India

എസ്ഐആര്‍ മൂന്നാം ഘട്ടം: വോട്ടര്‍ പട്ടികയില്‍ നിന്ന് 1.5 കോടിയിലധികം പേര്‍ പുറത്ത്, ഇതുവരെ നീക്കം ചെയ്തത് 8.7 കോടി വോട്ടര്‍മാരെ

എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പുറത്തായത് ആന്ധ്രാപ്രദേശിലാണ്. സംസ്ഥാനത്തെ വോട്ടര്‍മാരുടെ 10.78 ശതമാനം വരുന്ന 44.89 ലക്ഷം പേരുകളാണ് നീക്കം ചെയ്തത്.

Madism Desk

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ മൂന്നാം ഘട്ടത്തില്‍ 1.5 കോടിയിലധികം വോട്ടര്‍മാരെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏകദേശം 11.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 1,58,59,834 പേരുകളാണ് ഒഴിവാക്കിയത്. മുന്‍പത്തെ രണ്ട് ഘട്ടങ്ങളില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 7.2 കോടിയിലധികം വോട്ടര്‍മാരെ ഒഴിവാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളിലുമായി ആകെ 8.7 കോടിയിലധികം പേരുകള്‍ നീക്കം ചെയ്യപ്പെട്ടപ്പോള്‍, രണ്ടാം ഘട്ടത്തില്‍ രണ്ട് കോടി പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയും ചെയ്തു.

നീക്കം ചെയ്തത് 11.51% പേരുകള്‍

കരട് പട്ടിക പ്രസിദ്ധീകരിച്ച 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 13,77,27,807 വോട്ടര്‍മാരാണ് മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ വീടുതോറുമുള്ള പരിശോധനകള്‍ക്കും മറ്റ് വിവരശേഖരണങ്ങള്‍ക്കും ശേഷം 11.51 ശതമാനം (1,58,59,834) പേരുകള്‍ നീക്കം ചെയ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഇല്ലാത്തവര്‍, താമസം മാറിയവര്‍, മരണപ്പെട്ടവര്‍, ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ എന്നിവരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. നിലവിലെ വോട്ടര്‍മാരുടെ അന്തിമ കണക്ക് ഇനിയും വ്യക്തമല്ല. കരട് പട്ടികയുമായി ബന്ധപ്പെട്ട് പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിനും പുതിയ രജിസ്‌ട്രേഷനുമായി പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ അന്തിമ വോട്ടര്‍പട്ടിക വരുമ്പോള്‍ ഈ സംഖ്യകളില്‍ മാറ്റമുണ്ടാകാം.

ഏറ്റവും കൂടുതല്‍ പേരുകള്‍ ഒഴിവാക്കിയത് ആന്ധ്രാപ്രദേശില്‍

എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പുറത്തായത് ആന്ധ്രാപ്രദേശിലാണ്. സംസ്ഥാനത്തെ വോട്ടര്‍മാരുടെ 10.78 ശതമാനം വരുന്ന 44.89 ലക്ഷം പേരുകളാണ് നീക്കം ചെയ്തത്. ഇതോടെ ആന്ധ്രയിലെ വോട്ടര്‍മാരുടെ എണ്ണം 4.16 കോടിയില്‍ നിന്ന് 3.71 കോടിയായി കുറഞ്ഞു. ഇതില്‍ 22.30 ലക്ഷം പേര്‍ താമസം മാറിയവരോ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഇല്ലാത്തവരോ ആണ്. 15.22 ലക്ഷം പേര്‍ മരണപ്പെട്ടവരും 7.37 ലക്ഷം പേര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമാണ്. രണ്ടാമതായി ഏറ്റവും കൂടുതല്‍ ഒഴിവാക്കലുകള്‍ നടന്നത് ഹരിയാനയിലാണ്. 33.83 ലക്ഷം പേര്‍. തൊട്ടുപിന്നില്‍, ഒഡീഷയില്‍ 20.12 ലക്ഷം പേരെയും സിക്കിമില്‍ 37,724 പേരെയും മിസോറാമില്‍ 46,162 പേരെയും ഒഴിവാക്കി.

ശതമാനത്തില്‍ മുന്നില്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി

ശതമാനക്കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പേരുകള്‍ നീക്കം ചെയ്തത് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു കേന്ദ്ര ഭരണ പ്രദേശത്താണ് (29.64%). തൊട്ടുപിന്നാലെ അരുണാചല്‍ പ്രദേശ് (19.09%), ജാര്‍ഖണ്ഡ് (16.48%), ഹരിയാന (16.38%), ചണ്ഡീഗഡ് (12.8%), ഉത്തരാഖണ്ഡ് (10.39%), സിക്കിം (8%), മേഘാലയ (7.67%), മണിപ്പൂര്‍ (7.5%), ഒഡീഷ (6.02%) എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഏറ്റവും കുറഞ്ഞ ശതമാനം ഒഴിവാക്കല്‍ രേഖപ്പെടുത്തിയത് മിസോറാമിലാണ് (5.2%).

ഡല്‍ഹി, ഒഡീഷ, മിസോറാം, സിക്കിം, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, തെലങ്കാന, പഞ്ചാബ്, കര്‍ണാടക, മേഘാലയ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ത്രിപുര, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി ആന്‍ഡ് ദാമന്‍ ആന്‍ഡ് ദിയു എന്നീ 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആറിന്റെ മൂന്നാം ഘട്ടം നടക്കുന്നത്. ഇവയില്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് കരട് വോട്ടര്‍ പട്ടിക പുറത്തിറക്കിയത്. ഡല്‍ഹി, പഞ്ചാബ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പരിശോധന നീട്ടിയതിനാലും ത്രിപുര, നാഗാലാന്റ് എന്നിവിടങ്ങളില്‍ നടപടികള്‍ പുരോഗമിക്കുന്നതിനാലും കരട് പട്ടിക വരാനിരിക്കുന്നതേയുള്ളൂ.

പല സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ പൂര്‍ത്തിയായി

ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, പുതുച്ചേരി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഗോവ, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എസ്ഐആര്‍ പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധപ്പെട്ട നിയമപരമായ കാരണങ്ങളാല്‍ അസമില്‍ 'പ്രത്യേക റിവിഷന്‍' ആണ് നടത്തിയത്.

അതേസമയം, തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് മാര്‍ച്ച് മാസത്തില്‍ സുപ്രീം കോടതി ഏകകണ്ഠമായി ശരിവച്ചിരുന്നു. ക്രമക്കേടുകളും ഇരട്ടിപ്പുകളും ഒഴിവാക്കി, അര്‍ഹതപ്പെട്ട എല്ലാ പൗരന്മാരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സുതാര്യമായ വോട്ടര്‍പട്ടിക തയ്യാറാക്കുക എന്നതാണ് ഈ പ്രക്രിയയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത് എന്നാണു അവകാശപ്പെടുന്നത്.

The Election Commission has removed more than 1.58 crore voters from the draft electoral rolls in the third phase of the Special Intensive Revision (SIR), resulting in an overall reduction of around 11.51% across 12 states and Union Territories where draft rolls have been published. The deleted names include voters who had moved, died, were not found at their registered addresses or were registered in multiple locations. Andhra Pradesh recorded the highest number of deletions at 44.89 lakh, followed by Haryana with 33.83 lakh and Odisha with 20.12 lakh.