഗങ്ങൾക്കിടയിൽ ആർഎൽഡിക്ക് നല്ല സ്വാധീനമുണ്ട്. ഈ സാഹചര്യത്തിൽ മുസ്‍ലിം-ദളിത് വിഭാഗങ്ങളെ ഉൾപ്പെടുത്തി ഒരു പ്രത്യേക മുന്നണി രൂപപ്പെടുന്നത് തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ തന്നെ മാറ്റിമറിച്ചേക്കാം. 2024-ൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ചേർന്ന് നേടിയെടുത്ത പിന്തുണ നിലനിർത്താൻ അവർക്ക് കഴിയാതെ വന്നാൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും.

ഒവൈസിയുടെ അബ്ദുൾ സങ്കൽപ്പവും ആസാദിന്റെ ദളിത് അവകാശവാദവും

സംസ്ഥാന ജവസംഖ്യയുടെ ഏകദേശം ഇരുപത് ശതമാനത്തോളം വരുന്ന മുസ്‍ലിം വിഭാ​ഗങ്ങൾക്കിടയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഒവൈസി ശ്രമിക്കുന്നത്. മുസ്‍ലിം, ജാതവ് ദളിത് വിഭാഗങ്ങളുടെ പിന്തുണയിലാണ് ഈ പുതിയ സഖ്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉത്തർപ്രദേശിലെ വോട്ടർമാരിൽ ഏകദേശം 40 ശതമാനത്തോളം വരും ഈ രണ്ട് വിഭാഗങ്ങളും. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയെയും ഇന്ത്യ സഖ്യത്തെയും മികച്ച വിജയത്തിലേക്ക് നയിച്ചത് ഇതേ വോട്ട് ബാങ്കിന്റെ പിന്തുണയായിരുന്നു. ഈ വോട്ടുകളിലാണ് ഇപ്പോൾ ഒവൈസി-ആസാദ് സഖ്യം കണ്ണുവെയ്ക്കുന്നത്.

സമാജ്‌വാദി പാർട്ടി, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ മുസ്‍ലിം സമുദായത്തിന് മതിയായ രാഷ്ട്രീയ നേതൃത്വം നൽകാതെ അവരുടെ വോട്ടുകൾ മാത്രം ലക്ഷ്യമിടുന്നുവെന്ന് ഒവൈസി പലതവണ ആരോപിച്ചിട്ടുണ്ട്. ഒവൈസി ഉപയോഗിക്കുന്ന 'അബ്ദുൾ' എന്ന പ്രതീകാത്മക കഥാപാത്രം - മുൻകാലങ്ങളിൽ എസ്പി, കോൺഗ്രസ് നേതാക്കൾക്കായി ചുവപ്പുപരവതാനി വിരിച്ചിരുന്നയാൾ, ഇനി ഉത്തർപ്രദേശിൽ ഒരു എംഎൽഎ ആയി മാറുമെന്ന് അദ്ദേഹം പറയുന്നു.

നേരത്തെ, ഇന്ത്യ സഖ്യവുമായി ഒരു ധാരണയിലെത്താൻ ഒവൈസിയുടെ പാർട്ടി ശ്രമിച്ചിരുന്നു. എസ്പി, കോൺഗ്രസ് പാർട്ടികൾക്ക് മറുപടി നൽകാനായി ഒവൈസി ഒക്ടോബർ രണ്ട് വരെ സമയം നൽകിയെങ്കിലും, ആ ധാരണ യാഥാർത്ഥ്യമായില്ല. തുടർന്ന്, ബിഎസ്പി ഉൾപ്പെടെയുള്ള മറ്റ് സാധ്യതകൾ പരിശോധിച്ച ശേഷമാണ് എഐഎംഐഎം, ആസാദിന്റെ പാർട്ടിയുമായി കൈകോർത്തത്.

അഖിലേഷിന്റെ രാമക്ഷേത്ര സന്ദർശന തീരുമാനം സൃഷ്ടിക്കുന്ന പ്രതിസന്ധി

രാഷ്ട്രീയമായ ഈ അനിശ്ചിതത്വത്തിനിടയിൽ, അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള അഖിലേഷ് യാദവിന്റെ തീരുമാനം അദ്ദേഹത്തിന്റെ പാർട്ടിക്ക് പുതിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഹിന്ദു വോട്ടർമാരെ ആകർഷിക്കാൻ ഈ സന്ദർശനം സഹായിച്ചേക്കാമെങ്കിലും, മുസ്‍ലിം വോട്ടർമാരെ അകറ്റാൻ ഇത് കാരണമായേക്കാം.

നവംബർ 7-ന്, സമാജ്‌വാദി പാർട്ടി നേതാവ് പവൻ പാണ്ഡെ, അഖിലേഷും ഭാര്യ ഡിംപിൾ യാദവും ഡിസംബർ 12-ന് രാമക്ഷേത്രം സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സന്ദർശനം യാഥാർത്ഥ്യമാവുകയാണെങ്കിൽ, 2024 ജനുവരിയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടന്നതിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ സന്ദർശനമായിരിക്കും ഇത്.

