

തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുന്നുവെന്ന് സൂചന. തൃണമൂലിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം പ്രവര്‍ത്തനങ്ങളെല്ലാം മരവിച്ചിരിക്കുകയാണ്. തൃണമൂല്‍ ഭരണം കയ്യാളുന്ന സംസ്ഥാനത്തെ നഗരസഭാ പ്രവര്‍ത്തനങ്ങളും താറുമാറായിട്ടുണ്ട്.
ബിജെപി സര്‍ക്കാര്‍ വേട്ടയാടുമെന്ന ഭയം കാരണം മിക്ക കൗണ്‍സിലര്‍മാരും രാജിവെച്ച് സ്ഥാനമൊഴിയുകയാണെന്നാണ് വിവരം. കൗണ്‍സിലര്‍മാരുടെ മനോവീര്യം നഷ്ടപ്പെട്ടുവെന്നും ദീദി നേരിട്ടിറങ്ങിയില്ലെങ്കില്‍ പാര്‍ട്ടി തകരുമെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്. അതേസമയം ഇക്കാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ ഇതുവരെ മമതാ ബാനര്‍ജി തയ്യാറായിട്ടില്ല.
നോര്‍ത്ത് 24 പര്‍ഗാനാസിലെ ഹാലിസഹറിലും ഭട്ട്പാറയിലും ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ബിജെപിയുടെ അന്വേഷണത്തെ ഭയന്ന് രാജിവച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാലിസഹറില്‍ 23ല്‍ 16 കൗണ്‍സിലര്‍മാര്‍ ഈ ആഴ്ച്ച രാജിവെച്ചിരുന്നു. ഭട്ട്പാറ നഗരസഭയില്‍ ചെയര്‍മാന്‍ രേബ സാഹ ഉള്‍പ്പെടെ 35ല്‍ 30 പേര്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്.
നിരവധി നഗരസഭകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം വരുമെന്നാണ് സൂചന. നിലവിലെ പ്രതിസന്ധിക്ക് തുടക്കമാകുന്നത് ബിജെപി സര്‍ക്കാര്‍ രൂപീകൃതമായതിന് ശേഷമുണ്ടായ ചില പ്രഖ്യാപനങ്ങളാണ്. നഗരസഭാ വികസനവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ പദ്ധതികളും വിവാദങ്ങളും പുനപരിശോധിക്കുമെന്നും അന്വേഷിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കൂട്ടരാജി ആരംഭിക്കുന്നത്.
അന്വേഷണം പേരിന് മാത്രമാണെന്നും ഇത് തൃണമൂല്‍ നേതാക്കളെ അഴിക്കുള്ളിലാക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ വ്യാപക അഴിമതിയാണ് തൃണമൂല്‍ നേതാക്കള്‍ സംസ്ഥാനത്ത് നടത്തിയതെന്നും നിയമപരമായി ഇത് പുറത്തുകൊണ്ടുവരുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം
തിരിച്ചുവരാന്‍ ഇടതുപക്ഷം
അതേസമയം ബംഗാളില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇടതുപക്ഷം. യുവനിരയെ പുറത്തിറക്കി അടിത്തട്ടില്‍നിന്ന് പാര്‍ട്ടിയെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി നടത്തുന്നത്. തൃണമൂല്‍ തകരുന്നതോടെ പ്രതാപകാലത്തേക്ക് തിരികെയെത്താന്‍ ഇടതിന് സാധിക്കുമെന്നും മമതയുടെ വീഴ്ച്ച മുതലെടുക്കുന്നതില്‍നിന്ന് ബിജെപിയെ തടയാന്‍ കഴിയുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
34 വര്‍ഷത്തെ ഇടതുകാലത്തിന് വിരാമം കുറിച്ചുകൊണ്ട് 2011-ലാണ് മമത ബാനര്‍ജി അധികാരത്തിലെത്തിയത്. ഇതോടെ ഇടത് വേരുകള് സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ ബിജെപി ഭരണം പിടിച്ചെടുത്തതോടെ സാഹചര്യങ്ങള്‍ മാറിയെന്നാണ് ഇടതുപാളത്തിന്റെ കണക്കുകൂട്ടല്‍. തിരികെയെത്താന്‍ യൂത്ത് ബ്രിഗേഡിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ജെഎന്‍യുവില്‍ നിന്നുള്ള പ്രമുഖ വിദ്യാര്‍ത്ഥി നേതാവായ ദിപ്സിത ധര്‍ ഉള്‍പ്പെടെയുള്ളവരാണ് നേതൃനിരയില്‍. ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട്, സിപിഐ (എം.എല്‍) ലിബറേഷന്‍ എന്നിവരുമായി ചേര്‍ന്നാണ് ഇടത് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരഞ്ഞെടുപ്പിന് ശേഷവും ചെറു ഇടത് സംഘടനകളെ ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി നീക്കം.
English Summary: All India Trinamool Congress is reportedly facing an internal crisis in West Bengal after unexpected election setbacks, with resignations and administrative instability emerging in several municipalities. Meanwhile, the Communist Party of India (Marxist)-led Left front is attempting a political revival by strengthening youth leadership and grassroots alliances.