പഞ്ചാബിലെയും ഹരിയാനയിലെയും പാടശേഖരങ്ങള്‍ വീണ്ടും വിത്തുപാകാന്‍ ഒരുങ്ങുമ്പോള്‍, ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ ഹൃദയഭൂമിയില്‍ വീണ്ടും പ്രതിഷേധത്തിന്റെ കനലുകള്‍ എരിയുകയാണ്. ഖരീഫ് സീസണിന്റെ തുടക്കത്തില്‍ത്തന്നെ യൂറിയ, ഡി.എ.പി (ഡയഅമോണിയം ഫോസ്‌ഫേറ്റ്) വളങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ മാത്രം 74 കേന്ദ്രങ്ങളിലാണ് വന്‍ പ്രതിഷേധം അരങ്ങേറിയത്. കേന്ദ്ര രാസവസ്തു-വളം മന്ത്രി ജെ.പി. നദ്ദയ്ക്ക് പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സര്‍ദാര്‍ കേവല്‍ സിങ് ധില്ലന്‍ അടിയന്തരമായി കത്തയച്ചതും സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള നെല്‍കൃഷി സമയത്ത് (ഖരീഫ് സീസണ്‍) യൂറിയയുടെ ആവശ്യകത കുത്തനെ ഉയരുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ള വളം മുഴുവന്‍ ഒന്നിച്ച് നല്‍കുന്നതിന് പകരം, കേന്ദ്ര സര്‍ക്കാര്‍ ഇത് ഘട്ടംഘട്ടമായാണ് അനുവദിക്കുന്നത്
എന്തുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ സീസണില്‍ പഞ്ചാബില്‍ വളപ്രതിസന്ധിയും കര്‍ഷക പ്രക്ഷോഭങ്ങളും ആവര്‍ത്തിക്കുന്നത്? ഇത്തവണത്തെ പ്രതിസന്ധിക്ക് പിന്നിലെ ആഗോള ഭൗമരാഷ്ട്രീയ ഘടകങ്ങളും ആഭ്യന്തര രാഷ്ട്രീയ പോരുകളും എന്താണ്?
പഞ്ചാബിലെ വളത്തിന്റെ ആവശ്യകത കൃത്യമായ ചില സീസണുകളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രധാന വെല്ലുവിളി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ഗോതമ്പ് കൃഷി സമയത്താണ് (റബി സീസണ്‍) ഡി.എ.പി വളത്തിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകുന്നത്. എന്നാല്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള നെല്‍കൃഷി സമയത്ത് (ഖരീഫ് സീസണ്‍) യൂറിയയുടെ ആവശ്യകത കുത്തനെ ഉയരുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ള വളം മുഴുവന്‍ ഒന്നിച്ച് നല്‍കുന്നതിന് പകരം, കേന്ദ്ര സര്‍ക്കാര്‍ ഇത് ഘട്ടംഘട്ടമായാണ് അനുവദിക്കുന്നത്.
കേന്ദ്രം വിഹിതം നിശ്ചയിച്ച് സംസ്ഥാനങ്ങള്‍ക്കു നല്‍കുമ്പോള്‍, അത് പലപ്പോഴും പ്രാദേശികമായ ആവശ്യകതയുമായി പൊരുത്തപ്പെടാറില്ല. വിതരണത്തിലുണ്ടാകുന്ന ചെറിയൊരു താമസം പോലും കര്‍ഷകരുടെ നീണ്ട ക്യൂവിനും പരിഭ്രാന്തി പരത്തുന്ന വാങ്ങലുകള്‍ക്കും കാരണമാകുന്നു. ഇതിനു പുറമെ ഡീലര്‍മാര്‍ വളം പൂഴ്ത്തിവെക്കുന്നതായും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നുണ്ട്.
ഇത്തവണത്തെ വളപ്രതിസന്ധിക്ക് പിന്നില്‍ ഒരു ആഗോള രാഷ്ട്രീയ ഘടകമുണ്ട്തുടര്‍ച്ചയായി നീളുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം. ഇന്ത്യ തങ്ങളുടെ ഫോസ്‌ഫേറ്റിക് വളങ്ങള്‍ക്കും അതിന്റെ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ക്കും വന്‍തോതില്‍ ആശ്രയിക്കുന്നത് ഗള്‍ഫ് മേഖലയെയാണ്.
