India

പൊലീസിന്റെ ക്യാമറയ്ക്ക് പിഴച്ചു; ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റത്തിൽ വൻ വീഴ്ച, ജയിലിലുണ്ടായ 25 പേർ ജന്തർമന്തറിൽ പ്രതിഷേധക്കാരായി

സത്യവാങ്മൂലത്തിൽ പറയുന്ന 2,873 പേരിൽ 205 പേർ കൊലപാതകം, വധശ്രമം, ബലാത്സം​ഗം തുടങ്ങിയ ​ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ടവർ

Madism Desk

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ഡൽഹി പൊലീസ് ഉപയോ​ഗിച്ച ഫേഷ്യൽ റെക്ക​ഗ്നിഷൻ സിസ്റ്റത്തിൽ ​ഗുരുതരമായ പിഴവുകൾ. ജൂലൈ 20 മുതൽ 26 വരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് പൊലീസ് ക്യാമറകൾ തിരിച്ചറിഞ്ഞവരിൽ 25 പേർ ആ സമയത്ത് ഡൽഹിയിലെ വിവിധ ജയിലുകളിലായിരുന്നുവെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം, ബലാത്സംഗം തുടങ്ങിയ അതിഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിലിൽ കഴിഞ്ഞവരാണ് ഈ സാങ്കേതികവിദ്യയുടെ പിഴവിലൂടെ പൊലീസിന്റെ പട്ടികയിൽ ഇടംപിടിച്ചത്.

വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേരെ ഫേഷ്യൽ റെക്ക​ഗ്നിഷൻ സിസ്റ്റം വഴി പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ടെന്നും ഇവർക്കെതിരെ സർക്കാരിന് നടപടിയെടുക്കാമെന്നും കോടതി കണ്ടെത്തിയിരുന്നു. അതേസമയം, കൃത്യമായ അന്വേഷണങ്ങൾക്കും നേരിട്ടുള്ള പരിശോധനകൾക്കും ശേഷം മാത്രമേ ഇവർക്കെതിരെ നടപടിയെടുക്കൂ എന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസിന്റെ അവകാശവാദങ്ങളെയും സോഫ്റ്റ്‌വെയറിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. പൊലീസ്, ജയിൽ, കോടതി രേഖകൾ എന്നിവ പരിശോധിച്ചതിൽ നിന്നും ഈ 25 പേരും പ്രതിഷേധം നടന്ന ദിവസങ്ങളിൽ ഡൽഹിയിലെ തീഹാർ, മണ്ടോലി, രോഹിണി ജയിലുകളിൽ കഴിയുകയായിരുന്നുവെന്ന് വ്യക്തമായി.

പൊലീസിന്റെ സത്യവാങ്മൂലത്തിൽ പറയുന്ന 2,873 പേരിൽ 205 പേർ കൊലപാതകം, വധശ്രമം, ബലാത്സം​ഗം തുടങ്ങിയ ​ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ടവരായിരുന്നു. ഇതിൽ 101 പേർ കൊലപാതക കേസുകളിലും, 61 പേർ ബലാത്സം​ഗ കേസുകളിലും, 6 പേർ പോക്സോ കേസുകളിലും, 37 പേർ വധശ്രമ കേസുകളിലുമാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ നിന്നാണ് ജയിലിലായിരുന്നിട്ടും ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം പ്രതിഷേധസ്ഥലത്ത് കണ്ടെത്തിയതായി പറയപ്പെടുന്ന 25 പേരെ കണ്ടെത്തിയത്.

ഈ 25 പേരിൽ 17 കൊലപാതകക്കേസിലെ പ്രതികളാണ്. നാല് പേർ ബലാത്സം​ഗ കേസുകളിലും (ഇതിൽ രണ്ട് പേർ പോക്സോ നിയമപ്രകാരം അറസ്റ്റിലായവരാണ്), മറ്റ് നാല് പേർ വധശ്രമ കേസുകളിലും ഉൾപ്പെട്ടവരാണ്. ജൂലൈ 24, 25, 26 തീയതികളിൽ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ ഇവർ പങ്കെടുത്തുവെന്നാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 24ന് മൂന്ന് പേരെയും, ജൂലൈ 25ന് 21 പേരെയും അവസാന ദിവസമായ ജൂലൈ 26ന് ഒരാളെയുമാണ് ക്യാമറകൾ തെറ്റായി തിരിച്ചറിഞ്ഞത്.

സൗത്ത് ഡൽഹിയിലെ ​ഗ്രേറ്റർ കൈലാഷിൽ ജിം ഉടമയായ നാദിർ ഷായെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യോ​ഗേഷ് എന്ന രാജുവും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷാർപ്പ് ഷൂട്ടറായ ഇയാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പിടിയിലായത്. ഡൽഹി പൊലീസിന്റെ ക്രൈം കുണ്ഡലി എന്ന ബയോനെട്രിക് ഡാറ്റാബേസ് വഴി 2,402 പേരെയും ക്രിമിനൽ റെക്കോർഡുകൾ വഴി 471 പേരെയുമാണ് തിരിച്ചറിഞ്ഞത്. ക്യാമറകൾ പകർത്തുന്ന മുഖങ്ങൾ ഡാറ്റാബേസിലെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം പ്രവർത്തിക്കുന്നത്.

80 ശതമാനം സാമ്യമുണ്ടെങ്കിൽ അത് പോസിറ്റീവ് മാച്ച് ആയി കണക്കാക്കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് മാത്രം ഒരാളെ തിരിച്ചറിയാനുള്ള കൃത്യമായ തെളിവല്ലെന്നും ക്യാമറയുടെ ആം​ഗിൾ, വെളിച്ചം, ചിത്രത്തിന്റെ നിലവാരം, മാസ്ക് ധരിക്കുന്നത് എന്നിവയെല്ലാം ഇതിന്റെ കൃത്യതയെ ബാധിക്കുമെന്നും പൊലീസ് സമ്മതിക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്താൻ നിയമപാലകർ ഉപയോ​ഗിക്കുന്ന ഫേഷ്യൽ റെക്ക​ഗ്നിഷൻ സാങ്കേതികവിദ്യയുടെ കൃത്യതയില്ലായ്മയും വലിയ വീഴ്ചകളുമാണ് ഈ സംഭവത്തിലൂടെ മറനീക്കി പുറത്തുവരുന്നത്.

The Delhi Police's Facial Recognition System (FRS) falsely identified 25 individuals as participants in the Jantar Mantar NEET protests, while police and court records confirm they were actually lodged in Delhi prisons facing serious charges like murder and rape. This technical flaw raises significant concerns about the software's accuracy and the potential for wrongful targeting, despite police assurances to the Supreme Court that field verifications would precede any legal action.