India

അഴുക്കുചാലിൽ വീണ് കുട്ടി മരിച്ചത് കുസൃതി എന്ന് എഴുതിത്തള്ളി സർക്കാർ: 12 വർഷത്തിനിപ്പുറം നഷ്ടപരിഹാരം വിധിച്ച് കോടതി

സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലേക്ക് ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് ഡൽഹി ഹൈക്കോടതി

Madism Desk

ഓവുചാലിൽ വീണ് പത്തു വയസ്സുകാരൻ മരിച്ച് 12 വർഷങ്ങൾക്കിപ്പുറം കുടുംബത്തിന് നഷ്ടപരിഹാരം. ഡൽഹി സ്വദേശിയായ മുഹമ്മദ് നസീമിന്റെ മാതാപിതാക്കൾക്കാണ് പലിശ സഹിതം 16.9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിനോടും ഡൽഹി ജൽ ബോർഡിനോടുമാണ് ഉത്തരവ്.

2014ലാണ് കളിക്കുന്നതിനിടെ നസീം വീടിനുസമീപത്തെ ഓവുചാലിൽ വീഴുന്നത്. അല്പസമയത്തിനകം പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു. അന്ന് മുതൽ സർക്കാർ ഏജൻസികൾക്കെതിരെ പോരാട്ടത്തിലായിരുന്നു മാതാപിതാക്കൾ. 2019 മുതൽ ഇവരിതിനെ നിയമപരമായി നേരിടുകയാണ്. ഏകമകൻ മരണപ്പെട്ടതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത്, അർഹതപ്പെട്ട നഷ്ടപരിഹാരത്തിനായി പെയിന്റ് പണിക്കാരനായ പിതാവും വീട്ടമ്മയായ മാതാവും കോടതി കയറി.

കുട്ടി കുസൃതിക്കാരനായതിനാലാണ് ഓവുചാലിൽ വീണതെന്നും പഴി തങ്ങൾക്ക് മേൽ ചാരാൻ സാധിക്കില്ലെന്നുമായിരുന്നു ഡൽഹി ജൽ ബോർഡിന്റേതടക്കം നിലപാട്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ച ജൽ ബോർഡും, എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡും, കരാറെടുത്ത എം/എസ് ഡി.എസ്.സി.എൽ-ഫെങ്ഷുൻ-വാബാഗ് കൺസോർഷ്യം (എന്ന സ്വകാര്യ കമ്പനിയും വർഷങ്ങളോളം പരസ്പരം കുറ്റം ചുമത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് ഹർജി തീർപ്പാക്കവേ ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതിക്ക് മുന്നിൽ, ഈ മൂന്ന് കക്ഷികളും വാദിച്ചത് അപകടം നടന്ന സ്ഥലം 'സ്വകാര്യ സ്വത്ത്' ആയിരുന്നുവെന്നും, സുരക്ഷാ മൂടികൾ പ്രദേശവാസികൾ മോഷ്ടിച്ചതാണെന്നുമാണ്. എന്നാൽ, 'റെസ് ഇപ്സ ലോക്വിറ്റൂർ' (Res ipsa loquitur - കാര്യങ്ങൾ സ്വയം വ്യക്തമാക്കുന്നു) എന്ന നിയമതത്വം ഉയർത്തിക്കാട്ടി കോടതി ഈ വാദങ്ങളെല്ലാം പൂർണ്ണമായും തള്ളി.

ജനവാസ മേഖലയിൽ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഒരു കുഴി തുറന്നുവെച്ചിരിക്കുന്നത് തള്ളിക്കളയാനാവില്ലെന്ന് ജസ്റ്റിസ് മിനി പുഷ്കർണ നിരീക്ഷിച്ചു.

വർഷങ്ങളുടെ നിയമപരിഷ്കാരങ്ങൾക്ക് ശേഷവും, ഇത്തരം അപകടകരമായ കുഴികൾക്കും ശാഫ്റ്റുകൾക്കും സ്റ്റീൽ പ്ലേറ്റുകൾ കൊണ്ടുള്ള അടപ്പുകളോടുകൂടിയ കോൺക്രീറ്റ് പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുക, ബന്ധപ്പെട്ട അധികാരികൾക്ക് ലിഖിത നിവേദനം നൽകുക, ഡ്രില്ലിംഗ് ഏജൻസികളുടെ നിർബന്ധിത രജിസ്ട്രേഷൻ നടപ്പിലാക്കുക തുടങ്ങിയ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതർ പരാജയപ്പെട്ടതായി സുപ്രിം കോടതിയുടെ 2010ലെ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.

