

മെയ് ആറിന് രാത്രി കൊല്‍ക്കത്തയ്ക്ക് സമീപം ബിജെപി നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുടെ അടുത്ത സഹായി ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത് സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പുതിയ അധ്യായമാണ്. വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങള്‍ നിരീക്ഷിക്കാനും തടയാനുമായി റെക്കോര്‍ഡ് എണ്ണം സുരക്ഷാ ഉദ്യോഗസ്ഥര്‍ ബംഗാളില്‍ നിലയുറപ്പിച്ചിട്ടും ഇത്തരമൊരു ആക്രമണം തടയാനായില്ല. ബംഗാളില്‍ പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയ അക്രമങ്ങളുടെ വേരുകള്‍ കൂടുതല്‍ ആഴത്തിലേക്ക് പടരുകയാണ് എന്നാണ് ഈ സംഭവവും സൂചിപ്പിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങള്‍ ദൈനംദിനവും ഘടനാപരവുമാണ്. 1950 കളിലും 60 കളിലും ഇടതുപക്ഷ കാലഘട്ടത്തിന്റെ തുടക്കത്തില്‍ അക്രമങ്ങള്‍ ആശയപരമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണകാലത്ത് പ്രതിപക്ഷത്തിന് മേല്‍ പാര്‍ട്ടിയുടെ ആധിപത്യം ഉറപ്പാക്കാന്‍ രാഷ്ട്രീയ അക്രമങ്ങളെ ഒരു തന്ത്രമായി ഉപയോഗിച്ചു തുടങ്ങി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) ഭരണകാലത്ത് ആശയപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളില്‍ നിന്ന് മാറി അക്രമങ്ങള്‍ സാമ്പത്തിക കേന്ദ്രീകൃതമായി മാറി. പ്രാദേശിക വിഭവങ്ങള്‍ നിയന്ത്രിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ അക്രമങ്ങളെ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് തൃണമൂല്‍ ഭരണകാലത്ത് വിവിധ പാര്‍ട്ടികള്‍ തമ്മിലുള്ള അക്രമങ്ങളും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര അക്രമങ്ങളും ഒരുപോലെ വര്‍ദ്ധിച്ചത്.
ബംഗാളിലെ രാഷ്ട്രീയ അക്രമത്തിന്റെ നിര്‍വ്വചനം
രാഷ്ട്രീയ നേതാക്കളോ പ്രവര്‍ത്തകരോ ഉള്‍പ്പെടുന്ന ഏത് തരം സംഘര്‍ഷത്തെയും രാഷ്ട്രീയ അക്രമമായി കണക്കാക്കാം. ഇതില്‍ ശാരീരിക പീഡനവും കൊലപാതകവും മാത്രമല്ല മാനസികമായ പീഡനങ്ങളും ഉള്‍പ്പെടുന്നു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ബലാത്സംഗം പോലും ഒരു ആയുധമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ആരോപണമുണ്ട്. കൂടാതെ, എതിരാളികളെ മാനസികമായി സമ്മര്‍ദ്ധത്തിലാക്കാന്‍ വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപവും രാഷ്ട്രീയ കക്ഷികള്‍ നടത്തുന്നു.
അക്രമങ്ങളുടെ വേരുകള്‍ എവിടെയാണ്?
പശ്ചിമ ബംഗാളിലെ അക്രമങ്ങള്‍ക്ക് പ്രധാനമായും മൂന്നോ നാലോ കാരണങ്ങളുണ്ട്. ഒന്നാമതായി, കൊളോണിയല്‍ കാലഘട്ടത്തില്‍ ബംഗാളിലെ അനുശീലന്‍ സമിതി, യുഗാന്തര്‍ സമിതി തുടങ്ങിയ സംഘടനകള്‍ സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാന്‍ ആലോചിച്ചിരുന്നു. സുഭാഷ് ചന്ദ്ര ബോസ് പോലും ഒരു ബദല്‍ സൈനിക സംഘടനയെ ഉപയോഗിച്ച് ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ബംഗാള്‍ രാഷ്ട്രീയത്തില്‍ അക്രമത്തിന് ഒരു ചരിത്രപരമായ പശ്ചാത്തലമുണ്ട്.
