രാജ്യത്ത് ഭക്ഷ്യസുരക്ഷയും ഊര്‍ജ്ജ ആവശ്യകതയും തമ്മിലുള്ള സന്തുലനം വീണ്ടും കടുത്ത ആശങ്കയിലേക്ക് നീങ്ങുകയാണ്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന ഇ20 പദ്ധതി ലക്ഷ്യമിട്ട് എണ്ണ വിപണന കമ്പനികള്‍ അവതരിപ്പിച്ച ഏറ്റവും പുതിയ ടെന്‍ഡര്‍, കാര്‍ഷിക-വ്യവസായ മേഖലകളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. എഥനോള്‍ ഉല്‍പ്പാദനത്തിനായി മിച്ച അരിയും ചോളവും വന്‍തോതില്‍ വഴിതിരിച്ചുവിടുന്നത് സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അരി ക്ഷാമത്തിനിടയിലും വിചിത്ര നീക്കവുമായി കേന്ദ്രം
രാജ്യത്ത് അരിയുടെ ഉല്‍പ്പാദനം ഈ വര്‍ഷം കുറഞ്ഞേക്കുമെന്ന കണക്കുകള്‍ പുറത്തുവരുമ്പോഴും കൂടുതല്‍ അരി എഥനോള്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പൊതുവിതരണത്തിനായി നല്കുന്ന റേഷന്‍ അരിയിലെ അടക്കം നുറുക്കരിയുടെ സാന്നിധ്യം 16 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്ക് കുറയ്ക്കാനും മില്ലുകളില്‍ നിന്നുള്ള നുറുക്കരി എഥനോള്‍ നിര്‍മ്മാണത്തിനായി ശേഖരിക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അരിയുടെ ഗുണനിലവാരം കൂട്ടാനാണ് ഈ മാറ്റമെന്ന് പൊതുവിതരണ മന്ത്രാലയം വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഫലമായി പൊതുവിതരണത്തിനായുള്ള അരിയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായേക്കും. സംസ്ഥാനത്ത് സപ്ലൈകോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇതിനകം തന്നെ 42 അരിമില്ലുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. നിലവില്‍ സ്റ്റോക്ക് വിവരങ്ങള്‍ എല്ലാ ആഴ്ചയും വെളിപ്പെടുത്താന്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പൊന്നി അരിക്ക് കിലോയ്ക്ക് 20 രൂപ വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം വന്നിരിക്കുന്നത്.
കുതിച്ചുയരുന്ന ചോള ഡിമാന്‍ഡും പൗള്‍ട്രി മേഖലയിലെ ആശങ്കയും
വരള്‍ച്ച കാരണം കരിമ്പ് ഉല്‍പ്പാദനം കുറഞ്ഞതും കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയുടെ ഉപയോഗത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് എഥനോള്‍ നിര്‍മ്മാതാക്കളെ ചോളത്തിലേക്കും മറ്റ് ഭക്ഷ്യധാന്യങ്ങളിലേക്കും തിരിയാന്‍ പ്രേരിപ്പിച്ചത്. കൂടാതെ എഫ്.സി.ഐ വഴി നല്കുന്ന മിച്ച അരിക്ക് 7.2 ദശലക്ഷം ടണ്‍ എന്ന പരിധി വെച്ചതും ചോളത്തിന്റെ ആവശ്യകത കൂട്ടി. 2026-27 എഥനോള്‍ സപ്ലൈ വര്‍ഷത്തിലേക്ക് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടത് 1,100 കോടി ലിറ്റര്‍ എഥനോള്‍ ആണ്. എന്നാല്‍ ഉല്‍പ്പാദന കമ്പനികള്‍ 1,935 കോടി ലിറ്റര്‍ എഥനോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ 59 ശതമാനവും ചോളത്തില്‍ നിന്നുള്ള എഥനോളാണ്. കഴിഞ്ഞ വര്‍ഷം ഇത് 45 ശതമാനം മാത്രമായിരുന്നു.
എന്നാല്‍, എഥനോളിനായി ചോളം വന്‍തോതില്‍ വഴിതിരിച്ചുവിടുന്നത് മൃഗസംരക്ഷണ മേഖലയ്ക്ക്, പ്രത്യേകിച്ച് പൗള്‍ട്രി വ്യവസായത്തിന് വലിയ പ്രഹരമാകും. കോഴിത്തീറ്റയുടെ 60 ശതമാനവും ചോളമാണ്. ഖരീഫ് സീസണിലെ ഉല്‍പ്പാദനം 15 ശതമാനത്തോളം കുറയുമെന്ന പ്രവചനവും ചോളത്തിന്റെ വിപണി വില ഇതിനകം ഇരട്ടിയാക്കി മാറ്റിയിട്ടുണ്ട്. ചോള എഥനോളിന് സര്‍ക്കാര്‍ ലിറ്ററിന് മൂന്നു രൂപ നിരക്കില്‍ വില കുറച്ചിട്ടും നിര്‍മ്മാതാക്കള്‍ ചോളത്തെത്തന്നെ പ്രധാന അസംസ്കൃത വസ്തുവായി തിരഞ്ഞെടുക്കുകയാണുണ്ടായത്. ചോളത്തിന്റെ ദൗര്‍ലഭ്യം കോഴിയിറച്ചി, മുട്ട എന്നിവയുടെ ഉല്‍പ്പാദനച്ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കും.
ഒരു വശത്ത് ഇന്ധന ബ്ലെന്‍ഡിംഗ് വര്‍ദ്ധിപ്പിച്ച് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യവും മറു വശത്ത് സാധാരണക്കാരന്റെ അരി, മുട്ട, കോഴിയിറച്ചി എന്നിവയുടെ വിലക്കയറ്റവും രൂക്ഷമാകുമെന്ന ആശങ്കയുമാണ് നിലനില്‍ക്കുന്നത്. കമ്പനികള്‍ നല്കിയ ഉയര്‍ന്ന ഓഫര്‍ സംഖ്യകളെ മാത്രം അടിസ്ഥാനമാക്കി അന്തിമ നിഗമനങ്ങളില്‍ എത്താന്‍ സാധിക്കില്ല. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം തുടര്‍ന്നാല്‍ ഭാവിയില്‍ എഥനോള്‍ ബ്ലെന്‍ഡിംഗ് ലക്ഷ്യങ്ങളില്‍ സര്‍ക്കാറിന് പുനര്‍ചിന്തനം നടത്തേണ്ടി വന്നേക്കാം.
India’s ethanol blending policy is raising concerns about a potential conflict between food security and energy security. As the government pushes ahead with its target of blending 20% ethanol with petrol (E20), oil marketing companies have received substantial offers from producers using food grains, particularly rice and maize, as raw materials. The government’s decision to reduce the broken rice content in rice supplied through the Public Distribution System (PDS) from 16% to 5% could divert more broken rice towards ethanol production, potentially affecting food grain availability. Meanwhile, rising demand for maize from ethanol manufacturers is creating additional pressure on the poultry industry, which depends on maize for around 60% of its feed requirements.