ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ ഉടമകളായ മെറ്റയോട് ഉള്ളടക്ക പരിശോധന ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. അക്രമത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രേരിപ്പിക്കുന്ന പോസ്റ്റുകൾ കണ്ടെത്താനും ഉപയോക്താക്കൾക്ക് ഒരേ തരത്തിലുള്ള വാർത്തകളും വിവരങ്ങളും മാത്രം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനുമാണ് നിർദേശം. ഉള്ളടക്കങ്ങൾക്ക് മുൻഗണന നിശ്ചയിക്കുന്ന സംവിധാനങ്ങളും ശുപാർശ ചെയ്യുന്ന അൽഗോരിതങ്ങളും പരിശോധിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാർ ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം, എസ്.ഐ.ആര് (വോട്ടര്‍ പട്ടികയുടെ സമഗ്രമായ പുതുക്കല്‍) വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ചർച്ചയാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിർദേശം പുറത്തുവരുന്നത്. എന്നാൽ, ഈ രാഷ്ട്രീയ സാഹചര്യവും സർക്കാരിന്റെ നിർദേശവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ല.
പഴയ ദൃശ്യങ്ങൾ പുതിയ സംഭവങ്ങളുടേതായി പ്രചരിപ്പിക്കുന്നതും തിരഞ്ഞെടുത്ത ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവയ്ക്കുന്നതും പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. അക്രമങ്ങളോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ചെയ്യാന്‍ പ്രേരിപ്പിക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾക്ക് അമിത പ്രചാരം നൽകുന്ന സംവിധാനങ്ങളും നിരീക്ഷിക്കണമെന്നും തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം ഉള്ളടക്കങ്ങൾ ആവർത്തിച്ച് ശുപാർശ ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ ശുപാർശാ സംവിധാനങ്ങളും (വ്യക്തികള്‍ തിരയുന്ന കണ്ടന്റുകള്‍) ഉള്ളടക്കങ്ങളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്ന സംവിധാനങ്ങളും പുനഃപരിശോധിക്കണമെന്നും കേന്ദ്ര സർക്കാർ മെറ്റയോട് നിർദേശിച്ചു. ശുപാർശാ സംവിധാനങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന അപകടകരമായ ഉള്ളടക്കങ്ങൾ വേഗത്തിൽ കണ്ടെത്തി പരിശോധിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം.
അതേസമയം, കേന്ദ്ര നിര്‍ദേശം തുടർച്ചയായ സെൻസർഷിപ്പിന് വഴിയൊരുക്കുമെന്ന് ഡിജിറ്റൽ അവകാശ സംഘടനയായ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടർ അപർ ഗുപ്ത പറഞ്ഞു. മെറ്റയുടെ പ്ലാറ്റ്ഫോമുകൾ എല്ലാ ഉള്ളടക്കങ്ങൾക്കും ഒരുപോലെ പ്രചാരം നൽകുന്നില്ലെന്നും, ചിലതരം ഉള്ളടക്കങ്ങൾക്ക് അൽഗോരിതങ്ങൾ കൂടുതൽ മുൻഗണന നൽകുന്നതായും വിവിധ ഏജൻസികളിൽനിന്ന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. എന്നാൽ, വ്യാജവാർത്തകൾ തടയാനുള്ള ശ്രമം അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്.
The Central Government has asked Meta to review Facebook and Instagram’s recommendation algorithms to curb misleading content, inflammatory posts and the spread of misinformation. The directive has sparked concerns over potential censorship and its impact on freedom of expression, highlighting the need to balance public safety with digital rights and transparency.