India

ബിജെപിയുടെ ജനപിന്തുണ കുറഞ്ഞതോ പ്രധാന്റെ രാജിക്ക് പിന്നിൽ ? നേപ്പാളും ബംഗ്ലാദേശും കേന്ദ്രം കണക്കിലെടുത്തെന്ന് വിലയിരുത്തൽ

സുരക്ഷാ ആശങ്കകൾക്കപ്പുറം ജന്തർ മന്തർ വിദ്യാർഥി പ്രക്ഷോഭം, സർക്കാരിന്റെ രാഷ്ട്രീയ സ്വാധീനത്തിലെ ഇടിവ്, ആർഎസ്എസ് നിലപാട് എന്നിവ രാജിക്ക് വഴിവെച്ചെന്നാണ് റിപ്പോർട്ടുകൾ

Madism Desk

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചത് സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ മാത്രമാണോ? അല്ലെന്നാണ് വിലയിരുത്തലുകൾ. ജന്തർ മന്തറിലെ വലിയ വിദ്യാർഥി പ്രക്ഷോഭം സർക്കാരിനുള്ള ജനപിന്തുണ കുറയ്ക്കുന്നുവെന്ന വിലയിരുത്തലാണ് അതിവേഗം ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

ജൂലൈ 20ന് പാർലമെന്റിലേക്ക് കോക്രോച്ച് ജനതാ പാർട്ടി അനുയായികൾ സമാധാനപരമായി നടത്തിയ പ്രതിഷേധ മാർച്ച് സുരക്ഷാസേന അടിച്ചമർത്താൻ ശ്രമിച്ചതോടെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് സർക്കാരിനെതിരെ ഉയർന്നത്. ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പിന്നീട് വലിയ ക്രമീകരണങ്ങൾ പൊലീസ് സേനയ്ക്ക് ഒരുക്കേണ്ടി വന്നു.

വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെയുള്ള പൊലീസ് അതിക്രമങ്ങളുടെ വിഡിയോകൾ പുറത്തുവന്നതിന് പിന്നാലെ, പ്രതിഷേധങ്ങൾ പ്രധാനമന്ത്രിക്കെതിരെ പോലും തിരിഞ്ഞു തുടങ്ങിയെന്ന വിലയിരുത്തലാണ് വളരെ പെട്ടെന്ന് ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അത്തരത്തിൽ ഒന്നിൽ കൂടുതൽ കാരണങ്ങൾ ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജൂലൈ 20ന് മാർച്ച് തടയാൻ പൊലീസിന് വേണ്ടത്ര തയ്യാറെടുപ്പില്ലായിരുന്നു. സിജെപിയുടെ ആഹ്വാനപ്രകാരം പ്രതിഷേധ സ്ഥലത്തേക്കെത്തിയ ജനക്കൂട്ടം പ്രാഥമിക കണക്കിലും വളരെ കൂടുതലായതിനാൽ തന്നെ നിയന്ത്രിക്കാൻ പൊലീസിന് സാധിക്കാതെ വന്നു. സമരം നേരിടാൻ പൊലീസ് വരുത്തിയ വീഴ്ചയാണ് സമരത്തിനുള്ള പിന്തുണ വർധിക്കാൻ കാരണമായതും.

രാജ്യവിരുദ്ധ ശക്തികളും വിഘടനവാദികളും വിദ്യാർത്ഥി സമരത്തെ മറയാക്കി കേന്ദ്ര സർക്കാരിനെതിരെ ജനവികാരം ഉയർത്താൻ ശ്രമിക്കുന്നുവെന്ന തരത്തിൽ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉള്ളതായും സർക്കാർ അവകാശപ്പെട്ടിരുന്നു. 2500ാളം വരുന്ന സ്ഥിരം കുറ്റവാളികൾ ജന്തർ മന്തറിലെ പ്രതിഷേധങ്ങളിലേക്ക് നുഴഞ്ഞുകയറിയതായും ഡൽഹി പൊലീസിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 20നും ജൂലൈ 25 നും ഇടയിൽ ആഭ്യന്തര മന്ത്രാലയം എട്ട് തവണയാണ് ഇന്റർനെറ്റ് വിലക്കേർപ്പെടുത്തിയത്.

