വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാക ഉയർത്താനുള്ള സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ആഹ്വാനത്തിന് പിന്നാലെ ജാഗ്രത ശക്തമാക്കി ഡൽഹി പൊലീസ്. സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ആസൂത്രണം ചെയ്യുന്നതിനായി വ്യാഴാഴ്ച പൊലീസ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേരും. കഴിഞ്ഞ ദിവസം ജന്തർ മന്തറിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധിച്ച സിജെപി പ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. ത്രിവർണ്ണ പതാക ഉയർത്തിയതിന്റെ പേരിൽ മാത്രമാണ് ഇവരെ ജയിലിലടച്ചതെന്ന് ആരോപിച്ച പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, സെൻട്രൽ പാർക്കിൽ ദേശീയ പതാകയുമായി ഒത്തുചേരാൻ ദേശസ്നേഹികളോട് ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ അടിയന്തര ഇടപെടൽ.
സാഹചര്യം വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ആസൂത്രണം ചെയ്യുന്നതിനുമായി ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാറിന്റെ അധ്യക്ഷതയിൽ ഇന്ന് പൊലീസ് ആസ്ഥാനത്ത് അടിയന്തര ഉന്നതതല യോഗം ചേരും. ലോ ആൻഡ് ഓർഡർ സോണുകളിലെ സ്പെഷ്യൽ പൊലീസ് കമ്മീഷണർമാർ ന്യൂഡൽഹി റേഞ്ച് ജോയിന്റ് കമ്മീഷണർ, ന്യൂഡൽഹി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്ക് പുറമെ ക്രൈം, സ്പെഷ്യൽ സെൽ, ഇന്റലിജൻസ്, ട്രാഫിക് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ന്യൂഡൽഹി മേഖലയിൽ ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ കർശനമായി നടപ്പാക്കുന്നതിനെക്കുറിച്ചാകും യോഗം പ്രധാനമായും ചർച്ച ചെയ്യുക. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് ഉൾപ്പെടെ മധ്യ ഡൽഹിയിൽ ഒരിടത്തും ആളുകൾ കൂട്ടംകൂടാൻ അനുവദിക്കില്ലെന്ന് ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം.
പ്രതിഷേധക്കാർ തടിച്ചുകൂടുന്നത് തടയാൻ കൊണാട്ട് പ്ലേസിലും പരിസരങ്ങളിലും ഏർപ്പെടുത്തേണ്ട ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും യോഗം വിലയിരുത്തും. മൂന്ന് പ്രവേശന കവാടങ്ങൾ മാത്രമുള്ള ജന്തർ മന്തറിൽ നിന്ന് വ്യത്യസ്തമായി, എല്ലാ ദിശകളിൽ നിന്നും പ്രവേശിക്കാൻ കഴിയുന്ന കൊണാട്ട് പ്ലേസിലേക്ക് പൂർണ്ണമായി ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവേശനം തടയണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഇതിന് പുറമെ, പ്രദേശത്തെ മെട്രോ സ്റ്റേഷനുകളിലേക്കുള്ള എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചിടണോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
സിജെപിയുടെ നേതൃത്വത്തിലുള്ള മാർച്ചിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും സാമൂഹിക പ്രവർത്തകരും എത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം ജന്തർ മന്തറിലേക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഈ പശ്ചാത്തലത്തിൽ, ക്രമസമാധാന പരിപാലനത്തിനായി ഡൽഹിയിൽ നിലവിൽ വിന്യസിച്ചിട്ടുള്ള സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസിന്റെ (CAPF) 273 കമ്പനികളുടെ സേവനം ഒക്ടോബർ 20 വരെ നീട്ടിനൽകണമെന്ന് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ 200 കമ്പനി സേനയെ ഇതിനകം തന്നെ വിവിധയിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന പ്രക്ഷോഭങ്ങളെ നേരിടാൻ ജന്തർ മന്തറിലും പരിസരപ്രദേശങ്ങളിലും കലാപവിരുദ്ധ വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മാർച്ചിന് നേതൃത്വം നൽകാൻ സാധ്യതയുള്ള നേതാക്കളുടെ നീക്കങ്ങൾ രഹസ്യാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
Delhi Police has heightened security in and around Connaught Place following a call by Cockroach Janata Party (CJP) founder Abhijeet Dipke to gather and hoist the national flag at Central Park on Friday. A high-level police meeting was convened to plan traffic diversions, potential metro closures, and the strict enforcement of prohibitory orders. The police have readied anti-riot vehicles and requested the extension of Central Armed Police Forces (CAPF) deployment. Meanwhile, local traders announced that shops and offices in Connaught Place will remain open, citing severe business losses from ongoing protests.