India

ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ! തിരംഗ മാർച്ചിനും ഉടക്കിട്ട് ഡൽഹി പൊലീസ്, ഈയാഴ്ച ഇത് രണ്ടാം തവണ

വിലക്കുകൾ മറികടന്നും ഡൽഹി സെൻട്രൽ പാർക്കിലേക്ക് ദേശീയ പതാകയുമേന്തി പ്രവർത്തകരുടെ ഒഴുക്ക്

Madism Desk

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിന് മുന്നോടിയായി പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രതിഷേധത്തിനായി കൊണാട്ട് പ്ലേസിലേക്ക് പുറപ്പെടും മുമ്പ് വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈയാഴ്ച ഇത് രണ്ടാം തവണയാണ് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ദീപ്കെയുടെ കസ്റ്റഡി അവഗണിച്ചും കൊണാട്ട് പ്ലേസിലേക്ക് മാർച്ച് നടന്നെങ്കിലും നേഹ ബോറ അടക്കമുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്ർറെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ സിജെപി നേതാക്കളായ സൌരവ് ദാസിനെയും അശുതോഷ് രങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജന്തർ മന്തറിൽ ദേശീയ പതാകയുമായി പ്രവേശിച്ചു എന്നതായിരുന്നു അറസ്റ്റിനുള്ള കാരണം. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ദേശീയ പതാകയുമായി കൊണാട്ട് പ്ലേസിലെത്താൻ ദീപ്കെ ആഹ്വാനം ചെയ്തത്.

സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി, പ്രതിഷേധം തടയണമെന്ന ഹർജിയുമായി ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സമരം തടയാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടർന്ന് പ്രതിഷേധം നിയന്ത്രണ വിധേയമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ദീപ്കെയുടെ കസ്റ്റഡി. റോഡിൽ കിടന്ന് പ്രതിഷേധിച്ച നേഹ ബോറയെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിക്ക് മുമ്പ്, ദീപകെയുടെ വീട്ടിലെത്തിയ ഡൽഹി പൊലീസ് മാർച്ച് നടത്തുന്നതിനെതിരെ നോട്ടീസ് നൽകിയിരുന്നു.

ബിഎഎസ് 163-ാം വകുപ്പ് പ്രകാരം നൽകിയ നോട്ടീസിൽ, നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രധാന ഷോപ്പിംഗ് കേന്ദ്രമായ കൊണാട്ട് പ്ലേസിൽ നിരോധനാജ്ഞ നിലവിലുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നിർദ്ദിഷ്ട 'തിരംഗ യാത്രാ' മാർച്ചിനായി ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ അനുമതി നൽകിയിട്ടില്ലെന്നും, സി.ജെ.പി. (CJP) മാർത്തുമായി മുന്നോട്ട് പോയാൽ അത് നിയമലംഘനമായി കണക്കാക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

കൊണാട്ട് പ്ലേസിന് പകരം മറ്റൊരു വേദി തിരഞ്ഞെടുക്കണമെന്നായിരുന്നു പൊലീസ് മുന്നോട്ട് വെച്ച നിബന്ധന.

മണ്ഡി ഹൌസിൽ നിന്നാണ് ഐസ നേതാവ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കനത്ത ബലപ്രയോഗത്തിലൂടെയായിരുന്നു കസ്റ്റഡി. തുടർന്ന് ശക്തമായ പ്രതിഷേധവുമായി ഐസ പ്രവർത്തകർ രംഗത്തെത്തി.

തിരംഗ മാർച്ചിന് മുന്നോടിയായി 6000 പൊലീസുകാരെയും 220 കമ്പനി സിഎപിഎഫിനെയുമാണ് കൊണാട്ട് പ്ലേസിൽ വിന്യസിച്ചത്. സ്ഥലത്ത് സിസിടിവി ഉൾപ്പെടെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനായി ബസുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൊണാട്ട് പ്ലേസ്, പാലികാ ബസാർ, സെൻട്രൽ പാർക്ക് തുടങ്ങിയ മേഖലകളിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF), സി.ആർ.പി.എഫ് (CRPF) എന്നിവരുടെ സഹകരണത്തോടെ വൻ പോലീസ് സംഘത്തെ വിന്യസിക്കുകയും ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

എന്നാൽ ദീപ്കെയുടെയും നേഹ ബോറയുടെയുമടക്കം കസ്റ്റഡിയിലും തിരംഗ യാത്രയുമായി സിജെപി മുന്നോട്ട് പോവുകയാണ്. ദേശീയപതാകയേന്തിയ പ്രവർത്തകരെ പിടിച്ചുമാറ്റാൻ പെടാപ്പാട് പെടുകയാണ് പൊലീസ്.

നിലവിൽ CJP,AISA,DYFI,SFI,AIYF,AISF,AAP എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. പൊലീസ് വാഹനം തടഞ്ഞും വാഹനത്തിന്റെ കാറ്റഴിച്ച് വിട്ടും പ്രവർത്തകർ പ്രതിരോധം തീർക്കുന്നുമുണ്ട്. ഇതിനിടെ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടാസ് അടക്കമുള്ള ഇടത് എം.പിമാരെ ഡൽഹി പൊലീസ് തടഞ്ഞു. എഎ റഹീം, സന്തോഷ് കുമാർ, വി ശിവദാസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിഷേധിക്കുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുകയാണ് പൊലീസ് സംഘം.

Delhi Police detained Cockroach Janata Party (CJP) founder Abhijeet Dipke ahead of the Tiranga March called by the party. Police took him into custody at his residence before he could leave for Connaught Place to join the protest. This is the second time Dipke has been detained by police this week. Despite his detention, the march proceeded to Connaught Place, where police also detained party leaders, including Neha Bora.