India

ആറ് മാസമായി റേഷന്‍ വാങ്ങുന്നില്ലേ? നിഷ്‌ക്രിയ കാര്‍ഡുകള്‍ അസാധുവാകും; 'ഒഴിവാക്കലിനേക്കാള്‍ ഉള്‍പ്പെടുത്തലിനായിരിക്കണം മുന്‍ഗണന'

റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാത്തവര്‍, ഇരട്ടിപ്പുകള്‍, സംശയാസ്പദമായവരുമായ ഗുണഭോക്താക്കള്‍ എന്നിവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനുമുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് നീക്കം.

Madism Desk

റേഷന്‍ കടയില്‍ നിന്ന് സാധങ്ങള്‍ വാങ്ങാറില്ലേ, ആറുമാസം കഴിഞ്ഞെങ്കില്‍ പണിയാകും. കഴിഞ്ഞ ആറുമാസമായി റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാത്ത 1.58 കോടി ഗുണഭോക്താക്കള്‍ രാജ്യത്തുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇവരെ ഒഴിവാക്കി പൊതുവിതരണ സംവിധാനത്തിന്റെ ഡാറ്റാ ബേസ് പുതുക്കാന്‍ ആണ് നീക്കം. റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാത്തവര്‍, ഇരട്ടിപ്പുകള്‍, സംശയാസ്പദമായവരുമായ ഗുണഭോക്താക്കള്‍ എന്നിവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനുമുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് നീക്കം.

പൊതുവിതരണ സംവിധാനത്തിന്റെ ഡാറ്റാ ബേസ് പുതുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍, ആധാറുമായി ബന്ധിപ്പിക്കല്‍, ഇ-കെവൈസി എന്നിവയായിരുന്നു ഇതിനായി ഉപയോഗിച്ചത്. എന്നാല്‍, കാര്‍ഡുകള്‍ സ്ഥിരമായി ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ പേരുകള്‍ ഡാറ്റാബേസില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യില്ല. ആദ്യം അവരുടെ റേഷന്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കും. ഇക്കാലയളവില്‍ തങ്ങള്‍ യഥാര്‍ഥ ഗുണഭോക്താക്കളാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് മൂന്ന് മാസത്തെ സമയം നല്‍കും. ഈ കാലയളവിനുള്ളില്‍ ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കാര്‍ഡുകള്‍ വീണ്ടും ആക്ടീവാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഭക്ഷ്യധാന്യ വിഹിതം ഒന്നും തന്നെ കൈപ്പറ്റാത്ത 'സൈലന്റ് റേഷന്‍ കാര്‍ഡുകള്‍' (നിഷ്‌ക്രിയ കാര്‍ഡുകള്‍) പരിശോധിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് ഈ മൂന്ന് മാസത്തെ സാവകാശം. ഭേദഗതി വരുത്തിയ 'ടാര്‍ഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്‍ട്രോള്‍) ഓര്‍ഡര്‍' പ്രകാരം ഇത്തരം കാര്‍ഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനും, തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ ഫീല്‍ഡ് പരിശോധനയും ഇ-കെവൈസിയും നടത്തി അന്തിമ നടപടി സ്വീരകരിക്കാനും അനുവദിക്കുന്നുണ്ട്. യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് ഭക്ഷ്യധാന്യം എത്തുന്നുവെന്ന് ഉറപ്പാക്കാനും, ഇരട്ടിപ്പുള്ള കാര്‍ഡുകള്‍, മരിച്ചവര്‍, കുടിയേറിയവര്‍ അല്ലെങ്കില്‍ അര്‍ഹതയില്ലാത്തവര്‍ എന്നിവരിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താനുമാണ് സര്‍ക്കാരിന്റെ നീക്കം.

എന്നാല്‍, സര്‍ക്കാര്‍ നീക്കം ജനങ്ങളില്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണെന്നാണ് വിദഗ്ധരുടെ വാദം. 'ഒരാളുടെ പേര് നീക്കം ചെയ്യുകയും പിന്നീട് ഇ-കെവൈസി അല്ലെങ്കില്‍ അതുപോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ സിസ്റ്റത്തില്‍ വീണ്ടും ചേരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിലുടെ സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുകയാണെന്നാണ് പ്രധാന വിമര്‍ശനം. ജനങ്ങളില്‍ ഉത്തരവാദിത്തം നിര്‍ബന്ധിച്ച് നല്‍കുകയാണെന്നും വിമര്‍ശകര്‍ പറയുന്നു. ഒരു ക്ഷേമപദ്ധതിയില്‍, ഒഴിവാക്കലിനേക്കാള്‍ ഉള്‍പ്പെടുത്തലിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. 'ആരൊക്കെയാണ് റേഷന്‍ വാങ്ങുന്നതെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് പ്രധാനമാണ്; എന്നാല്‍ പഞ്ചായത്ത് തലത്തിലുള്ള സമിതികള്‍ വഴി, താഴെത്തട്ടില്‍ നിന്നുള്ള പ്രക്രിയയിലൂടെ വേണം അത് നടപ്പിലാക്കാന്‍ എന്നും ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

The central government is reportedly planning to review and potentially remove beneficiaries who have not used their ration cards for the past six months. According to government estimates, around 1.58 crore beneficiaries across India have not used their ration cards during this period. The move is aimed at updating the Public Distribution System (PDS) database by identifying inactive beneficiaries, duplicate entries and potentially suspicious or ineligible beneficiaries. The reported exercise is part of efforts to clean up and update ration-card records.