2024-25 കാലയളവില്‍ ഇന്ത്യയുടെ യൂറിയ ഇറക്കുമതിയുടെ ഏകദേശം 75 ശതമാനവും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍നിന്നായിരുന്നു. ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ഇന്ത്യയുടെ പ്രധാന ഡി.എ.പി ഇറക്കുമതി സ്രോതസ്സും സൗദി അറേബ്യയാണ്. എന്നാല്‍ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ യൂറിയയുടെയും ഡി.എ.പി-യുടെയും വില കുത്തനെ ഉയര്‍ന്നു. ആഗോള വിപണിയിലെ ഈ വിലക്കയറ്റം കാരണം വളം സബ്സിഡി ബാധ്യത 1.7 ലക്ഷം കോടി രൂപ എന്ന ബജറ്റ് കണക്കില്‍നിന്ന് ഏകദേശം 100 ശതമാനം വര്‍ദ്ധിച്ച് 3.4 ലക്ഷം കോടി രൂപയായി ഉയര്‍ന്നേക്കുമെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും വിതരണം തടസ്സമില്ലാതെ തുടരുമെന്നാണ് കേന്ദ്ര നിലപാട്.
ഈ ഖരീഫ് സീസണില്‍ പഞ്ചാബില്‍ 30 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് നെല്‍കൃഷി ഇറക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി 16 ലക്ഷം മെട്രിക് ടണ്‍ യൂറിയ ആവശ്യമാണ്. ഇതിന് പുറമെ രണ്ട് ലക്ഷം മെട്രിക് ടണ്‍ ഡി.എ.പി-യും വേണം. പഞ്ചാബ് കൃഷിമന്ത്രിഗുര്‍മീത് സിങ് ഖുഡിയാന്റെ വാക്കുകളില്‍: ''ആദ്യഘട്ടങ്ങളില്‍ 3.75 ലക്ഷം മെട്രിക് ടണ്‍, പിന്നീട് 4.5 ലക്ഷം മെട്രിക് ടണ്‍ എന്നിങ്ങനെ കേന്ദ്രത്തില്‍നിന്നു നിലവില്‍ 11 ലക്ഷത്തിലധികം മെട്രിക് ടണ്‍ യൂറിയ പഞ്ചാബിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബിലേക്കുള്ള വിതരണം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതില്‍ സംശയമില്ല, എങ്കിലും നിലവിലെ സാഹചര്യം തൃപ്തികരമാണ്. ബാക്കി വിഹിതവും ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.''
ക്ഷാമത്തിനു പുറമെ ഡീലര്‍മാര്‍ നടത്തുന്ന അന്യായമായ കച്ചവട രീതികളും കര്‍ഷകരെ ദുരിതത്തിലാക്കുന്നു. രണ്ട് ബാഗ് യൂറിയയോ ഡി.എ.പി-യോ വേണമെങ്കില്‍ അതിനൊപ്പം ഒരു കുപ്പി 'നാനോ യൂറിയ' അല്ലെങ്കില്‍ ബയോ-സ്റ്റിമുലന്റുകള്‍ നിര്‍ബന്ധമായും വാങ്ങണമെന്ന് ഡീലര്‍മാര്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നു. ഇത് കര്‍ഷകര്‍ക്ക് വരുത്തുന്ന അധിക സാമ്പത്തിക ബാധ്യത വളരെ വലുതാണ്.
സബ്സിഡിയുള്ള ഒരു ബാഗ് (45 കിലോ) യൂറിയയുടെ വില 267 രൂപയാണ്. സബ്സിഡിയുള്ള ഒരു ബാഗ് (50 കിലോ) ഡി.എ.പി-യുടെ വില 1,350 രൂപയുമാണ്. എന്നാല്‍ നിര്‍ബന്ധിതമായി വാങ്ങേണ്ടി വരുന്ന 400 മില്ലി നാനോ യൂറിയ കുപ്പിയുടെ വില 225 മുതല്‍ 250 രൂപ വരെയാണ്. ഒരു ഏക്കറിന് സാധാരണയായി മൂന്ന് ബാഗ് യൂറിയ ആവശ്യമായി വരുമ്പോള്‍, ഈ നിര്‍ബന്ധിത ബണ്ട്ലിങ് കാരണം കര്‍ഷകന്റെ കൃഷിച്ചെലവ് വന്‍തോതില്‍ ഉയരുന്നു.
