India

തമിഴ്നാടിനെ ഞെട്ടിച്ച പത്തുവയസ്സുകാരിയുടെ കൊലപാതകം; കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പുനല്‍കി വിജയ്

അന്വേഷണം സുതാര്യമായിരിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്

Madism Desk

കോയമ്പത്തൂരിൽ പത്തുവയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂരത കടുത്ത ദുഃഖവും ഞെട്ടലും ഉണ്ടാക്കിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മനുഷ്യത്വരഹിതവും ക്ഷമിക്കാനാകാത്തതുമായ ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വിജയ് വ്യക്തമാക്കി. കുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്നും വിജയ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കോയമ്പത്തൂരിൽ നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് പത്തുവയസ്സുകാരിയെ കാണാതായത്. തുടർന്ന് വെള്ളിയാഴ്ച സുലൂർ മേഖലയിലെ കണ്ണംപാളയം തടാകത്തിന് സമീപത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദേഹത്ത് മുറിവുകളുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻരാജ് എന്നീ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. കേസിൽ നീതി ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രി വിജയ്‌യിൽ നിന്ന് ഉറപ്പു ലഭിക്കാതെ മൃതദേഹം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്നും കുടുംബം നിലപാട് വ്യക്തമാക്കിയിരുന്നു.

മാറ്റത്തിന് വേണ്ടിയാണ് തങ്ങൾ വോട്ടുചെയ്തതെന്നും എന്നാൽ ഇത്രയും ഗുരുതരമായ സംഭവത്തിൽ പ്രതികരണം ഉണ്ടായില്ലെന്നുമായിരുന്നു കുടുംബത്തിന്റെ വിമർശനം. ഇതിന് പിന്നാലെയായിരുന്നു വിജയ് എക്‌സിലൂടെ പ്രതികരിച്ചത്. കേസിന്റെ അന്വേഷണം വിലയിരുത്തുന്നതിനായി തമിഴ്‌നാട് ഡിജിപി സന്ദീപ് റായ് റാഥോഡ് കോയമ്പത്തൂരിലെത്തി. മന്ത്രി എം.എസ്. സമ്പത്ത് ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. സുലൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടിവികെ എംഎൽഎ എൻ.എം. സുകുമാറും കുടുംബത്തെ കാണുകയും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു.

അതേസമയം, സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ഡിഎംകെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ടിവികെ സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ലൈംഗിക അതിക്രമങ്ങൾ, കഞ്ചാവ് കടത്ത് ഉൾപ്പെടെ നിരവധി ഗുരുതര സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

English Summary: A 10-year-old girl was brutally killed in Coimbatore, triggering strong reactions from Tamil Nadu CM Vijay, who promised strict action and support for the victim’s family. The case has led to protests, arrests, and political controversy.