സ്വാതന്ത്ര്യാനന്തരം പശ്ചിമ ബംഗാള്‍ ഒരു സംസ്ഥാനമായപ്പോള്‍ കോണ്‍ഗ്രസ് 14 വര്‍ഷത്തോളം ഭരിച്ചു. പ്രാരംഭ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) ആയിരുന്നു പ്രധാന പ്രതിപക്ഷം. 1955 വരെ അവര്‍ സായുധ സമരത്തില്‍ വിശ്വസിക്കുകയും സായുധ പോരാട്ടത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കുന്ന നടപടികള്‍ ഉണ്ടായത്. നിരോധനം നീക്കിയ ശേഷം അവര്‍ പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിച്ചെങ്കിലും രാഷ്ട്രീയത്തില്‍ അക്രമത്തിന് ഒരു പങ്കുണ്ടെന്ന് അപ്പോഴും വിശ്വസിച്ചിരുന്നു.
ഭക്ഷ്യക്ഷാമം, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവയ്‌ക്കെതിരെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നടന്ന ഭക്ഷ്യ പ്രക്ഷോഭ (1959) കാലത്തും യാത്രാനിരക്ക് വര്‍ദ്ധനവിനെതിരെയുള്ള പ്രതിഷേധങ്ങളിലും നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ബംഗാള്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു ഘട്ടമാണിത്. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് പിന്നീട് ഇടതുപക്ഷത്തിന് ബംഗാളില്‍ വലിയ സ്വാധീനം നേടിക്കൊടുത്തത്. ഒരു വശത്ത് ഇടതുപക്ഷത്തിന്റെ സമരമുറകളും മറുവശത്ത് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ആക്രമണങ്ങളും ബംഗാള്‍ രാഷ്ട്രീയത്തെ കൂടുതല്‍ അക്രമാസക്തമാക്കി.
എഴുപതുകളില്‍ നക്‌സല്‍ പ്രസ്ഥാനം വന്നതോടെ കൂട്ടക്കൊലകള്‍ വര്‍ദ്ധിച്ചു. ഇതിനെ നേരിടാന്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പോലീസ് സേനയെ ഉപയോഗിച്ചു. 1972-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് അക്രമങ്ങളും ക്രമക്കേടുകളും വ്യാപകമായത്. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് ഈ അക്രമങ്ങളെ വിശ്വസിക്കാനാവാത്ത തലത്തിലേക്ക് വ്യാപിപ്പിച്ചു. 2023-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ ആക്രമങ്ങളുടെ വളര്‍ച്ചയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് നടത്തിയ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പോലും വലിയ തോതിലുള്ള അക്രമങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണം നടന്നു. വാദങ്ങള്‍ കേട്ടതിനുശേഷം കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറി. എന്നാല്‍ അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെയോ അതിന് പ്രേരിപ്പിച്ചവരെയോ അറസ്റ്റ് ചെയ്യുന്നതില്‍ സിബിഐ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും ജനങ്ങളെ അടിച്ചമര്‍ത്താനും ബംഗാളിലെ രാഷ്ട്രീയക്കാര്‍ക്ക് അക്രമം എന്നത് വളരെയധികം ഉപകാരമുള്ള ഒരു ആയുധമാണ്.
അക്രമങ്ങള്‍ ബംഗാളിന്റെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു
പണം തട്ടിയെടുക്കലാണ് അക്രമങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പ്രാദേശിക രാഷ്ട്രീയക്കാര്‍ തങ്ങളുടെ കീഴിലുള്ള യുവാക്കളെ ഉപയോഗിച്ച് കടയുടമകള്‍, തെരുവ് കച്ചവടക്കാര്‍, റിക്ഷാ തൊഴിലാളികള്‍ എന്നിവരില്‍ നിന്ന് പണം പിരിച്ചെടുക്കുന്നു. പ്രതിപക്ഷം എന്തെങ്കിലും പരിപാടിയോ റാലിയോ ചടങ്ങോ സംഘടിപ്പിക്കുകയാണെങ്കില്‍ ഭരണകക്ഷി ഉടനടി ആ പരിപാടി തടസ്സപ്പെടുത്തുന്നു. പ്രതിപക്ഷ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നു. രണ്ട് കുടുംബങ്ങള്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ പോലും അവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുകയും നിയമവിരുദ്ധ വിചാരണ സഭകള്‍ സൃഷ്ടിച്ച് വിധി പറയുകയും ഇരുപക്ഷത്തുനിന്നും പണം വാങ്ങുകയും ചെയ്യുന്നു. ഭരണകൂടം പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്.
