India

സിജെപി മാര്‍ച്ച്; ഡല്‍ഹിലേക്കുള്ള ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി, 10,000 പേര്‍ കരുതല്‍ തടങ്കലില്‍, തലസ്ഥാനം അടിയന്തരാവസ്ഥയ്ക്ക് സമാനം

ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കാനിരുന്ന വിദ്യാര്‍ഥികളെയും സിജെപി പ്രവര്‍ത്തകരെയും യാത്രാമധ്യേയും വീടുകളില്‍ കയറിയും പൊലീസ് കസ്റ്റഡിയിലെടുത്തതായി അശുതോഷ് റാങ്ക.

Madism Desk

ജന്തര്‍ മന്തറില്‍ കോക്ക്റോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്ന് വരും ദിവസങ്ങളില്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ 10 മണിക്കൂര്‍ നേരത്തേക്ക് ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. ഡല്‍ഹി പൊലീസ് അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കുകയും മെട്രോ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനുകളിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലുണ്ടാകാന്‍ സാധ്യതയുള്ള കടുത്ത ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍വീസുകള്‍ റദ്ദാക്കിയത് എന്നാണ് റെയില്‍വെയുടെ അവകാശവാദം. വെസ്റ്റ് ബംഗാളില്‍ നിന്ന് പുറപ്പെടേണ്ട 12301 ഹൗറ-ന്യൂഡല്‍ഹി രാജ്ധാനി എക്‌സ്പ്രസ്, 12313 ശീല്‍ദാ-ന്യൂഡല്‍ഹി രാജ്ധാനി എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

രാജ്യമൊട്ടാകെ കരുതല്‍ തടങ്കല്‍

പ്രതിഷേധത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം വിദ്യാര്‍ഥി പ്രസ്ഥാന പ്രവര്‍ത്തകരെയും യുവജനത്തേയും പൊലീസ് കരുതല്‍ തടങ്കലിലാക്കിയതായി സി.ജെ.പി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. പ്രക്ഷോഭകരെ തടയുന്ന സര്‍ക്കാരിന്റെ നടപടിയെ 'അടിയന്തരാവസ്ഥയ്ക്ക് തുല്യം' എന്നാണ് പാര്‍ട്ടി നേതാക്കള്‍ വിശേഷിപ്പിച്ചത്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കാനിരുന്ന വിദ്യാര്‍ഥികളെയും സിജെപി പ്രവര്‍ത്തകരെയും യാത്രാമധ്യേയും വീടുകളില്‍ കയറിയും പൊലീസ് കസ്റ്റഡിയിലെടുത്തതായി അശുതോഷ് റാങ്കയും സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയും വ്യക്തമാക്കി. സിജെപി വക്താവ് ദീപക് ബലിയാനെ രാജസ്ഥാനില്‍ കരുതല്‍ തടങ്കലിലാക്കിയ ശേഷം പിന്നീട് വിട്ടയച്ചു.

നേതാക്കളെ അറസ്റ്റ് ചെയ്താലും തടങ്കലിലാക്കിയാലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ദിപ്‌കെ വ്യക്തമാക്കി. തലസ്ഥാനത്ത് പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. മുംബൈയിലും ബെംഗളൂരുവിലും പ്രതിഷേധങ്ങള്‍ നടത്താമെങ്കില്‍ എന്തുകൊണ്ട് ഡല്‍ഹിയില്‍ ആയിക്കൂടാ എന്ന് അദ്ദേഹം ചോദിച്ചു. 'ജന്തര്‍ മന്തര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ളതാണ്, അത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വകയല്ല', അദ്ദേഹം പറഞ്ഞു. വോട്ടിംഗ് അവകാശം സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും സാമൂഹിക പ്രവര്‍ത്തകരും ഒന്നിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മെട്രോ നിയന്ത്രണങ്ങളും അതിര്‍ത്തി സുരക്ഷയും

പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെ 57 പ്രധാന മെട്രോ സ്റ്റേഷനുകളുടെ എന്‍ട്രി, എക്‌സിറ്റ് ഗേറ്റുകള്‍ അടച്ചിടണമെന്നും ട്രെയിന്‍ സര്‍വീസുകളുടെ ഇടവേള വര്‍ദ്ധിപ്പിക്കണമെന്നും ഡല്‍ഹി പൊലീസ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, കശ്മീരി ഗേറ്റ്, മണ്ഡി ഹൗസ് തുടങ്ങിയ തിരക്കേറിയ സ്റ്റേഷനുകള്‍ ഈ പട്ടികയിലുണ്ട്. കൂടാതെ, ഗാസിപ്പൂര്‍, തിക്രി, സിംഘു, ബദര്‍പൂര്‍ തുടങ്ങി ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. കൂടാതെ ഡല്‍ഹിയിലെ എല്ലാ റീട്ടെയില്‍ മദ്യവില്‍പ്പനശാലകളും അടച്ചിടാന്‍ എക്‌സൈസ് വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ റദ്ദാക്കണമെന്നും, വോട്ടര്‍ പട്ടികയില്‍ നിന്ന് ജീവിച്ചിരിക്കുന്ന ആളുകളെ പോലും ക്രമവിരുദ്ധമായി നീക്കം ചെയ്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടാണ് സി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുന്നതെന്ന് അഭിജീത് ദിപ്‌കെ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങളില്‍ വോട്ടുകള്‍ വ്യാപകമായി വെട്ടിമാറ്റപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിവില്‍ സൊസൈറ്റി സംഘടനകളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

The Cockroach Janata Party (CJP) has announced a protest march to Jantar Mantar in New Delhi, demanding the cancellation of the Special Intensive Revision (SIR) of electoral rolls and accountability from the Election Commission over alleged irregularities in voter deletions. The planned demonstration has prompted extensive security measures across the national capital. According to the report, Indian Railways cancelled train services to New Delhi and Hazrat Nizamuddin railway stations for 10 hours, from 4 am to 2 pm on Saturday, October 10. The affected services reportedly include the Howrah–New Delhi and Sealdah–New Delhi Rajdhani Express trains. Delhi Police has also tightened security at border points and requested restrictions at 57 metro stations, including Rajiv Chowk, Central Secretariat, Kashmere Gate and Mandi House. Retail liquor outlets in the capital have also reportedly been ordered to close.