ഐഫോൺ വാങ്ങി നൽകാഞ്ഞതിന് 18കാരൻ ക്ലിഫിൽ നിന്ന് ചാടി മരിച്ചതും അവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാപിതാക്കളുടെ ജീവനും നഷ്ടപ്പെട്ടതും കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായ സംഭവമായിരുന്നു. വെറുമൊരു ഐഫോണിന്റെ പേരിലുണ്ടായ ദുരന്തമായി ഈ സംഭവം പരിഹാസരൂപേണ ചിത്രീകരിക്കപ്പെടുമ്പോൾ അതിനൊരു യഥാർഥവശമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐഫോണല്ല, മറിച്ച് ഒരു സാധാരണ കുടുംബത്തിലെ അസാധാരണ സംഭവങ്ങളാണ് ആ മകനെയും അച്ഛനമ്മമാരെയും അന്നാ ക്ലിഫിന് മുകളിലെത്തിച്ചതെന്ന് പറയുകയാണ് ബന്ധുക്കൾ.
ഓഗസ്റ്റ് 21നാണ് രാജ്യമേറെ ചർച്ച ചെയ്ത് ആ ദുരന്തമുണ്ടാകുന്നത്. പതിനെട്ടുകാരനായ കുനാൽ ചാന്ദ്‌ഗുഡെ, മാതാപിതാക്കളായ മുരളീധർ, സംഗീത എന്നിവർ മഹാരാഷ്ട്രയിലെ ഖാവ്‌ല്യ മലയിടുക്കിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. മലമുകളിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ കുനാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുരളീധറും സംഗീതയും അപകടത്തിൽപ്പെടുന്നത്.
ഐഫോൺ വാങ്ങി നൽകാത്തതിന് ജീവനൊടുക്കുമെന്ന് കുനാൽ ഭീഷണിപ്പെടുത്തിയെന്നും, അതല്ല, വാങ്ങിയ ഐഫോണിന്റെ തവണ അടയ്ക്കാത്തതിന് വീട്ടുകാരോട് വഴക്കിട്ട് കുനാൽ മലകയറിയതാണെന്നും പിന്നീട് പല റിപ്പോർട്ടുകളുമെത്തി. എന്നാൽ ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമെന്നാണ് ഇപ്പോൾ സംഗീതയുടെ സഹോദരി പല്ലവി പ്രതികരിച്ചത്. ഇത്തരം വാർത്തകൾ കുടുംബത്തിന് വലിയ മാനസിക വിഷമമുണ്ടാക്കുന്നുവെന്നും അവർ പറയുന്നു.
അവരുടെ വാക്കുകൾ ഇങ്ങനെ:
ആളുകൾക്ക് ഒന്നുമറിയില്ല. മൂത്ത സഹോദരിയെയും, സഹോദരനെയും മകനെയുമാണ് ഒറ്റദിവസം കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത്. ആളുകൾ അവർക്ക് വേണ്ട രീതിയിൽ കഥ മെനഞ്ഞെടുക്കുകയാണ്. എന്നാൽ ആ കഥകളിലൊന്നും ഒരു തരിപോലും യാഥാർഥ്യമില്ല. നിങ്ങൾക്ക് ഞങ്ങളെ അറിയില്ല, ഞങ്ങളുടെ കുടുംബപശ്ചാത്തലമറിയില്ല... എന്നിട്ട് പോലും ഇത്തരത്തിൽ കഥകളുണ്ടാക്കുന്നത് എന്ത് രീതിയാണ്. 75 വയസ്സായി എന്റെ മാതാപിതാക്കൾക്ക്... സംഭവത്തിന്റെ ഷോക്കിൽ നിന്ന് അവരിത് വരെ മോചിതരായിട്ടില്ല. അതിനൊപ്പമാണ് ഇത്തരം വാർത്തകൾ കൂടി കേൾക്കേണ്ടി വരുന്നത്. ഇനിയും ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്.
ട്രക്ക് ഡ്രൈവറായിരുന്നു മരണപ്പെട്ട മുരളീധർ. സംഗീത വീട്ടമ്മയും. ദമ്പതികളുടെ മൂത്ത മകൻ ശാരീരികാസ്വാസ്ഥ്യങ്ങളാൽ ആറ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അന്ന് മുതൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. മകന്റെ മരണം പൂർണമായി ഉൾക്കൊള്ളാൻ ഇരുവർക്കും കഴിഞ്ഞിരുന്നില്ല. ഈ മരണം ഇരുവരുടെയും ബന്ധത്തിലും ഉലച്ചിലുണ്ടാക്കി.
മുരളീധർ വല്ലപ്പോഴുമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളൂ.. മാസങ്ങളോളം ട്രക്കുമായി മറ്റ് സ്ഥലങ്ങളിലാവും. മകന്റെ മരണം നൽകിയ ആഘാതത്തിൽ നിന്നുള്ള ഒരുതരം രക്ഷപെടൽ. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് മുരളീധർ വീട്ടിലെത്തിയത്. മൂന്ന് മാസമായി വേറെവിടെയോ കഴിയുകയായിരുന്നു.
എന്നാൽ മകന്റെ വേർപാടിന് പിന്നാലെ മുരളീധറിൽ നിന്നുള്ള അകൽച്ചയും സംഗീതയെ കാര്യമായി അലട്ടി. മുരളീധർ വീട്ടിലെത്തിയാൽ വഴക്കും ബഹളവും പതിവായി. ഇതിനിടയിൽ കുനാൽ ഒറ്റപ്പെടുകയും ചെയ്തു. കഴിഞ്ഞ വർഷവും സമാനരീതിയിൽ കുനാൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇതിനിടയിൽ, മരിച്ച സംഗീതയുടെ യൂട്യൂബ് വീഡിയോസും വലിയ രീതിയിൽ ചർച്ചയാവുകയാണ്. 29,000 സബ്സ്ക്രൈബേഴ്സ് ഉള്ള സജീവ യൂട്യൂബറായിരുന്നു സംഗീത. കുടുംബം തകർന്നതിനെ പറ്റിയുള്ള വീഡിയോകളാണ് കുറച്ച് കാലമായി ഇവർ പങ്കുവച്ചിരുന്നത്.
മരണം നടക്കുന്നതിന് തലേന്നും ഇത്തരത്തിലൊരു വീഡിയോ സംഗീത പോസ്റ്റ് ചെയ്തിരുന്നു. കുടുംബം തകർത്തവരെ വെറുതെ വിടില്ലെന്നും താനും മകനും അനുഭവിക്കേണ്ട സ്വത്ത് മറ്റാരൊക്കെയോ കൈവശപ്പെടുത്തിയിരിക്കുകയാണെന്നുമൊക്കെ ഇതിൽ പറയുന്നുണ്ട്. കൂടാതെ, പരസ്പരം വില കൽപ്പിക്കാത്ത ബന്ധങ്ങളിൽ നിന്ന് ഇറങ്ങിപ്പോരുന്നതാണ് നല്ലതെന്ന് വ്യക്തമാക്കുന്ന മറ്റൊരു വിഡിയോയും മരണത്തിനു തലേദിവസം അവർ പങ്കുവച്ചിരുന്നു.
The death of an 18-year-old who jumped off a cliff after his parents refused to buy him an iPhone, along with the deaths of his parents who lost their lives while trying to save him, made headlines in recent days. While the incident has been mockingly portrayed as a tragedy caused simply by an iPhone, reports now emerging suggest there is a deeper reality behind it.
According to relatives, it was not an iPhone but a series of extraordinary circumstances in an otherwise ordinary family that brought the son and his parents to the top of that cliff.