India

വന്‍ സുരക്ഷാ വീഴ്ച! ഡൽഹി ഹൈക്കോടതിയിൽ ഓൺലൈൻ വിചാരണക്കിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ; അന്വേഷണം ആരംഭിച്ചു

കോടതിയുടെ നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത അജ്ഞാതർ മൂന്നു തവണ അശ്ലീല ദൃശ്യങ്ങൾ സ്ക്രീനിൽ കാണിച്ചു

Madism Desk

ഡൽഹി ഹൈക്കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങ് മുഖേന വാദം കേൾക്കുന്നതിനിടെ സ്‌ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഓൺലൈനായി വാദം കേൾക്കുന്നതിനിടയിലാണ് അശ്ലീല ദൃശ്യങ്ങളിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. കോടതിയുടെ നെറ്റ്‌വർക്ക് സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ട് അജ്ഞാതർ മൂന്നു തവണയാണ് മോശം ദൃശ്യങ്ങൾ ന്യായാധിപർക്കും അഭിഭാഷകർക്കും മുൻപിൽ പ്രദർശിപ്പിച്ചത്.

അശ്ലീല ദൃശ്യങ്ങൾ സ്‌ക്രീനിലെത്തിയതോടെ പലതവണ നടപടി ക്രമങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യവുമുണ്ടായി. ഏറെ ഗുരുതരമായ വിഷയത്തിൽ നിലവിൽ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസിനെ (ഐഎഫ്എസ്ഒ) സമീപിച്ചിരിക്കുകയാണ് കോടതി. അന്വേഷണം പുരോഗമിക്കുകയാണ്.

ഇത് ഒരു കോടതിയുടെ വീഴ്ചയായല്ല കാണേണ്ടതെമന്നും ഹൈക്കോടതിയിലെ പല ബെഞ്ചുകളിലും സംവിധാനത്തിലും ഉണ്ടായ സുരക്ഷാ വീഴ്ചയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന് നിലവിലുള്ള രേഖകൾ പ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശം ലഭിച്ചതയാണ് വിവരം.

ഹൈക്കോടതിയുടെ വീഡിയോ കോൺഫറൻസിങ് ഇന്റർഫേസിനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ സൈബർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. അശ്ലീല ദൃശ്യങ്ങൾ വന്ന അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ സംഭവം നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയും സ്ഥാപനത്തിന്റെ സുരക്ഷയും ബാധിക്കുന്ന ഗൗരവമുള്ള വീഴ്ചയാണിതെന്നാണ് അഭിഭാഷകരും കോടതിയിലെ ഉദ്യോഗസ്ഥരും വിലയിരുത്തുന്നത്.

വിഡിയോ പ്രദർശിപ്പിക്കുന്നതിന് മുൻപ് 'നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു' എന്ന സന്ദേശം സ്‌ക്രീനിലുണ്ടായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. ഹാക്കർ വെർച്വൽ ഹിയറിങ്ങിൽ കയറുകയും, സ്‌ക്രീൻ പങ്കുവെച്ച് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയുമായിരുന്നെന്നാണ് വിവരം.

സൈബർ യൂണിറ്റ് ഇപ്പോൾ സിസ്റ്റം ലോഗോകളും ആക്‌സസ് രേഖകളും വിഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലെ സാധ്യതയുള്ള സുരക്ഷാ വീഴ്ചകളും പരിശോധിക്കുകയാണെന്ന് അന്വേഷണവൃത്തങ്ങൾ അറിയിച്ചു.

English Summary: A cybersecurity breach disrupted a Delhi High Court virtual hearing after obscene videos were displayed on screen. Authorities suspect a hack and have launched an investigation through the IFSO cyber unit. System logs and access records are being examined to identify the source of the attack and assess security lapses in the court’s video conferencing system.