ഒക്ടോബർ 11ന് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി, ഒക്ടോബർ 10ന് രാവിലെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലെത്തുന്ന എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ.
‘നമ്മുടെ വിശ്വഗുരു, 56 ഇഞ്ച് മനുഷ്യൻ റെയിൽവേ അടച്ചുപൂട്ടിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ഞങ്ങൾ നാളെ പ്രതിഷേധിക്കാൻ പോകുകയാണല്ലോ,’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു.
ഒക്ടോബർ 11ന് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലെത്തുന്ന എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും ഒക്ടോബർ 10ന് രാവിലെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ റദ്ദാക്കിയിരുന്നു. ഇതിന് മറുപടിയായി പോസ്റ്റ് ചെയ്ത വിഡിയോയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഭിജിത് ദീപ്കെയുടെ പരിഹാസം. സിജെപി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് റങ്ക എന്നിവരും വിഡിയോയിൽ ദീപ്കെയ്‌ക്കൊപ്പമുണ്ടായിരുന്നു.
പ്രത്യേക വോട്ടർപട്ടിക പരിഷ്കരണമായ SIRൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ജന്തർ മന്തറിൽ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, പ്രതിഷേധത്തെത്തുടർന്ന് യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ വിശദീകരണം. വ്യാഴാഴ്ച മാത്രം ഏകദേശം 5,000 യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായതായും ഉദ്യോഗസ്ഥർ അറിയിച്ചു.
‘മോദിജി, ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലല്ലോ? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഇടയ്ക്കിടെ ബ്ലഡ് പ്രഷർ പരിശോധിക്കണേ, കേട്ടോ’ എന്നായിരുന്നു മൂവരുടെയും പരിഹാസം. ബിജെപി നേതാക്കൾ ‘ഏകാധിപതി’ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് പോലും ഇത്തരത്തിൽ റെയിൽവേ അടച്ചുപൂട്ടിയിരുന്നില്ലെന്നും, മോദി സർക്കാർ ട്രെയിനുകൾ റദ്ദാക്കിയതാണ് പലർക്കും ഡൽഹിയിലെത്താൻ കഴിയാത്തതിന് കാരണമെന്നും ഇവർ പരിഹസിച്ചു.
പോലീസ് നിയന്ത്രണങ്ങൾക്കിടയിലും ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് അഭിജിത് ദീപ്കെ നേരത്തെ പറഞ്ഞിരുന്നു. പ്രതിഷേധത്തിന് മുന്നോടിയായി രാജ്യത്തുടനീളം ആയിരക്കണക്കിന് യുവാക്കളെ കസ്റ്റഡിയിലെടുത്തെന്നും പ്രതിഷേധം തടയാൻ ബിജെപി സർക്കാർ ശ്രമിക്കുകയാണെന്നും ദീപ്കെ എക്സിലെ പോസ്റ്റിൽ ആരോപിച്ചിരുന്നു.
അതേസമയം, സിജെപിയുടെ പ്രതിഷേധത്തിനെതിരെ ഡൽഹി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ദേശീയ തലസ്ഥാനത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 163-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ടെന്നും അനുമതിയില്ലാത്ത കൂട്ടായ്മകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. നിരോധന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജന്തർ മന്തറിലോ മറ്റേതെങ്കിലും സ്ഥലത്തോ പ്രതിഷേധങ്ങൾക്ക് അനുമതിയില്ലെന്ന് DCP സൃഷ്ടി പാണ്ഡെയും അറിയിച്ചു.
അതേസമയം, ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന ചോദ്യമുയർത്തിയും, വിദേശ അധിനിവേശത്തെ നേരിടാനുള്ള തയ്യാറെടുപ്പല്ല, സ്വന്തം അവകാശങ്ങൾക്കായി പ്രക്ഷോഭത്തിനിറങ്ങുന്ന പൗരന്മാരെ തടയാനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടിയും സോഷ്യൽ മീഡിയയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
CJP founder Abhijeet Dipke mocked Prime Minister Narendra Modi after mail and express trains arriving at New Delhi and Hazrat Nizamuddin stations were cancelled ahead of the party’s October 11 protest at Jantar Mantar. The protest demands Chief Election Commissioner Gyanesh Kumar’s resignation over alleged irregularities in the Special Intensive Revision process.