India

ഒഴിയുമോ ഊർജ പ്രതിസന്ധി? കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഇന്ത്യൻ എണ്ണക്കമ്പനി

ഭൂഗർഭശാസ്ത്രപരമായി 'മത്സ്യപുരി ഫോർമേഷൻ' എന്ന് വിളിക്കുന്ന ഒരു പ്രത്യേക ശിലാപാളിയിലാണ് ശേഖരം

Madism Desk

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി കനക്കുന്നതിനിടെ ആശ്വാസമായി ഇന്ത്യൻ എണ്ണക്കമ്പനിയുടെ പ്രഖ്യാപനം. കിഴക്കൻ തീരമായ കൃഷ്ണ-ഗോദാവരി തടത്തിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായാണ് ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് അറിയിക്കുന്നത്. ഭൂഗർഭശാസ്ത്രപരമായി മത്സ്യപുരി ഫോർമേഷൻ എന്ന് വിളിക്കുന്ന ഒരു പ്രത്യേക ശിലാപാളിയിലാണ് ശേഖരം. കണ്ടെത്തൽ ഇന്ത്യയുടെ ഊർജ മേഖലയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.

ഡിസ്കവേർഡ് സ്മോൾ ഫീൽഡ് (DSF) ബ്ലോക്കിൽ കെ.ജി ബേസിനിലെ തീരത്തോടടുത്തുള്ള ആഴം കുറഞ്ഞ കടൽപ്രദേശത്ത് കുഴിച്ച 'ഗോദാവരി-1' എന്ന അപ്പ്രൈസൽ കിണറിലാണ് ശേഖരം കണ്ടെത്തിയത്. പ്രതിദിനം പരമാവധി രണ്ട് ലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എസ്‍സിഎംഡി) വരെ വാതക പ്രവാഹം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 14.2 കിലോഗ്രാം തൂക്കമുള്ള 14,000 ഗ്യാസ് സിലിണ്ടറുകൾ നിറയ്ക്കാൻ ആവശ്യമായ പ്രകൃതി വാതകമാണ് ഇതെന്നാണ് ഏകദേശ കണക്ക്. എന്നിരുന്നാലും ശേഖരത്തിന്റെ കൃത്യമായ കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

DSF ലേലത്തിൽ ഈ ബ്ലോക്കിന്റെ പൂർണ്ണ നടത്തിപ്പ് അവകാശം ഓയിൽ ഇന്ത്യ ലിമിറ്റഡിന് ലഭിച്ചിരുന്നു. അതായത് ഈ ബ്ലോക്കിന്റെ 100 ശതമാനം ഉടമസ്ഥതയും ഓയിൽ ഇന്ത്യ ലിമിറ്റഡിനാണ്. അതുകൊണ്ടു തന്നെ ഇവിടെയുള്ള വാതകശേഖരത്തിലും ഇന്ത്യയ്ക്കാവും പൂർണ അവകാശം. കേന്ദ്ര സർക്കാരിന്റെ 'ഡിസ്കവേർഡ് സ്മോൾ ഫീൽഡ്' നയപ്രകാരം അനുവദിച്ച ബ്ളോക്കായതിനാൽ, കസ്റ്റംസ് ഡ്യൂട്ടി ഇളവുകൾ, നികുതി ആനുകൂല്യങ്ങൾ, സ്വന്തമായി വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ഓയിൽ ഇന്ത്യക്ക് ലഭിക്കും

2,024 മുതൽ 2,027 മീറ്റർ വരെ ആഴത്തിലുള്ള ഒരു പേ സോണിൽ ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് കമ്പനി അറിയിക്കുന്നത്. ഇതാദ്യമായാണ് ഇവിടെ പര്യവേഷണം നടത്തുന്നത്. ഒക്ടോബർ 16 മുതൽ നടന്ന പര്യവേഷണത്തിൽ ഈ ബ്ളോക്കിനെ 64.55 കിലോമീറ്റർ വിസ്തൃതിയുള്ള കിഴക്കൻ മേഖല, 29.36 ചതുരശ്ര കിലോമീറ്റർ വരുന്ന പടിഞ്ഞാറൻ മേഖല എന്നിങ്ങനെ വിഭജിച്ചാണ് ഓയിൽ ഇന്ത്യ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.

കൃഷ്ണ-ഗോദാവരി തടം, രാജ്യത്ത് പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണത്തിനായുള്ള പ്രധാന അവസാദ തടങ്ങളിൽ ഒന്നാണ്. കരയിലും കടലിലുമായി നിരവധി ഹൈഡ്രോകാർബൺ സ്പോട്ടുകൾ ഇവിടെയുണ്ട്. കൂടാതെ ആഭ്യന്തര ഊർജ്ജ ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രദേശമാണിത്.

ഒഡീഷ തീരത്തുള്ള മഹാനദി ഓഫ്‌ഷോർ ബേസിനിലെ ആഴക്കടൽ പര്യവേക്ഷണ കിണറിൽ പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തിയതായി സെപ്റ്റംബറിൽ ONGC റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായ രീതിയിൽ, ജൂണിൽ അൻഡമാൻ ഓഫ്‌ഷോർ ബേസിനിലെ തന്റെ മൂന്നാമത്തെ പര്യവേക്ഷണ കിണറായ 'വിജയപുരം-3'-ൽ പ്രകൃതിവാതകം കണ്ടെത്തിയതായി ഓയിൽ ഇന്ത്യയും റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ എണ്ണ-വാതക ആവശ്യങ്ങൾക്കായി ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയിൽ, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെയാണ് ഈ സംഭവവികാസങ്ങൾ എടുത്തുകാട്ടുന്നത്. വാണിജ്യപരമായി വികസിപ്പിക്കാൻ കഴിയുന്ന കണ്ടെത്തലുകൾക്ക് ആഭ്യന്തര വിതരണം വർദ്ധിപ്പിക്കാനും വിദേശ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും.

രാജ്യത്തെ ആഴക്കടൽ, അതിഗാഭമായ ആഴക്കടൽ പര്യവേക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി, 2030-31 വരെയുള്ള കാലയളവിലേക്ക് 84,084 കോടി രൂപ വിഹിതവുമായി സർക്കാർ 'സമുദ്ര മന്ഥൻ' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വൻതോതിലുള്ള സീസ്മിക് സർവേകൾ, 60 ആഴക്കടൽ-അതിഗാഭമായ ആഴക്കടൽ പര്യവേക്ഷണ കിണറുകളുടെ നിർമ്മാണം, പങ്കിട്ട ഓഫ്‌ഷോർ ഉൽപ്പാദന അടിസ്ഥാന സൗകര്യങ്ങൾ, ആഭ്യന്തര എണ്ണ-വാതക നിർമ്മാണ സേവനങ്ങളുടെ വികസനം എന്നിവയ്ക്കുള്ള സാമ്പത്തിക പിന്തുണ ഈ പദ്ധതിയിലൂടെ നൽകുന്നു.

Amid a worsening energy crisis triggered by the West Asian conflict, an announcement by an Indian oil company has brought some relief. State-owned Oil India Limited has announced the discovery of a large natural gas reserve in the Krishna-Godavari Basin off India’s eastern coast. The reserve lies in a specific rock layer known geologically as the Matsyapuri Formation. The discovery is expected to provide a major boost to India’s energy sector.