India

തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നത! തീരുമാനങ്ങളെല്ലാം ഗ്യാനേഷ് കുമാറിന്റേതെന്ന് സന്ധുവും ജോഷിയും, വിവാദം

വോട്ടർമാരുടെ പേര് രജിസ്റ്റർ ചെയ്യുന്നതിലും പേര് ഒഴിവാക്കുന്നതിലും, ഫോം 6ലെ മാറ്റങ്ങൾക്കെതിരെയുമടക്കം കമ്മിഷണർമാർ വിയോജിപ്പ് അറിയിച്ചിരുന്നു

Madism Desk

വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ വിവാദങ്ങൾ അനവധി ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ മറ്റൊരു വിവാദവും ഉരുത്തിരിയുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്ഐആറിൽ സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പാനലിന്റെ നടപടികളിൽ പ്രതിഷേധിച്ച് രണ്ട് കമ്മിഷണർമാർ 10 മാസത്തിനിടയിൽ 14 തവണ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തി എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വോട്ടർ പട്ടികയെ ചൊല്ലി കമ്മിഷനുള്ളിൽ തന്നെ കടുത്ത ഭിന്നതയുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണിത്.

തിരഞ്ഞെടുപ്പ് കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ കൂടാതെ, സുഖ്‌ബിർ സിംഗ് സന്ധു, വിവേക് ജോഷി എന്നിങ്ങനെ രണ്ട് കമ്മിഷണർമാരാണുള്ളത്. ഇതിൽ സുഖ്ബിർ സന്ധുവും വിവേക് ജോഷിയും എസ്ഐആറുമായി ബന്ധപ്പെട്ടുള്ള പല വിഷയങ്ങളിലും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ഗ്യാനേഷ് കുമാറെടുത്ത തീരുമാനങ്ങളിൽ പത്ത് മാസത്തിനിടെ പതിനാല് തവണ ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഒരു ദിവസം തന്നെ നാല് തവണ വിയോജന കുറിപ്പ് നൽകിയ വിഷയങ്ങൾ വരെയുണ്ട്.

വോട്ടർമാരുടെ പേര് രജിസ്റ്റർ ചെയ്യുന്നതിലും പേര് ഒഴിവാക്കുന്നതിലും, ഫോം 6ലെ മാറ്റങ്ങൾക്കെതിരെയുമടക്കം കമ്മിഷണർമാർ വിയോജിപ്പ് അറിയിച്ചിരുന്നു. വോട്ടർമാർക്ക് പട്ടികയിൽ സ്വന്തമായി പേര് രജിസ്റ്റർ ചെയ്യാനുള്ള ഫോമാണ് ഫോം 6. ഇതിൽ മാറ്റങ്ങൾ വരുത്തുന്നത് 1960ലെ നിയമങ്ങൾക്കെതിരാണെന്ന് ഇരുവരും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ അറിയിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നെന്നും എന്നാൽ ഇവയിൽ ഒരു മറുപടിയും നൽകാതെ സ്വന്തം നിലയിൽ കമ്മിഷണർ മുന്നോട്ട് പോവുകയായിരുന്നു എന്നുമാണ് വിവരം. വോട്ടർ പട്ടികയിലെ വിശദാംശങ്ങൾ കേന്ദ്രീകരിക്കുന്നതിനെയും ഇരുവരും ചോദ്യം ചെയ്തിരുന്നു.

ഫോം 6ലെ മാറ്റം ഗുരുതരം

പുതിയ വോട്ടർമാർക്ക് പട്ടികയിൽ സ്വന്തം നിലയിൽ പേര് ചേർക്കാനുള്ള ഫോം ആണ് ഫോം 6. ഇതുവഴി, അർഹരായവർക്ക് പേരും ജനനത്തീയതിയും അഡ്രസുമെല്ലാം നൽകി പട്ടികയിൽ ഇടം നേടാനാവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇസിഐനെറ്റ് പോർട്ടലിലുള്ള ഈ രേഖ ഇക്കഴിഞ്ഞ ജൂലൈയിൽ പരിഷ്കരിക്കുകയും കാര്യമാത്രപ്രസക്തമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.

