സിജെപി ഡൽഹിയിൽ സംഘടിപ്പിക്കുന്ന ലഹ്റാ ദോ തിരംഗ മാർച്ചിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലും രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലും പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിന് പുറമെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ചിന്റെ സുരക്ഷയ്ക്കായി അയ്യായിരത്തോളം ഉദ്യോഗസ്ഥരെ അധികമായി വിളിച്ചുവരുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
പ്രതിഷേധക്കാരെ കസ്റ്റഡിയില് എടുക്കാന് നീണ്ട നിരയായാണ് ബസുകള് വിന്യസിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസില് എത്താനാണ് അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തിരിക്കുന്നത്. മാർച്ചിന് മുന്നോടിയായി ഡൽഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോ തന്റെ വീടും പരിസരവും നിരീക്ഷിക്കുന്നുണ്ടെന്നും നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ തന്നെ നിരന്തരം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദേശീയ പതാക വീശുന്നത് ഒരു കുറ്റമായി ഭരണകൂടം കാണുന്നുണ്ടെങ്കിൽ അതിനായി ജയിലിൽ പോകാനും താൻ തയ്യാറാണെന്ന് അഭിജീത് വ്യക്തമാക്കി. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ അടക്കമുള്ള ഇടത് പാര്ട്ടികളും ഇന്നത്തെ സമരത്തില് പങ്കെടുക്കും.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുക എന്നത് കൂടിയാണ് ഈ മാർച്ചിന്റെ ലക്ഷ്യം. മുൻപ് പ്രതിഷേധങ്ങൾ നടന്നിരുന്ന ജന്തർ മന്തറിൽ വിലക്കുള്ളതിനാലാണ് ഇത്തവണ സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധം മാറ്റിയത്. എന്നാൽ ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നും നാളെയും സെൻട്രൽ പാർക്ക് പൊതുജനങ്ങൾക്കായി അടച്ചിടുമെന്ന് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ അറിയിച്ചിട്ടുണ്ട്.
സമാധാനം നിലനിർത്തുന്നതിനും ജനങ്ങളുടെ ജീവനും പൊതു-സ്വകാര്യ സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതിനുമായി കൊണാട്ട് പ്ലേസിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ടെന്ന് ഡിസിപി നേഹ യാദവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, നിശ്ചിത എണ്ണം ആളുകൾക്ക് അനുയോജ്യമായ ഒരിടത്ത് ദേശീയ പതാകയേന്താനും ദേശീയഗാനം ആലപിക്കാനും സൗകര്യമൊരുക്കാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന് മുന്നോടിയായി വ്യാഴാഴ്ച ഡൽഹി പൊലീസ് കമ്മീഷണറുടെ അധ്യക്ഷതയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നു. നിലവിൽ മെട്രോ സർവീസുകൾ നിർത്തിവെക്കുന്നത് പരിഗണനയിലില്ലെന്നും, സ്ഥിതിഗതികൾ കൈവിട്ടുപോയാൽ മാത്രം ഉപയോഗിക്കാനുള്ള അവസാന വഴിയായിട്ടാണ് ഇതിനെ മാറ്റിനിർത്തിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി, മുമ്പ് സിസിടിവി സംവിധാനങ്ങൾ ഇല്ലാതിരുന്ന സെൻട്രൽ പാർക്കിന്റെ പ്രധാന കവാടങ്ങളിൽ പുതിയ ക്യാമറകൾ സ്ഥാപിച്ചു വരികയാണ്. ഇതിന് പുറമെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലെ 1, 3 നമ്പർ ഗേറ്റുകളിലും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കൊണാട്ട് പ്ലേസിലെ പ്രധാന വ്യാപാര മേഖലയായ പാലിക ബസാറിന് മുന്നിലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റാനുള്ള നിരവധി ഡിറ്റൻഷൻ ബസുകൾ നിരനിരയായി നിർത്തിയിട്ടിട്ടുണ്ട്. സൻസദ് മാർഗിനും ടോൾസ്റ്റോയ് റോഡിനും ഇടയിൽ മാത്രമായി ഇത്തരത്തിലുള്ള പതിനാറോളം ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയും സിജെപി പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ കൊണാട്ട് പ്ലേസ് സമാനമായ രീതിയിൽ അതീവ സുരക്ഷാ കോട്ടയായി മാറിയിരുന്നു.
Ahead of the 'Lehra Do Tiranga' march organized by the Cockroach Janta Party demanding the resignation of the Chief Election Commissioner, security has been significantly tightened in Delhi. Over 30,000 security personnel have been deployed around New Delhi, and prohibitory orders are in place in Connaught Place. Central Park has been closed, and additional CCTV cameras have been installed. CJP founder Abhijeet Dipke alleged potential police detention, while local traders expressed concerns over continuous protests severely impacting their businesses during the festive season.