സുരക്ഷിതമല്ലാത്ത ഇത്തരം പ്രദേശങ്ങളിലേക്ക് ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഡൽഹി ജൽ ബോർഡിന്റെ കടമയാണെന്ന് വിധിച്ച, 2011-ലെ 'ഗോപാൽപൂർ വിക്ടിം അസോസിയേഷൻ' കേസും കോടതി ഇതിനോടൊപ്പം എടുത്തുപറഞ്ഞു.

മോശം സുരക്ഷാ ക്രമീകരണങ്ങളുള്ള മലിനജല പൈപ്പ് ലൈനുകളും മറ്റും സൃഷ്ടിക്കുന്ന അപകടങ്ങളുടെ ഒറ്റപ്പെട്ട ഒരു ഉദാഹരണമല്ല നസീമിന്റെ മരണം. അപകടകരമായ രീതിയിൽ ഓടകളോ സെപ്റ്റിക് ടാങ്കുകളോ വൃത്തിയാക്കുന്നതിനിടെ മരിച്ച ശുചീകരണ തൊഴിലാളിയല്ല എന്നതൊഴിച്ചാൽ, ഇത്തരം അപകടകരമായ ഓവുചാലുകൾക്ക് ചുറ്റും പ്രാഥമിക സുരക്ഷ ഉറപ്പാക്കുന്നതിൽ നേരിട്ട വലിയ പരാജയത്തെ തന്നെയാണ് നസീമിന്റെ മരണവും ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയിലുടനീളം നടക്കുന്ന ഇത്തരം അപകടകരമായ ശുചീകരണ പ്രവർത്തനങ്ങളുടെ ഭയാനകമായ ഒരു ചിത്രം അടുത്തിടെ ലോക്സഭയിൽ സമർപ്പിച്ച കണക്കുകളും വ്യക്തമാക്കുന്നുണ്ട്.

2014നും 2025നും ഇടയിൽ സെപ്റ്റിക് ടാങ്കുകളും ഓടകളും വൃത്തിയാക്കുന്നതിനിടെ 859 ശുചീകരണ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം 2026 ഫെബ്രുവരിയിൽ ലോക്സഭയെ അറിയിച്ചത്. 2019-ലായിരുന്നു ഈ പ്രതിസന്ധി ഏറ്റവും രൂക്ഷം. അന്ന് 131 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

കൂടാതെ, 2026 ജൂലൈ 28-ന് നൽകിയ മറുപടിയിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 166 മരണങ്ങൾ സംഭവിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

29 മരണങ്ങളുമായി മഹാരാഷ്ട്രയാണ് ഈ പട്ടികയിൽ മുന്നിൽ. തമിഴ്‌നാടും ഉത്തർപ്രദേശും 21 വീതം മരണങ്ങളോടെ തൊട്ടുപിന്നിലും, രാജസ്ഥാൻ 20 മരണങ്ങളോടെ അടുത്ത സ്ഥാനത്തുമുണ്ട്. ഡൽഹിയിൽ മാത്രം ഈ ചുരുങ്ങിയ കാലയളവിൽ 12 മരണങ്ങൾ രേഖപ്പെടുത്തി. ഇതിൽ ഏറ്റവും ആശങ്കാജനകമായ കാര്യം ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലെ വീഴ്ചയാണ്: 166 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും 110 കേസുകളിൽ മാത്രമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതായത്, ഡസൻ കണക്കിന് കുടുംബങ്ങൾക്ക് ഒരു ക്രിമിനൽ അന്വേഷണത്തിന്റെ തുടക്കം പോലും ലഭിച്ചില്ല. നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതിനാലാണ് ഈ മരണങ്ങൾ സംഭവിച്ചതെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.

Twelve years after a 10-year-old boy died after falling into an open drain, his family has finally been awarded compensation. The Delhi High Court has directed the Delhi government and the Delhi Jal Board to pay ₹16.9 lakh, along with interest, to the parents of Delhi resident Mohammad Naseem.

Naseem's death is not an isolated example of the dangers posed by poorly secured sewage pipelines and drainage infrastructure. Although he was not a sanitation worker who died while cleaning drains or septic tanks, his death highlights the same systemic failure: the inability of authorities to ensure even basic safety measures around hazardous drains and sewage facilities. The tragedy underscores the serious consequences of neglecting public safety around such dangerous infrastructure.