ജെ, കെ എന്നീ സെക്ഷനുകൾക്കിടയിലുള്ള സമ്മതിദാന ഭാഗമാണ് ഫോമിലെ പ്രധാന മാറ്റം. ഇതിൽ വോട്ടർമാരുടെ മാതാപിതാക്കളുടെ പേരുൾപ്പടെ ചോദിക്കുന്ന ഭാഗം പുതുതായി കൂട്ടിച്ചേർത്തതാണ്. അവസാനമായി നടന്ന തീവ്ര വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ അപേക്ഷകന്റെയോ അവരുടെ മാതാപിതാക്കളുടെയോ വിവരങ്ങളാണ് ഈ ഭാഗത്ത് ചോദിച്ചിരുന്നത്. ഇതിൽ തന്നെ മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ട വിധമായിരുന്നു ചോദ്യം.

2000ൽ നടന്ന പട്ടിക പരിഷ്കരണത്തിൽ സ്വന്തം പേരുണ്ടായിരുന്നോ, മാതാപിതാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും പേരുണ്ടായിരുന്നോ, ആരുടെയും പേരുണ്ടായിരുന്നില്ല എന്നിങ്ങനെയാണ് ഓപ്ഷനുകൾ ഉണ്ടായിരുന്നത്. ഇതിൽ ഉത്തരം രേഖപ്പെടുത്താതെ അടുത്ത ഭാഗത്തേക്ക് പോകാനാവാത്ത വിധമായിരുന്നു ഫോം ക്രമീകരിച്ചിരുന്നതും. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവേക് ജോഷി മേയിൽ തന്നെ പ്രൊപ്പോസൽ സമർപ്പിക്കുകയും സുഖ്ബിർ സന്ധു പ്രൊപ്പോസലിൽ യോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തെങ്കിലും ഗ്യാനേഷ് കുമാറിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായില്ല. പിന്നാലെ ജൂലൈയിൽ കമ്മിഷൻ പോർട്ടലിൽ പ്രത്യക്ഷപ്പെട്ട ഫോമിൽ പുതിയ ഭാഗം ഉൾപ്പെടുകയും ചെയ്തു.

ഫോം 6 കൂടാതെ, വിവിധ സംസ്ഥാനങ്ങളിലായി വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കുന്നതിലും രണ്ട് കമ്മിഷണർമാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഈ വിയോജിപ്പുകളൊന്നും കണക്കിലെടുക്കാതെ സ്വന്തം തീരുമാനങ്ങളിലുറച്ച് മുന്നോട്ട് പോവുകയായിരുന്നു ഗ്യാനേഷ് കുമാർ.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, പ്രത്യേകിച്ച് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പോലെ സെൻസിറ്റീവായ വിഷയങ്ങളിൽ ഐകകണ്ഠേനയുള്ള തീരുമാനങ്ങളേ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടാകാവൂ എന്ന സുപ്രിം കോടതിയുടെ നിർദേശം പോലും ഗ്യാനേഷ് കുമാർ വകവെച്ചില്ല എന്നാണ് റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. സുപ്രധാന വിഷയങ്ങളിൽ ഭൂരിഭാഗത്തിന്റെ അഭിപ്രായം നടപ്പിലാക്കണമെന്നും കമ്മിഷന് സുപ്രിം കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം റിപ്പോർട്ട് പുറത്തെത്തിയതോടെ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. കമ്മിഷന്റെ തീരുമാനങ്ങളെല്ലാം ഐകകണ്ഠേന കൈക്കൊള്ളുന്നതാണെന്നാണ് പ്രതികരണം. രാജ്യവ്യാപകമായി നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട്, ചില വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതടക്കമുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, അന്തിമ തീരുമാനങ്ങൾ ഏകോപനത്തോടെയാണ് കൈക്കൊണ്ടതെന്നാണ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Several controversies have already emerged over the revision of the voter list. Now, another controversy is brewing over the issue. A report has revealed that the Chief Election Commissioner has been taking decisions on his own regarding the SIR. The Indian Express reports that two Election Commissioners formally recorded their dissent 14 times over a period of 10 months in protest against the panel’s actions. The report points to deep divisions within the Election Commission itself over the voter list.