അധികാരത്തില്‍ വരുന്നവര്‍ ഭരണസംവിധാനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണ് അക്രമങ്ങള്‍ തുടരാനുള്ള മറ്റൊരു കാരണം. രാഷ്ട്രീയവും ഭരണവും കെട്ടുപിണഞ്ഞു കിടക്കുന്നത് കൊണ്ടുതന്നെ എതിരാളികളോ ഭരണകക്ഷിക്ക് പുറത്തുള്ളവരോ അക്രമിക്കപ്പെട്ടാല്‍ അവര്‍ക്ക് നീതി ലഭിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. കീഴ്ഘടകങ്ങളിലുള്ള മിക്ക സ്ഥാപനങ്ങളെയും ഭരണകക്ഷി ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കുന്നതിനാല്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിലും വലിയ വീഴ്ചകള്‍ സംഭവിക്കുന്നു.
അതോടൊപ്പം തന്നെ, മാധ്യമങ്ങളില്‍ വലിയൊരു വിഭാഗവും അക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഭയപ്പെടുന്നുണ്ട്. അക്രമത്തോടുള്ള ഒരുതരം സഹിഷ്ണുതയും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രതിപക്ഷത്തിന് മേല്‍ അക്രമം അഴിച്ചുവിടാന്‍ ഭരണകക്ഷിക്ക് അവകാശമുണ്ടെന്ന് ജനങ്ങള്‍ പലപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ബംഗാളില്‍ അക്രമം എന്നത് ഒരു ദൈനംദിന പ്രതിഭാസമായി മാറുന്നത്.
അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എന്തൊക്കെ മാറണം
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബിജെപി വിജയത്തിന് ശേഷം 'ബദ്‌ല നഹി ബദ്‌ലാവ്' (പ്രതികാരമല്ല, മാറ്റമാണ് വേണ്ടത്) എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. 34 വര്‍ഷത്തെ ഇടതുഭരണത്തിന് ശേഷം 2011-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മമത ബാനര്‍ജിയും ഇതേ വാക്കുകളാണ് പറഞ്ഞത്. എന്നിട്ടും അക്രമങ്ങള്‍ കുറഞ്ഞില്ല.
പശ്ചിമ ബംഗാളില്‍ ദീര്‍ഘകാലമായി നിയമവാഴ്ചയുടെ അഭാവമുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് നിയമവാഴ്ച സ്ഥാപിക്കലാണ്. അതിന് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. രണ്ടാമതായി, ഉദ്യോഗസ്ഥ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കണം. അടുത്തത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലാണ്. ജോലിയും വരുമാനവുമില്ലാത്ത യുവാക്കളെയാണ് രാഷ്ട്രീയ നേതാക്കള്‍ അക്രമങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ജീവിതമാര്‍ഗത്തിനായി തൊഴില്‍രഹിതര്‍ രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കുന്നത് ഇല്ലാതാകണമെങ്കില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകണം.
അക്രമ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തുമെന്ന് വാഗ്ദാനം ചെയ്താണ് മമത ബാനര്‍ജി അധികാരത്തില്‍ വന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അക്രമം വ്യാപിപ്പിക്കുകയാണ് ചെയ്തത്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും ബുള്‍ഡോസര്‍ രാജും ബംഗാളില്‍ കുറവാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലികള്‍ക്ക് അവകാശപ്പെടാമെങ്കിലും മറ്റു തരത്തിലുള്ള അക്രമങ്ങളുടെ ഗ്രാഫ് ഉയരത്തില്‍തന്നെയാണ്.
English Summary: West Bengal has a long history of political violence that has shifted from ideological clashes to struggles for power, money, and local control. The recent killing of a close aide of BJP leader Suvendu Adhikari reflects how deeply violence remains rooted in the state’s politics. Experts say weak law enforcement, political interference, economic interests, and the use of unemployed youth by political groups have made violence a regular part of public and electoral life in Bengal.