India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ജാമ്യമില്ല, രണ്ടുദിവസം കൂടി കസ്റ്റഡി നീട്ടി; ജാമ്യം വൈകിപ്പിക്കാന്‍ ഗൂഡാലോചനയെന്ന് സിജെപി

കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ കോടതി വീണ്ടും തിഹാര്‍ ജയിലിലേക്ക് അയച്ചു

Madism Desk

ജന്തര്‍ മന്തറില്‍ സമരം ചെയ്ത കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. പ്രതിഷേധ സ്ഥലമെന്ന പദവി അടുത്തിടെ റദ്ദാക്കിയ ഡല്‍ഹി ജന്തര്‍ മന്തിറിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തുകയറിയ കേസിലാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്. ഒക്ടോബര്‍ 13-നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഒക്ടോബര്‍ 14-ന് അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ കോടതി വീണ്ടും തിഹാര്‍ ജയിലിലേക്ക് അയച്ചു. ബുധനാഴ്ച ഇരുവരെയും വീണ്ടും കോടതിയില്‍ ഹാജരാക്കും.

എന്തുകൊണ്ടാണ് സി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്തത്?

ജന്തര്‍ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അവിടെ പ്രവേശിച്ച് ദേശീയ പതാക ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് ശേഷമാണ് ഇവരെ കരുതല്‍ തടങ്കലില്‍ എടുത്തത്. വോട്ടിംഗ് അവകാശങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന് ആരോപിച്ച് തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിനെതിരെയും ഗ്യാനേഷ് കുമാറിനെതിരെയും സി.ജെ.പി പ്രതിഷേധിച്ചു വരികയായിരുന്നു. ജന്തര്‍ മന്തറിനെ നിശ്ചിത പ്രതിഷേധ സ്ഥലമെന്ന പദവിയില്‍ നിന്ന് മാറ്റിയതിനെയും പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു.

ജാമ്യ നടപടികളില്‍ കാലതാമസവും പാര്‍ട്ടിയുടെ ആരോപണങ്ങളും

ജാമ്യത്തിനുള്ള നടപടികള്‍ സ്വീകരിച്ചതിനു ശേഷം സി.ജെ.പിയുടെ ലീഗല്‍ ടീം ഇവരുടെ മോചനം ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനം ആയില്ല. രണ്ട് കോ-കണ്‍വീനര്‍മാരുടെയും നിയമവിരുദ്ധമായ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാന്‍ കോടതി നടപടികള്‍ വൈകിപ്പിക്കുകയും മോചനം തടയുകയും ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ വഴികളും ഉപയോഗിക്കുന്നുണ്ടെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ 'എക്‌സ്' പ്ലാറ്റ്ഫോമിലെ കുറിപ്പില്‍ ആരോപിച്ചു. തങ്ങളുടെ നേതാക്കളുടെ മോചനത്തിനായി സമര്‍പ്പിച്ച ജാമ്യ തുകയ്ക്കുള്ള ഈടുപത്രങ്ങള്‍ വ്യക്തമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് തള്ളിക്കളഞ്ഞതായും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

മജിസ്‌ട്രേറ്റിന് ഭീഷണിയും തുടര്‍നടപടികളും

കേസുമായി ബന്ധപ്പെട്ട് മറ്റൊരു വഴിത്തിരിവുണ്ടായത് ഞായറാഴ്ചയാണ്. ജാമ്യാപേക്ഷ പരിഗണിച്ചിരുന്ന സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അജ്ഞാതരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് നോണ്‍-കോഗ്‌നിസബിള്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചിരുന്ന മജിസ്‌ട്രേറ്റിനെ മാറ്റുകയും തിങ്കളാഴ്ച പുതുതായി നിയമിതനായ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ നേതാക്കളെ ഹാജരാക്കുകയുമായിരുന്നു. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെടുകയും മജിസ്‌ട്രേറ്റ് ഇവരെ രണ്ടു ദിവസത്തേക്ക് കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു.

A Delhi court has extended the judicial custody of Cockroach Janata Party (CJP) leaders Saurav Das and Ashutosh Ranka by two more days. The two leaders were arrested on October 13 after allegedly entering Jantar Mantar by jumping over its gate, raising the national flag and shouting slogans against Chief Election Commissioner Gyanesh Kumar. They had been protesting against the removal of Jantar Mantar from the list of designated protest sites and the Special Intensive Revision (SIR) of electoral rolls, which the party claims threatens voting rights.