വളപ്രതിസന്ധിയില്‍ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്തുമ്പോൾ കേന്ദ്ര നയങ്ങളെ പ്രതിരോധിക്കുകയാണ് പഞ്ചാബ് മുന്‍ ബി.ജെ.പി അധ്യക്ഷന്‍ സുനില്‍ ജാഖര്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കണക്കുകളാണ് അദ്ദേഹം നിരത്തുന്നത്. ഈ വര്‍ഷം മാത്രം പഞ്ചാബിലെ കര്‍ഷകര്‍ക്ക് വളം സബ്സിഡിയായി 32,000 കോടി രൂപ ലഭിക്കുമെന്നും അതായത്, ഒരു നെല്‍-ഗോതമ്പ് കര്‍ഷകന് ഒരേക്കറില്‍ ഏകദേശം 42,000 രൂപയുടെ വളം സബ്സിഡി കേന്ദ്രം ഉറപ്പാക്കുന്നുണ്ടെന്നാണ് ബി.ജെ.പിയുടെ വാദം.
കേന്ദ്ര കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് വളത്തിന്റെ സ്റ്റോക്ക് സുരക്ഷിതമാണ്. രാജ്യത്താകെ ഖരീഫ് സീസണിലേക്ക് 383.9 ലക്ഷം മെട്രിക് ടണ്‍ വളമാണ് ആവശ്യം കണക്കാക്കിയിരിക്കുന്നത്. ജൂണ്‍ 8 വരെയുള്ള കണക്കനുസരിച്ച് 197.56 ലക്ഷം മെട്രിക് ടണ്‍ (ആവശ്യകതയുടെ 51 ശതമാനത്തിലധികം) സ്റ്റോക്ക് ലഭ്യമാണ്. സാധാരണ ഈ സമയത്ത് ഉണ്ടാകാറുള്ള 33 ശതമാനം സ്റ്റോക്കിനേക്കാള്‍ കൂടുതലാണിത്. ജൂണ്‍ 7 വരെ കര്‍ഷകര്‍ 86.65 ലക്ഷം മെട്രിക് ടണ്‍ രാസവളം വാങ്ങിക്കഴിഞ്ഞതായും കേന്ദ്രം വ്യക്തമാക്കുന്നു.
എന്നാല്‍ ഈ ഔദ്യോഗിക കണക്കുകള്‍ കര്‍ഷക സംഘടനകള്‍ പൂര്‍ണമായി തള്ളുന്നു. പൂര്‍ണതോതിലുള്ള നെല്‍വിത്ത് പാകല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാനിരിക്കെ, വിതരണം കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും കിസാന്‍ മസ്ദൂര്‍ മോര്‍ച്ച കോര്‍ഡിനേറ്റര്‍ സര്‍വന്‍ സിങ് പന്ഥേര്‍ മുന്നറിയിപ്പ് നല്‍കുന്നു. സബ്സിഡിയുടെ കണക്കുകള്‍ക്കപ്പുറം കൃത്യസമയത്ത് വളം കിട്ടാത്തതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്.
English Summary: Fresh unrest is brewing in India's agricultural heartland as farmers across five states protest a severe shortage of urea and DAP (Diammonium Phosphate) fertilizers at the start of the Kharif sowing season. In Punjab alone, the Kisan Mazdoor Morcha organized large-scale demonstrations at 74 locations, alleging that the fertilizer shortage is disrupting farming activities and threatening crop production. Highlighting the seriousness of the situation, Punjab BJP president Sardar Kewal Singh Dhillon has written an urgent letter to Union Chemicals and Fertilizers Minister J. P. Nadda seeking immediate intervention.