ആർഎസ്എസ് നിലപാടും രാഷ്ട്രീയ വിലയിരുത്തലുകളും രാജിക്ക് വേഗം കൂട്ടി?

ജനവികാരം സർക്കാരിന് എതിരാകുമെന്ന ഭയത്തിന് പുറമേ സമരത്തെ കുറിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത് നടത്തിയ പ്രതികരണവും പ്രധാന്റെ രാജിയുടെ വേ​ഗം കൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സമരങ്ങളെ കുറിച്ച് മോഹൻ ഭാ​ഗവത് പ്രതികരിച്ച് മണിക്കൂറുകൾക്കകം പ്രാധാൻ രാജിവെച്ചിരുന്നു. പുതിയ തലമുറയുടെ ചിന്താ​ഗതിയെയും ചോദ്യം ചോദിക്കാനുള്ള പ്രവണതയെയും ഉൾക്കൊള്ളണമെന്നും ഇതിനായി പഴയ രീതികൾ മാറ്റണമെന്നുമാണ് മോഹൻ ഭാ​ഗവത് പറഞ്ഞത്.

സർക്കാറിനെ മറിച്ചിടാൻ കെൽപ്പുള്ള ജെൻസി സമരങ്ങൾ

ജൂലൈ 20ന് നടന്ന വിദ്യാർഥികളുടെ പാർലമെന്റ് മാർച്ച് പൊലീസിന്റെ അക്രമത്തിൽ കലാശിച്ചതോടെ നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പിന്നീട് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഡൽഹി പൊലീസ് നടപടി സ്വീകരിച്ചെങ്കിലും അടുത്തിടെ നേപ്പാളിലും ബം​ഗ്ലാദേശിലും നടന്ന ജെൻസി സമരങ്ങൾ കേന്ദ്ര സർക്കാരിന് ഒരു മുന്നറിയിപ്പായിരുന്നു. അത് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാരിനെ കൂടുതൽ പ്രേരിപ്പിച്ചു.

ജന്തർ മന്തറിലെ സമരം കുട്ടികളുടെ സമരമാണെന്ന തരത്തിൽ തരംതാഴ്ത്താൻ ആദ്യഘട്ടത്തിൽ ശ്രമം നടന്നിരുന്നു. എന്നാൽ സമരത്തിലേക്ക് രാജ്യത്തിന്റെ വിവധ ഭാ​ഗങ്ങളിൽ നിന്ന് ആളുകൾ ഒഴുകിയെത്തിയതോടെ ഡൽഹി പൊലീസിന്റെ കണക്കുകൂട്ടലുകൾ പാളി. പൊലീസിന്റെ നടപടികൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടതോടെ അത്തരം നടപടികൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന് ബിജെപി മനസിലാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ ഉൾക്കൊള്ളുന്ന രേഖാമൂലമുള്ള നിർദേശവും വിവരങ്ങളും സിജെപി പ്രതിനിധി സംഘം സമർപ്പിച്ചതായി ശനിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ പറഞ്ഞു. സംഘാടകർക്കും പ്രതിഷേധക്കാർക്കും എതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ സംഘത്തിന് ഉറപ്പ് നൽകി. ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സാധ്യമായ നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയതായും ജെ പി നദ്ദ പറഞ്ഞു.

Education Minister Dharmendra Pradhan's resignation was reportedly prompted not only by security concerns but also by the government's assessment that the large-scale student protests at Jantar Mantar were damaging its political standing and public support. The July 20 march, which turned violent after police action left several students injured, sparked nationwide protests and intensified criticism of the Centre. Reports suggest that growing public anger, concerns over the political fallout, alleged lapses in police preparedness, intelligence inputs, and RSS chief Mohan Bhagwat's remarks on engaging with the younger generation all contributed to the decision. The government has since assured protesters that no new cases will be registered against them, promised compensation for the families of deceased students, and initiated talks with CJP representatives to address their demands.