യുപിയിൽ ഒവൈസി-ആസാദ് സഖ്യം: 'സമാജിക് പരിവർത്തൻ മോർച്ച' ലക്ഷ്യമിടുന്നത് ആരെ? ബിജെപിക്കോ അതോ 'ഇന്ത്യ' സഖ്യത്തിനോ ഭീഷണി?
വിമര്‍ശിച്ചതിന്റെ പ്രതികാരമോ?; മോദിയോട് ചോദ്യമുയര്‍ത്തിയ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ ഇന്ത്യൻ വിസ റദ്ദാക്കി, വിവാദം

ഡിസംബർ 12-ന് നിശ്ചയിച്ചിരുന്ന സന്ദർശനം നടക്കില്ലെന്ന് പിന്നീട് എസ്പിക്ക് വ്യക്തമാക്കേണ്ടി വന്നുവെങ്കിലും, അയോധ്യയും വൃന്ദാവനവും സന്ദർശിക്കാനുള്ള തന്റെ പദ്ധതി അഖിലേഷ് സ്ഥിരീകരിച്ചിട്ടുണ്ട്.. വൃന്ദാവനം സന്ദർശിക്കാനുള്ള തീരുമാനവും ശ്രദ്ധേയമാണ്.

ഹിന്ദു വോട്ടർമാർക്കിടയിൽ തന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, 'സോഫ്റ്റ് ഹിന്ദുത്വ' നയത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണാവുന്നത്. എന്നാൽ, ഇത് മുസ്‍ലിം വോട്ടർമാരിൽ ഒരു വിഭാഗത്തെ അകറ്റാനും, അതുവഴി മുസ്‍ലിങ്ങൾക്ക് സ്വതന്ത്രമായ രാഷ്ട്രീയ പ്രാതിനിധ്യം വേണമെന്ന വാദവുമായി രംഗത്തുള്ള ഒവൈസിക്ക് തന്റെ നിലപാട് ശക്തിപ്പെടുത്താൻ അവസരമൊരുക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതോടെ, 2027-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് രണ്ട് വ്യത്യസ്ത സമ്മർദ്ദങ്ങളെയാണ് നേരിടുന്നത്. ബിജെപി തങ്ങളുടെ സ്ഥിരം രാഷ്ട്രീയ അജണ്ടയുമായി മുന്നോട്ട് പോകുമ്പോൾ, 2024-ൽ ഇന്ത്യ സഖ്യത്തിന്റെ വിജയത്തിന് നിർണ്ണായകമായ വോട്ട് ബാങ്കുകളെയും വിഭാഗങ്ങളെയും ഒവൈസി-ആസാദ് സഖ്യം ലക്ഷ്യമിടുന്നു.

മുൻകാല തെരഞ്ഞെടുപ്പ് ചിത്രങ്ങൾ

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഈ രണ്ട് പാർട്ടികൾക്കും അത്ര മികച്ച അനുഭവമല്ല ഉള്ളത്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 95 മണ്ഡലങ്ങളിൽ മത്സരിച്ച എഐഎംഐഎമ്മിന് ഒരിടത്തും വിജയിക്കാനായില്ല. ആകെ വോട്ടിന്റെ ഏകദേശം 0.49ശതമാനം മാത്രമാണ് അവർക്ക് നേടാനായത്. ആസാദിന്റെ പാർട്ടിക്കും അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല, അവർക്ക് ലഭിച്ചത് ഏകദേശം 0.13ശതമാനം വോട്ടുകൾ മാത്രമാണ്. ഇവരുടെ കൂട്ടുകെട്ടിന് വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കാനും, കൂടുതൽ വോട്ടുകൾ നേടിക്കൊടുക്കാനും കഴിയുമെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എന്നാൽ 2024-ൽ ആസാദ് ലോക്‌സഭയിലേക്ക് വിജയിച്ചത് ദളിത് വോട്ടുകൾക്കിടയിൽ അദ്ദേഹം നേടിയെടുത്ത പുതിയ സ്വീകാര്യതയുടെ സൂചനയാണ്, ഇത്തവണ ചില മാറ്റങ്ങളുടെ സൂചനകൾ കാണാനുണ്ട്.

2027-ലെ യുപി തെരഞ്ഞെടുപ്പ് കൂടുതൽ സങ്കീർണ്ണമായ ത്രികോണ-ചതുഷ്കോണ മത്സരങ്ങളിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് സമാജിക് പരിവർത്തൻ മോർച്ചയുടെ രൂപീകരണം നൽകുന്നത്. ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സഖ്യം വ്യക്തമാക്കുന്നു. അതിന് കഴിയുമോ എന്നത് ഇപ്പോഴും ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമായി തുടരുന്നു. എന്നാൽ, എസ്പി, കോൺഗ്രസ്, ബിഎസ്പി, ഒവൈസി-ആസാദ് സഖ്യം എന്നിവയ്ക്കിടയിൽ മുസ്‌ലിം, ദളിത് വോട്ടുകൾ എങ്ങനെ വിഭജിക്കപ്പെടുന്നു എന്നതിൽ മാറ്റം വരുത്തിക്കൊണ്ട്, വലിയ തോതിൽ സീറ്റുകൾ നേടാതെ തന്നെ, ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ ഈ സഖ്യത്തിന് സാധിച്ചേക്കും.

Summary

The formation of the 'Samajik Parivartan Morcha', an alliance between Asaduddin Owaisi's AIMIM and Chandrashekhar Azad's Azad Samaj Party, ahead of the 2027 UP Assembly elections, could pose a significant challenge to the INDIA bloc, particularly the Samajwadi Party and Congress. While the alliance aims to stop the BJP's hat-trick, political analysts suggest it might fracture the crucial Muslim-Dalit vote bank (around 40% of the electorate) that powered the INDIA bloc's 2024 success. The alliance's demand for Muslim representation and Azad's appeal among Jatav Dalits could syphon an estimated 5% of votes, potentially altering outcomes in closely contested seats in western and eastern UP. Furthermore, Akhilesh Yadav's planned visit to the Ram Temple, seen as 'soft Hindutva', might alienate Muslim voters, strengthening Owaisi's narrative. This emerging dynamic complicates the electoral math for the INDIA bloc in UP.