India

ഡൽഹി വോട്ടർ പട്ടികയിൽ വൻ അട്ടിമറി ആരോപണം: 11 ലക്ഷം പേർ പുറത്ത്, രാഘവ് ഛദ്ദ അകത്ത്

ഒന്നരക്കോടിയിലധികം വോട്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത്, 2026 ജൂൺ ആയപ്പോഴേക്കും വോട്ടർമാരുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി ഈ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Madism Desk

ഡൽഹിയിലെ വോട്ടർ പട്ടിക പരിഷികരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പഞ്ചാബിലെ ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തതിന് എതിരെ നേരത്തെ രം​ഗത്തുവന്ന ബിജെപി രാജ്യസഭാ എംപി രാഘവ് ഛദ്ദ, ഇപ്പോൾ ഡൽഹിയിലെ വോട്ടർ പട്ടികയിൽ ഇടംപിടിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. പഞ്ചാബിൽ നിന്ന് പേര് വെട്ടിമാറ്റിയതിന് പിന്നാലെ രാഘവ് ഛദ്ദ ‍ഡൽഹിയിൽ പുതിയ വോട്ടറായി ചേർത്തത് നിയമവിരുദ്ധമായ മാർഗത്തിലൂടെയാണെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.

പഞ്ചാബിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്നാണ് രാഘവ് ഛദ്ദയുടെ പേര് അസാധുവാക്കപ്പെട്ടത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്റെ പേര് ഒഴിവാക്കിയതെന്നായിരുന്നു രാഘവ് ഛദ്ദയുടെ മുൻപത്തെ ആരോപണം. എന്നാൽ ഈ സംഭവത്തിന് പിന്നാലെ, അദ്ദേഹം ഡൽഹിയിലെ രാജേന്ദർ നഗർ അസംബ്ലി മണ്ഡലത്തിലുള്ള പോളിങ് ബൂത്തിൽ വോട്ടറായി വീണ്ടും ഉൾപ്പെട്ടിരിക്കുന്നതായി ഇലക്ഷൻ കമ്മീഷന്റെ പോർട്ടലിൽ കണ്ടെത്തുകയായിരുന്നു.

ഇതിനിടയിൽ, ഡൽഹിയിലെ വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ വെട്ടിമാറ്റുന്നത് സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന മറ്റ് ചില റിപ്പോ‍ർട്ടുകളാണ് പുറച്ചുവരുന്നത്. 'വോട്ടർ അധികാർ മഞ്ച്' എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ട് പ്രകാരം, ഡൽഹിയിൽ എസ്‌ഐആർ പ്രക്രിയ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് തന്നെ ഏകദേശം 11 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. 2025 ജനുവരിയിലെ കണക്കുവെച്ച് ഒന്നരക്കോടിയിലധികം വോട്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത്, 2026 ജൂൺ ആയപ്പോഴേക്കും വോട്ടർമാരുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി ഈ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങലിൽ 68 ഇടങ്ങളിലും 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ജയപരാജയ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടർമാരേയാണ് വിവിധ ഘട്ടങ്ങളിലായി ഒഴിവാക്കിയിട്ടുള്ളത്. തു​ഗ്‍ലാക്കാബാദ്, ഒഖ്‍ല, ആർ കെ പുരം തുടങ്ങിയ മണ്ഡലങ്ങലിൽ വോട്ടർമാരെ ഒഴിവാക്കിയതിന്റെ നിരക്ക് വളരെ ഉയർന്നതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ലക്ഷക്കണക്കിന് ജനങ്ങളെ വോട്ടവകാശത്തിൽ നിന്ന് ബോധപൂർവം ഒഴിവാക്കുന്നതിനുമുള്ള ഗൂഢനീക്കമാണിതെന്നും ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നുമാണ് ആക്റ്റിവിസ്റ്റുകളും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെടുന്നത്. ഒന്നിന് പിറകെ ഒന്നായി പുറത്തുവരുന്ന ഈ വോട്ടർ പട്ടിക തിരുത്തൽ വിവാദങ്ങൾ ഡൽഹി രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ് ഉന്നയിച്ച കണക്കുകൾ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയർത്തുന്നത്. ഇന്ത്യയിലെ എസ്‌ഐആർ പ്രക്രിയ പൂർത്തിയാകുമ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിൽ ആകെയുള്ള 99 കോടി മുതിർന്ന പൗരന്മാരിൽ 98 കോടി ആളുകൾക്കും വോട്ടവകാശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന എസ്‌ഐആർ പ്രക്രിയ അവസാനിക്കുമ്പോഴേക്കും രാജ്യത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം 103 കോടിയായി വർധിക്കുമെങ്കിലും, വോട്ടർമാരുടെ എണ്ണം കേവലം 88 കോടിയായി ചുരുങ്ങുമെന്നാണ് അദ്ദേഹത്തിന്റെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ, പതിവ് പരിശോധനകളുടെയും ബൂത്ത് ലെവൽ ഓഫീസർമാരുടെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പേര് നീക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ വിശദീകരണം. അർഹതയുള്ള ആരെയും ഒഴിവാക്കിയിട്ടില്ലെന്നും, പേര് നഷ്ടപ്പെട്ടവർക്ക് ഫോം 6 വഴി വീണ്ടും അപേക്ഷിക്കാമെന്നും അവർ വ്യക്തമാക്കുന്നു.

ലക്ഷക്കണക്കിന് സാധാരണക്കാരുടെ വോട്ടവകാശം നഷ്ടപ്പെടുന്നു എന്ന ഗുരുതരമായ കണ്ടെത്തലും, പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉയർന്നുവരുന്ന അനധികൃത വോട്ട് ചേർക്കൽ ആരോപണങ്ങളും വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ സംബന്ധിച്ച് വലിയ ആശങ്കകളാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.

The Delhi electoral rolls are at the center of a major political controversy following two alarming developments. A recent report revealed that over 11 lakh voters were quietly deleted from the Delhi voter list over 16 months before the Special Intensive Revision (SIR) process even began, raising widespread concerns of voter suppression ahead of the assembly elections. Simultaneously, the Aam Aadmi Party (AAP) has accused Rajya Sabha MP Raghav Chadha of illegally enrolling as a voter in Delhi's Rajinder Nagar constituency while the electoral rolls were frozen. This comes days after Chadha's name was struck off the Punjab voter list. Chadha has dismissed AAP's claims as frivolous, stating he strictly followed all Election Commission of India (ECI) guidelines.